കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ അജിത്ത്കുമാര്‍, വിനീഷ്, രജീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി.


കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ അജിത്ത്കുമാര്‍, വിനീഷ്, രജീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി.

മറ്റൊരു കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ഇരുപതിന് നിസാമിനെ ബംഗലൂരുവിലേക്ക് കൊണ്ട് പോയിരുന്നത് ഇവര്‍ മൂന്നു പേരുമായിരുന്നു. ഈ യാത്രക്കിടയിലാണ് താന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് നിസാം ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പിലിന് മൊഴി നല്‍കിയിരുന്നു.

നിസാം ഫോണ്‍ചെയ്തതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നിരുന്നത്. തന്റെ സഹോദരങ്ങള്‍ക്ക് നേരെ നിസാം ഭീഷണി മുഴക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരുന്നത്.

നിസാം ഫോണ്‍ ഉപയോഗിച്ചതില്‍ തെറ്റ് സംഭവിച്ചത് പോലീസിന്റെ ഭാഗത്താണെന്നും ജയില്‍ അധികൃതരില്‍ നിന്നല്ലെന്നും ഡി.ഐ.ജി നേരത്തേ പറഞ്ഞിരുന്നു.

ഫോണ്‍വിളി പുറത്തു വന്നതിനെ തുടര്‍ന്ന് നിസാമിനെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.