തിരുവനന്തപുരം: പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുകയാണ് എല്‍.ഡി.എഫിന്റെ നയം. അതില്‍ എല്ലാ കാര്യവും വ്യക്തമാണല്ലോ എന്നും മന്ത്രി ചോദിച്ചു.
മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ അതിവിപുലമായ ബോധവത്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എല്‍.ഡി.എഫ് രംഗത്തെത്തിയിരുന്നു. ബാര്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും വ്യാജമദ്യവും കള്ളവാറ്റും സംസ്ഥാനത്ത് വിപുലമാണെന്നും എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
അതേ സമയം എല്‍.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ പൂട്ടിയ ബാര്‍ തുറക്കുമോ എന്ന ചോദ്യവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നായിരുന്നു അന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്.
മദ്യനയത്തില്‍ യെച്ചൂരിയുടെ അഭിപ്രായമാണ് പാര്‍ട്ടിയുടേതെന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്.
