കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഫാന്റസി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണിക്കൊപ്പം നസ്‌ലെൻ, ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
ലോക: ചാപ്റ്റർ വൺ ചന്ദ്ര, Photo: IMDb
ചിത്രത്തിൽ നീലി എന്ന യക്ഷി കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തിയത്. കഥാപാത്രത്തിന്റെ വ്യത്യസ്തമായ അവതരണവും പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
അതേസമയം, ചിത്രത്തിൽ നസ്‌ലെൻ അവതരിപ്പിച്ച കഥാപാത്രത്തിനും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യത ലഭിച്ചു. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നസ്‌ലെൻ.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിലെ ഒരു പ്രധാന രംഗത്തെക്കുറിച്ചാണ് നസ്‌ലെൻ സംസാരിച്ചത്. നീലി യക്ഷിയാണെന്ന സത്യം തന്റെ കഥാപാത്രം തിരിച്ചറിയുന്ന നിമിഷത്തിൽ ബോധംകെട്ട് വീഴുന്ന രംഗം സിനിമയിലുണ്ട്. ആ രംഗം ചിത്രീകരിച്ച അനുഭവമാണ് താരം പങ്കുവെച്ചത്.
സംവിധായകൻ ഡൊമിനിക് അരുൺ വളരെ ലളിതമായ നിർദേശമാണ് നൽകിയതെന്ന് നസ്‌ലെൻ പറഞ്ഞു. ‘ഡൊമിനിക് ഏട്ടൻ പറഞ്ഞത് ‘എടാ, ഒന്നുമില്ല… ജസ്റ്റ് ബോധം കെട്ട് വീഴാ, അത്രേയുള്ളൂ.
വേറെ കൂടുതൽ പരിപാടികളൊന്നും വേണ്ട’ എന്നായിരുന്നു. അത്ര സിമ്പിളായിട്ടാണ് അദ്ദേഹം ആ രംഗം വിശദീകരിച്ചത്,’ നസ്‌ലെൻ പറഞ്ഞു.
സാധാരണയായി സിനിമകളിൽ ബോധംകെട്ട് വീഴുന്ന രംഗങ്ങൾക്ക് പ്രത്യേക അഭിനയശൈലികളും തയ്യാറെടുപ്പുകളും ആവശ്യമായി വരാറുണ്ട്. എന്നാൽ ആ രംഗത്തിൽ സംവിധായകൻ ആവശ്യപ്പെട്ടത് സ്വാഭാവികമായ ഒരു പ്രതികരണമാത്രമായിരുന്നുവെന്ന് താരം വ്യക്തമാക്കി. ‘ആ ഷോട്ട് ചെയ്യുന്നതും ഭയങ്കര രസമായിരുന്നു. വൈഡ് ഷോട്ടിൽ നേരെ ഇങ്ങനെ വീഴുന്നതുപോലെയാണ് എടുത്തത്,’ എന്നും നസ്‌ലെൻ പറഞ്ഞു.
നസ്‌ലെന്റെ ഈ വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ നർമം കലർന്ന അവതരണവും ഷൂട്ടിങ് അനുഭവം വിവരിച്ച രീതിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, ‘ലോക’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ദിനംപ്രതി ഉയരുകയാണ്. ആദ്യഭാഗം സൃഷ്ടിച്ച വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ, രണ്ടാം ഭാഗം അതിനേക്കാൾ വലിയ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Content Highlight: Nazlen K. Gafoor talks about the shooting experience of the movie Lokah chapter one chandra movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.