നീതിക്കായുള്ള പോരാട്ടം ഇന്ത്യയില്‍ വിജനമായൊരു ഒറ്റയടിപ്പാതയാണ്
Gujarat riots
നീതിക്കായുള്ള പോരാട്ടം ഇന്ത്യയില്‍ വിജനമായൊരു ഒറ്റയടിപ്പാതയാണ്
നിഷ്‌റീൻ ജാഫ്രി ഹുസൈൻ
Wednesday, 12th September 2018, 12:23 pm

പ്രിയ ശ്വേതാ സഞ്ജീവ് ഭട്ട്,

ഇന്ത്യയില്‍ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമെന്നാല്‍ നീണ്ടതും ഏകാന്തവുമായ യുദ്ധമാണ് – ഒരഭിമുഖത്തില്‍ ടീസ്റ്റ സെറ്റല്‍വാദ് ഇത് പറഞ്ഞുകേട്ടപ്പോള്‍ ദിവസങ്ങളോളം ഞാനാ വാക്യം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ആ ഏകാന്തത ഞാന്‍ അനുഭവിച്ചറിഞ്ഞതാണെങ്കിലും എങ്ങനെ പ്രകാശിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. ഇതിനകം അറിഞ്ഞതല്ലെങ്കില്‍ നിങ്ങളറിയണം, എത്രമേല്‍ വിജനമായ പാതയാണ് നിങ്ങളുടെ ഭര്‍ത്താവ് തെരഞ്ഞെടുത്തത് എന്ന്. എത്രമേല്‍ ദീര്‍ഘവും ഏകാന്തവും ദുഷ്‌ക്കരവുമായ പാതയാണ് നിങ്ങളെയും കുട്ടികളെയും കുടുംബത്തെയും കാത്തിരിക്കുന്നത് എന്ന്.

എന്റെ ഉമ്മക്ക് 23 വയസ്സുള്ളപ്പോഴാണ് അവര്‍ അഹമ്മദാബാദ് നഗരത്തിലേക്ക് താമസം മാറ്റുന്നത്. 2002 ഫെബ്രുവരിയി 28ന്റെ ആ കരാളരാത്രിയില്‍, തന്റെ അറുപതാം വയസ്സില്‍, രാവിലെ മുതല്‍ ഉടുത്തിരിക്കുന്ന സാരിയോടെ അവര്‍ വീടുവിട്ടിറങ്ങി. നാല്‍പത് വര്‍ഷത്തോളം നടന്ന അതേ തെരുവുകളില്‍ ഓരോ വീടിന്റെ വാതിലിലും അഭയത്തിനായി അവര്‍ മുട്ടിവിളിച്ചു. ഞങ്ങളുടെ വീടിരുന്ന ചമന്‍പുര മുതല്‍ ഗാന്ധിനഗര്‍ വരെ, ഒരൊറ്റ വാതിലും അവര്‍ക്കായി തുറക്കപ്പെട്ടില്ല; ആരുമാരും അവരെ സ്വീകരിക്കാനായി കൈകള്‍ നീട്ടിയില്ല. (നടന്നുനടന്നു പിറ്റേന്നാണ് അവര്‍ ഗാന്ധിനഗറില്‍ എത്തുന്നത്, അവരെ സ്വീകരിക്കാന്‍ ആകെ ഉണ്ടായിരുന്ന ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍).

നിഷ്റീന്‍ ജാഫ്രി ഹുസൈന്‍ പിതാവ് ഇഹ്‌സാന്‍ ജാഫ്രിക്കൊപ്പം

നിങ്ങള്‍ കരുതുന്നുണ്ടാകണം, എന്റെ നാട് എന്ന് എപ്പോഴും നിങ്ങള്‍ പറയുന്ന നഗരം, എന്റെ നാട്ടുകാര്‍ എന്ന് നിങ്ങള്‍ സംബോധന ചെയ്യുന്ന ആളുകള്‍ നിങ്ങള്‍ കടന്നുപോകുന്ന അവസ്ഥകളെപ്പറ്റി അനുതാപത്തോടെ നോക്കിയിരിക്കുന്നുണ്ടെന്ന്.

അഹമ്മദാബാദിലെ പൗരപ്രമുഖരും പിതാവിന്റെ ദീര്‍ഘകാല സുഹൃത്തുക്കളും ആയിരുന്നവരില്‍ ഒരാള്‍പോലും അവരെ അന്വേഷിച്ചെത്തിയില്ല – അവരില്‍ പലരും ഉമ്മയുടെ അടുക്കളയില്‍ വിളമ്പിക്കൊടുത്ത ബിരിയാണിയും ഇറച്ചിക്കറിയും ബാപ്പക്കൊപ്പം ഇരുന്ന് ആസ്വദിച്ച് കഴിച്ചവരാണ്! ബാപ്പ ഒന്നിച്ചു പ്രവര്‍ത്തിച്ച, തെരഞ്ഞെടുപ്പുകളില്‍ / കോടതിക്കേസുകളില്‍ ഒരുമിച്ചു പോരാടിയ, റാലികളിലും ധര്‍ണ്ണകളിലും ഒന്നിച്ചണിനിരന്ന, ഹോളിയും ഈദും ദീപാവലിയും ഒന്നിച്ചാഘോഷിച്ച, പലപല കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന അഹമ്മദാബാദിലെ ദശലക്ഷം വരുന്ന മനുഷ്യരില്‍ ആരും… ഗാന്ധിനഗറില്‍ അവരെ കണ്ടെത്തുകയും, ബാപ്പയുടെയും അദ്ദേഹത്തിന്റെ സമുദായത്തില്‍പ്പെട്ട നൂറുകണക്കിന് പേരുടെയും നിഷ്ഠുരമായ ഹത്യയെക്കുറിച്ചുള്ള വാര്‍ത്ത അതിനകം പരക്കുകയും ചെയ്തതിന് ശേഷം കൂടി അവരെത്തേടി വന്നില്ല.

നിങ്ങള്‍ കരുതുന്നുണ്ടാകണം, നിങ്ങളുടെ ഭര്‍ത്താവ് ഈ സംസ്ഥാനത്തും നഗരത്തിലുമാണ് സേവനം അനുഷ്ഠിച്ചത് എന്നത് കൊണ്ട്, നിങ്ങളുടെ ഭര്‍ത്താവിന്റെ വിദ്യാഭ്യാസവും സേവനവും രാജ്യസേവനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നവും സത്യസന്ധതയും അര്‍പ്പണവുമെല്ലാം ഇവിടെ പരിഗണിക്കപ്പെടും; അങ്ങനെ ഈ ജനം നിങ്ങളുടെ പോരാട്ടത്തില്‍ ഒന്നിച്ചണിനിരക്കും എന്ന്…

ശ്വേതാ സഞ്ജീവ് ഭട്ട്

ഒരു മുന്‍ പാര്‍ലമെന്റ് അംഗവും കൂടെ 169 പേരും അത്രമേല്‍ ക്രൂരമായി ചുട്ടെരിക്കപ്പെടുക എന്ന ഭീതിദമായ കൃത്യം കാനഡയിലായിരുന്നു നടന്നതെങ്കില്‍, ജസ്റ്റിന്‍ ട്രൂഡോയും തന്റെ മന്ത്രിസഭ മൊത്തവും പാര്‍ലമെന്റ് അടച്ചുപൂട്ടി അതിലെ ഓരോ ഇരയേയും സഹായിക്കാനായി അണിനിരന്നേനെ. മിക്കവാറും വലിയ വ്യാപാരസ്ഥാപങ്ങനള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും സമീപപ്രദേശങ്ങളിലും വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുമുള്ള പണി തുടങ്ങിയേനെ. അന്നുമിന്നും രാജ്യത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ബിസിനസ്സ് ഐക്കണുകളെ എടുത്താല്‍ അവര്‍ മൂന്നും ഗുജറാത്തില്‍ നിന്നുള്ളവര്‍ ആയിരിക്കും. എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന അവരുടെ കുടുംബങ്ങളിലെ സ്ത്രീജനങ്ങള്‍ പോലും ഇരകളെ സഹായിക്കാന്‍ എത്തുകയോ സമ്പന്നരും പ്രശസ്തരുമായ മറ്റു വനിതകളുമായി ചേര്‍ന്ന് ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ശ്രമം പോലും നടത്തിയില്ലെന്നതാണ് നേര്.

നിങ്ങള്‍ കരുതുന്നുണ്ടാകണം, സാരി ഉടുക്കുന്നത് കൊണ്ടും നെറ്റിയില്‍ മനോഹരമായി പൊട്ടണിയുന്നത് കൊണ്ടും നിങ്ങളെ അവര്‍ മനുഷ്യനായി പരിഗണിക്കും; അമ്മ, ഭാര്യ, മകള്‍ എന്നീ നിലകളില്‍ നിങ്ങള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കും; അങ്ങനെ നിങ്ങളുടെ പോരാട്ടത്തില്‍ അവരും പങ്കുചേരും എന്ന്…

ദശലക്ഷക്കണക്കായ ഇന്ത്യന്‍ സ്ത്രീകള്‍ അതിരാവിലെ ഉണര്‍ന്നെണീറ്റ് നഗരങ്ങളിലോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള ഏതെങ്കിലുമൊരു ആരാധനാലയത്തില്‍ പോകുന്നത് പതിവാണ്. പക്ഷേ, ആരും ചിന്തിച്ചിരിക്കില്ല അന്നേദിവസം അവര്‍ ഒരുമിച്ചു പങ്കുവയ്ക്കുന്ന നഗരത്തില്‍ ഒരു സമുദായം മുഴുക്കെ, ഒന്നിരിക്കാനോ കുഞ്ഞുങ്ങള്‍ക്കോ വൃദ്ധരായ അവരുടെ മാതാപിതാക്കള്‍ക്കോ ഒന്ന് തലചായ്ക്കാനോ അല്‍പം സ്ഥലം അന്വേഷിച്ച് തെരുവുകളില്‍ അലയുന്ന അവസ്ഥ വരുമെന്ന്.

സാകിയ ജാഫ്രി, ടീസ്റ്റ സെതല്‍വാദ് (ഗുല്‍ബര്‍ഗ് സൊസൈറ്റി)

സ്വന്തം വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ട സമുദായത്തിലെ ഒരുവിഭാഗം പരിക്കേറ്റ അവരുടെ കുട്ടികളെയോ മാതാപിതാക്കളെയോ കൈകളിലേന്തി ദിവസങ്ങളോളമായി ഇട്ട അതേ ഉടുപ്പില്‍ തെരുവില്‍ അലയുമ്പോള്‍, മറ്റു ചിലര്‍ കുന്നുകൂട്ടിയ കത്തിക്കരിഞ്ഞ ദേഹങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരമുണ്ടോ എന്ന് തിരയുമ്പോള്‍, മറ്റുചിലര്‍ മുസ്ലിം ഏരിയകളില്‍ അഭയകേന്ദ്രമായി പരിവര്‍ത്തിക്കപ്പെട്ട സ്‌ക്കൂളുകളിലെ പരുത്ത നിലങ്ങളില്‍ ഇരുന്ന്, ഒരല്‍പം മയങ്ങാനായി ശ്രമിക്കുമ്പോള്‍, വേറെ ചിലര്‍ ഖബര്‍സ്ഥാന്റെ മൂലയില്‍ സ്ഥലം കണ്ടെത്താനും ക്രമീകരിക്കാനും ഓടിനടക്കുമ്പോള്‍, ഗുജറാത്തിലെ സ്‌ക്കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും വാണിജ്യസ്ഥാപനങ്ങളുമെല്ലാം പതിവ് പോലെ പ്രവര്‍ത്തിക്കുകയായിരുന്നു; അവയിലൊക്കെ ജോലി ചെയ്യുന്ന മുഴുവന്‍ വനിതകളും യാതൊന്നും സംഭവിക്കാത്തപോലെ ഹാജരുണ്ടായിരുന്നു.

നിങ്ങള്‍ കരുതുന്നുണ്ടാകണം, ഇപ്പറഞ്ഞ അതേ ജനം ഫാഷിസ്റ്റുകളുമായുള്ള പോരാട്ടത്തില്‍ ഭര്‍ത്താവ് ജയിലില്‍ അടക്കപ്പെട്ടിരിക്കെയുള്ള നിങ്ങളുടെ അവസ്ഥയില്‍ ആശങ്കാകുലര്‍ ആയിരിക്കുമെന്ന്!

സാകിയ ജാഫ്രി

മറ്റേതൊരു കാലത്തും രാജ്യത്തും ആയിരുന്നെങ്കില്‍, ഐപിഎസ് ഓഫീസര്‍മാര്‍ മാത്രമല്ല, ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ മാത്രവുമല്ല, ഇന്ത്യാരാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരരംഗത്തിറങ്ങി സഞ്ജീവ് ഭട്ടിനെതിരെയുള്ള ഈ പീഡനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടേനെ. ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇന്ത്യയിലാണ് സുഹൃത്തേ. ഇവിടെ നമ്മില്‍ വിദ്വേഷം ഊട്ടിയാണ് വളര്‍ത്തുന്നത്; അവ ജനങ്ങളെ വിഭജിക്കുക എന്ന ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചുകൊള്ളും. നമ്മെ കാത്തിരിക്കുന്ന ഏതെങ്കിലുമൊരു ദുരന്തം അനിവാര്യമാണ് എന്നാണെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് അതൊരു പ്രകൃതി ദുരന്തമായിരിക്കട്ടെ; മതപരമോ രാഷ്ട്രീയപരമോ ആയ വിദ്വേഷസൃഷ്ടിയായ ഒരു ദുരന്തം ആകാതിരിക്കട്ടെ എന്നാണ്. അത്തരം വിദ്വേഷത്തിന്റെ ഇരകള്‍ക്ക് മാത്രമേ ഈ പാത എത്രമേല്‍ വിജനമെന്ന് കൃത്യമായി തിരിച്ചറിയുകയുള്ളൂ.

എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും നിങ്ങള്‍ക്കും നിങ്ങളുടെ ദൃഢചിത്തനായ ഭര്‍ത്താവ് ശ്രീ. സഞ്ജീവ് ഭട്ട് സാറിനും ഒപ്പമുണ്ട്.

വിശ്വസ്തതയോടെ,
നിഷ്റീന്‍ ജാഫ്രി ഹുസൈന്‍.

…………………………………………………

പരിഭാഷ: ബച്ചൂ മാഹി