പങ്കാളിയായ വൃന്ദയെ പറ്റി സംസാരിക്കുകയാണ് നടന്‍ നിഷാന്ത് സാഗര്‍. ഏഴാം ക്ലാസില്‍ വെച്ചാണ് താന്‍ വൃന്ദയെ പ്രൊപ്പോസ് ചെയ്തതെന്നും 22 വയസില്‍ തന്നെ കല്യാണം കഴിച്ചെന്നും നിഷാന്ത് സാഗര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’22 വയസില്‍ തന്നെ എന്റെ കല്യാണം കഴിഞ്ഞിരുന്നു. അഞ്ചാം ക്ലാസ് തൊട്ടേ അറിയാം. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് പ്രൊപ്പോസ് ചെയ്യുന്നത് എന്ന് തോന്നുന്നു. ബീസ്റ്റ് ലൈക്ക് ഹണി, മാന്‍ ലൈക്ക് മണി, ബട്ട് ഐ ലൈക്ക് യു എന്നാണ് അവളോട് പറഞ്ഞത്. റോഡില്‍ കിടന്ന ഏതോ സിഗരറ്റിന്റെ കവറില്‍ കണ്ട വാചകമോ മറ്റോ ആയിരുന്നു അത്.

എപ്പോള്‍ വൃന്ദയെ കണ്ടാലും ഞാന്‍ പഴയ കാലത്തേക്ക് ടൈം ട്രാവല്‍ നടത്തും. അന്ന് കണ്ട ആളല്ലേ ഇത് എന്ന് ആലോചിക്കും. ആ ലഹരി എന്നും നിലനിര്‍ത്തും. അത് നിലനിര്‍ത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നതല്ല, ഓട്ടോമാറ്റിക്കലി അങ്ങനെയാണ്,’ നിഷാന്ത് പറഞ്ഞു.

ആര്‍.ഡി.എക്‌സാണ് ഒടുവില്‍ പുറത്ത് വന്ന നിഷാന്തിന്റെ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. 80 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Nishanth Sagar talks about his partner