യുദ്ധത്തില്‍ ഇറാനാണ് ജയിച്ചതെന്ന് 92 ശതമാനം ഇസ്രഈലികളും കരുതുന്നതായി സര്‍വേ
World
യുദ്ധത്തില്‍ ഇറാനാണ് ജയിച്ചതെന്ന് 92 ശതമാനം ഇസ്രഈലികളും കരുതുന്നതായി സര്‍വേ
സിജൊ
Monday, 22nd June 2026, 12:15 pm

ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധവും തുടര്‍ന്നുള്ള യു.എസ് – ഇറാന്‍ കരാറും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് ഭൂരിപക്ഷം ഇസ്രഈലികളും കരുതുന്നതായി സര്‍വേ ഫലം. യുദ്ധത്തില്‍ ഇറാനാണ് ജയിച്ചതെന്ന് 92 ശതമാനം ഇസ്രഈലികളും കരുതുന്നതായി സര്‍വേ ഫലം വ്യക്തമാക്കുന്നു.

ഇറാനും യു.എസ് – ഇസ്രഈല്‍ സഖ്യവുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള പ്രതികരണം തേടി അഗാം ഇന്‍സ്റ്റിറ്റ്യൂട്ടും ജെറുസലേം ഹീബ്രു സര്‍വകലാശാലയും നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇറാനുമായുള്ള യുദ്ധം ഇസ്രഈലിനെ ദുര്‍ബലപ്പെടുത്തിയതായി സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേര്‍ കരുതുന്നു. 86 ശതമാനം പേരും യുദ്ധവും കരാറും ഇസ്രഈലിനെ പ്രതികൂലമായി ബാധിച്ചതായി കരുതുന്നു.

യുദ്ധത്തില്‍ ഇസ്രഈലിന് സുപ്രധാന നേട്ടങ്ങളുണ്ടായെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തെ വിശ്വസിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 72.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ 48 ശതമാനം പേര്‍ ലെബനനിലെ ഇസ്രഈല്‍ സൈനിക നടപടിയെ അനുകൂലിക്കുന്നു.

ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രഈലിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നോ ചില ലക്ഷ്യങ്ങള്‍ മാത്രമേ നേടാനായുള്ളൂ എന്നോ കരുതുന്നവരാണ് ഹീബ്രു സര്‍വകലാശാലയുടെ സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം പേര്‍. യുദ്ധത്തെ നെതന്യാഹു കൈകാര്യം ചെയ്തതില്‍ പരാജയം വന്നതായി 56 ശതമാനം പേര്‍ കരുതുന്നു.

ഈ മാസം 17നും 20നുമായിരുന്നു സര്‍വേ നടത്തിയത്. 17 വയസ്സിന് മുകളിലുള്ള 3644 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

ഇസ്രഈല്‍ സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുടെ നിലപാടുകളോട് സമാനമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും നിലപാട്. ഇറാനുമായുള്ള യുദ്ധത്തിന്റെ അവസാനം ഇസ്രഈലിന്റെ പ്രാദേശിക സ്വാധീനം ദുര്‍ബലപ്പെടുത്തുന്നു എന്നാണ് ഇസ്രഈല്‍ രാഷ്ട്രീയത്തിലെയും സൈന്യത്തിലെയും ഉന്നതരില്‍ പലരും അഭിപ്രായപ്പെട്ടത്.

ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാവി സംബന്ധിച്ചും യുദ്ധത്തെത്തുടര്‍ന്ന് അനിശ്ചിതത്വങ്ങളുയര്‍ന്നിരുന്നു. നെതന്യാഹുവിനോട് വിശ്വാസമില്ലെന്ന നിലപാട് ഇസ്രഈലികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായും വിലയിരുത്തപ്പെടുന്നു.

ഇസ്രഈല്‍ ആഗ്രഹിച്ച തരത്തിലല്ല യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളെന്ന് ഇസ്രഈലികള്‍ അഭിപ്രായപ്പെടുന്നുണ്ട്. യുദ്ധകാലത്ത് ഇറാന്‍ ഒരു നിര്‍ണായക ശക്തിയെന്ന നിലയില്‍ ഉയര്‍ന്നു വന്നതും ഇസ്രഈലിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

Content Highlight: Ninety-two percent of Israelis think Iran has won war, new poll finds