സംവിധാനം ചെയ്ത ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ സംവിധായകരുടെ ലിസ്റ്റിലേക്ക് ഇടം നേടിയ വ്യക്തിയാണ് മധു.സി.നാരായണന്‍. കുമ്പളങ്ങി നൈറ്റ്സിലൂടെ അതിന് മുമ്പോ ശേഷമോ ലഭിക്കാത്ത സിനിമാ ആസ്വാദനത്തിനാണ് മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം സംവിധായകന്‍ സിനിമാ മേഖലയില്‍ നിന്നും പാടെ അപ്രത്യക്ഷമായിരുന്നു. തന്റെ ആദ്യം ചിത്രം സംവിധാനം ചെയ്ത ശേഷം മറ്റൊരു ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും സംവിധായകന്റെ അടുത്ത് നിന്നും വര്‍ഷങ്ങളായി ലഭിച്ചിരുന്നില്ല.
എന്നാല്‍ അടുത്തിടെയാണ് മലയാളത്തിലെ യുവതാരം നസ്‌ലെനെ നായകനാക്കി മധു.സി.നാരായണന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും വിശ്വസിനീയമായ വൃത്തങ്ങളായിരുന്നു ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്. ഇപ്പോഴിതാ താന്‍ അഭിനയിക്കുന്ന സൂര്യ47ന് ശേഷം ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രം മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.
‘മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ സൂര്യ സാറിന്റെ പടം കഴിഞ്ഞാല്‍ മധുവേട്ടനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. അതിന്റെ അനൗണ്‍സ്‌മെന്റെല്ലാം അവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം ആ ടീം പറയും. അവര്‍ അത് നല്ല രീതിയിലാണ് പ്ലാന്‍ ചെയ്യുന്നത്. അവര്‍ തന്നെ അത് വൃത്തിയായി ചെയ്യട്ടെ. ഞാന്‍ അതിന്റെ ഇടയില്‍ കയറി പറയുന്നത് ശരിയല്ല,’ നസ്‌ലെന്‍ പറഞ്ഞു.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂണ്‍ അഞ്ചിനാണ് തിയേറ്ററുൂകളിലെത്തുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നസ്ലെന് പുറമെ ജഗദീഷ്, ചന്തു സലീം, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, അലക്സാണ്ടര്‍ പ്രദീപ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Naslen talks about Madhu C Narayanan’s next movie after Kumbalangi nights
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.