medical entrance

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് NEET ) നടപ്പിലാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതോടെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി സര്‍ക്കാരുകളും സ്വകാര്യ മെഡിക്കല്‍ കോളേജുകളും നടത്തുന്ന എല്ലാ പരീക്ഷകളും അസാധുവാകും.

രണ്ട് ഘട്ടമായി ഏകീകൃത പ്രവേശന പരീക്ഷ നടപ്പിലാക്കാനാണ് സുപ്രീംകോടതി നിര്‍േദ്ദശം. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമാണെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്ക്കാണ് നീറ്റ് പരീക്ഷ നടപ്പിലാക്കുന്നത്. സുപ്രീംകോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്ന് ഇവയുടെ ഫലങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍ ആയുര്‍വേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് തുടര്‍ന്നും സംസ്ഥാന എന്‍ട്രന്‍സില്‍ നിന്നുതന്നെയാകും പ്രവേശനം അനുവദിക്കുക.

മെയ് ഒന്നിനും ജൂലൈ 24നും രണ്ടു ഘട്ടമായാകും പരീക്ഷകള്‍ നടക്കുക. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എന്‍ട്രന്‍സ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 24ന് രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതാം.

രണ്ടു ഘട്ടങ്ങളിലെയും പരീക്ഷകളുടെ ഫലം ഏകോപിപ്പിച്ച് ആഗസ്ത് 17ന് പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഇത്തവണ മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റില് പി.ജി കോഴ്‌സുകള്‍ അടുത്ത വര്‍ഷമേ ഉള്‍െപ്പടുത്തുകയുള്ളൂ.

അതേസമയം, മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്തുന്നതിന് എതിരെ സംസ്ഥാനങ്ങള്‍ രംഗത്തു വന്നിരുന്നു. ഈ വര്‍ഷം പൊതു പ്രവേശന പരീക്ഷകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു.