ബ്രസീല്‍ ആരാധകര്‍ക്ക് വീണ്ടും തിരിച്ചടി; രണ്ടാം അങ്കത്തിനും അവനില്ല!
Football
ബ്രസീല്‍ ആരാധകര്‍ക്ക് വീണ്ടും തിരിച്ചടി; രണ്ടാം അങ്കത്തിനും അവനില്ല!
ശ്രീരാഗ് പാറക്കല്‍
Thursday, 18th June 2026, 10:29 pm

രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ആരാധകര്‍ കാത്തിരുന്നത് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ വരവാണ്. എന്നാല്‍ ബ്രസീല്‍ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ രണ്ടാം മത്സരത്തില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലാഡല്‍ഫിയയില്‍ നിന്ന് ന്യൂ ജേഴ്‌സിയിലേക്ക് പോകുന്ന ടീമില്‍ നെയ്മര്‍ ഇല്ലെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നെയ്മര്‍ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും താരം പരിശീലനത്തിന് ഇറങ്ങിയ ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. എന്നിരുന്നാലും വരും മത്സരങ്ങളില്‍ ബ്രസീല്‍ വിജയിച്ച് നിര്‍ണായക ഘട്ടത്തില്‍ നെയ്മറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

സാന്റോസില്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ കളിക്കുന്നതിനിടയില്‍ പരിക്ക് പറ്റിയ നെയ്മറിന് തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ മൊറൊക്കോക്കെതിരെ താരം കളത്തിലിറിയില്ല.

2023ന് ശേഷം നെയ്മര്‍ ബ്രസീലിന് വേണ്ടി കളിച്ചിട്ടില്ല. ആ വര്‍ഷം മെയ് പകുതിയോടെ കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. താരത്തിന്റെ ഫിറ്റ്‌നസില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കാര്‍ലോ ആന്‍സലോട്ടി താരത്തെ അവസാന നിമിഷം ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം മൊറോക്കോക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ബ്രസീല്‍ സമനിലയില്‍ കുടുങ്ങിയിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ടീമിന്റെയും ഗോളുകള്‍ പിറന്നത്.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മൊറോക്കോയായിരുന്നു. ഇസ്മായില്‍ സൈബാരിയാണ് വല കുലുക്കിയത്. 21ാം മിനിട്ടില്‍ താരം കാനറിപടയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചത്. എന്നാല്‍, ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബ്രസീല്‍ തിരിച്ചടിച്ചു. 32ാം മിനിട്ടിലായിരുന്നു ടീമിന്റെ സമനില ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറാണ് ഗോള്‍ വേട്ടക്കാരന്‍.

രണ്ടാം പകുതിയില്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും സമനിലപൂട്ട് പൊളിക്കാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും മൊറോക്കോ താരങ്ങള്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ ഇരുവരും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. അതേസമയം ജൂണ്‍ 20 ഫിലാഡല്‍ ഫിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് ബ്രസീലിന്റെ അടുത്ത എതിരാളി.

Content Highlight: Neymer Jr Is Not Available For Brazil In Their Second World Cup Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ