കാസര്‍ഗോട്: കാസര്‍ഗോട് ലോകസഭാമണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനമുയരുന്നു. അണികളുടെയും ജനങ്ങളുടെയും വികാരം മനസ്സിലാക്കാതെ പി. കരുണാകരനെ തന്നെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ കടുംപിടുത്തമാണ് ഭൂരിപക്ഷം കുറഞ്ഞതിന് കാരണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

കഴിഞ്ഞ തവണ 64,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായ മണ്ഡലത്തില്‍ മൂന്നാംങ്കത്തിനിറങ്ങിയ പി. കരുണാകരന്‍ കേവലം 6921 വോട്ടിനാണ് സിദ്ദിഖിനെതിരെ ജയിക്കാനായത്. ഭൂരിപക്ഷം കുറഞ്ഞതിനക്കാള്‍ പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തുന്നത് ബി.ജെ.പിക്കുണ്ടായ വോട്ട് വര്‍ദ്ധനവും പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായ വോട്ടു ചോര്‍ച്ചയുമാണ്.

ഇടതുപക്ഷ വോട്ടുകള്‍ ബി.ജെ.പിയും യു.ഡി.എഫും ചോര്‍ത്തിയെടുത്തതിന്റെ തെളിവുകള്‍ പ്രകടമാണ്. നീലേശ്വരവും അതിനോടടുത്ത പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായ ചോര്‍ച്ച കരുണാകരനോടുള്ള വിയോജിപ്പും വി.എസ് വികാരവും കാരണമായേക്കാമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. കരിവെള്ളൂര്‍, പയ്യന്നൂര്‍ മേഖലയിലുണ്ടായ വോട്ടുചോര്‍ച്ചക്കും എന്ത് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്താന്‍ പോകുന്നത്.

എല്‍.ഡിഎഫിന്റെ ഉറച്ച കോട്ടകളായ തൃക്കരിപ്പൂര്‍, ഉദുമ നിയമസഭ മണ്ഡലങ്ങളിലുണ്ടായ വന്‍ അടിയൊഴുക്കുകള്‍ ബി.ജെപിക്ക് ഗുണകരമായി മാറിയതിനെ കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നേയുള്ളൂ.

പി കരുണാകരനോടുള്ള വിയോജിപ്പിനപ്പുറം എല്‍.ഡിഎഫിന്റെ വോട്ട് ബാങ്കിലെ വിള്ളല്‍ അതിനേക്കാളുമപ്പുറമെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്. മോദിയുടെ കാസര്‍ഗോട്ടെ പ്രചരണപരിപാടി മുസ്‌ലിം വോട്ട് ധ്രുവീകരണം ഉണ്ടായിട്ടുങ്കിലും മണ്ഡലത്തിലെ പുതിയ വോട്ടര്‍മാര്‍ എല്‍.ഡി.എഫിന് അനുകൂലമായില്ലെന്നും ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്.