എഥനോള്‍ ചേര്‍ത്ത പെട്രോളുള്ളതുകൊണ്ട് നമുക്ക് ഇന്ധന പ്രതിസന്ധിയുണ്ടായില്ല, E20 പെട്രോളിനെ ന്യായീകരിച്ച് മോദി
India
എഥനോള്‍ ചേര്‍ത്ത പെട്രോളുള്ളതുകൊണ്ട് നമുക്ക് ഇന്ധന പ്രതിസന്ധിയുണ്ടായില്ല, E20 പെട്രോളിനെ ന്യായീകരിച്ച് മോദി
അമര്‍നാഥ് എം.
Sunday, 29th March 2026, 5:42 pm

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത പെട്രോളിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഡില്‍ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ലോകത്തുണ്ടായ ഊര്‍ജ പ്രതിസന്ധി ഇന്ത്യയെ ബാധിക്കാത്തതിന് കാരണം എഥനോള്‍ മിശ്രിത നയമാണെന്നും പറഞ്ഞ മോദി ഈ നയത്തെ പ്രശംസിച്ചു. ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറക്കാന്‍ ഈ നയം സഹായിച്ചെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജവാര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. അസംസ്‌കൃത എണ്ണയുടെ പൈസ ലാഭിക്കാന്‍ ഇന്ത്യയെ സഹായിച്ചത് പടിഞ്ഞാറന്‍ യു.പിയിലെ കരിമ്പ് കര്‍ഷകരാണെന്നും അതിന് അവരോട് താന്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എഥനോള്‍ മിശ്രിതം ഇല്ലായിരുന്നെങ്കില്‍ നമുക്ക് വിദേശത്ത് നിന്ന് 4.5 ബാരല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യേണ്ടി വന്നേനെ. നിര്‍ണായകമായ വിദേശനാണ്യം ലാഭിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ കര്‍ഷകര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്,’ നരേന്ദ്ര മോദി പറയുന്നു. ഇന്ത്യയില്‍ ഇന്ധനക്ഷാമം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ആവശ്യമായ എണ്ണയില്‍ 40 ശതമാനവും വിതരണം ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയാണ്. ഈ മേഖലയിലെ സംഘര്‍ഷാവസ്ഥ മൂലം അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എഥനോള്‍ മിശ്രിത പെട്രോളിനെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

വിലകൂടിയ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറക്കുക, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കുക, വിദേശനാണ്യം ലാഭിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന നീക്കത്തെ മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ചില പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു. പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് എഥനോള്‍ മിശ്രിത പെട്രോള്‍ ദോഷം ചെയ്യുമെന്ന് പലരും വാദിച്ചെങ്കിലും ഗവണ്മെന്റ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന പ്രതിസന്ധികളെക്കുറിച്ചും മോദി സംസാരിച്ചു. ആഗോള വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്കാര്‍ തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഇതിനായി ഒന്നിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

‘ഈ പ്രതിസന്ധിയെ ശാന്തമായും സമാധാനത്തോടെയും നേരിടണമെന്ന് രാജ്യത്തെ ഓരോ പൗരന്മാരോടും ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഈ സമയത്ത് നാം മുന്‍ഗണന നല്‍കണം. അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി,’ നരേന്ദ്ര മോദി പറഞ്ഞു.

Content Highlight: Narendra Modi justifying E20 petrol in Middle East crisis

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം