ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു. ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഗൂഢതയും ആകാംക്ഷയും നിലനിര്‍ത്തുന്ന സന്ദര്‍ഭങ്ങളും അതിന് കൂടുതല്‍ കരുത്ത് നല്‍കുന്ന പശ്ചാത്തല സംഗീതവുമാണ് ട്രെയ്‌ലറിനെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. ചിത്രത്തില്‍ ബഷീറായെത്തുന്നത് ടൊവിനോയാണ്. ട്രെയ്‌ലറില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ടൊവിനോയെ തന്നെയാണ്. താരത്തിന്റെ ഡബ്ബിങ്ങും അപ്പിയറന്‍സും മികച്ചതാണെന്നാണ് ട്രെയ്‌ലര്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.

അതോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു താരമാണ് റിമ കല്ലിങ്കല്‍. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമക്ക് ശേഷം റിമ അഭിനയിക്കുന്ന ചിത്രമാണ് നീലവെളിച്ചം. ഭാര്‍ഗവി കുട്ടിയെന്ന കഥാപാത്രമായാണ് റിമ സിനിമയിലെത്തുന്നത്. പ്രണയവും, വിരഹവും, വേദനയുമൊക്കെ പ്രകടമാകുന്ന റിമയുടെ പ്രകടനം ട്രെയ്‌ലറില്‍ മികച്ചതായി തന്നെ അനുഭവപ്പെടുന്നുണ്ട്.

ആകാംക്ഷയും ഭയവും പ്രണയവുമൊക്കെ നിലനിര്‍ത്തിയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. മികച്ച ഒരുപിടി പ്രകടനങ്ങള്‍ സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്ന സൂചനയാണ് ട്രെയ്‌ലര്‍ സമ്മാനിക്കുന്നത്. ഏപ്രില്‍ 20ന് പെരുന്നാള്‍ റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററിലെത്തുക. ഇതിനോടകം തന്നെ സിനിമയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നീലവെളിച്ചം നിര്‍മിക്കുന്നത്. എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ റീമിക്‌സ് ചെയ്തിരിക്കുന്നത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബഷീറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹൃഷികേശ് ഭാസ്‌കരനാണ്.

content highlighta: neelavelicham movie trailer