ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നെ പരിശീലന സെഷന്‍ നല്‍കിയില്ല; നമീബിയന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ്
Cricket
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നെ പരിശീലന സെഷന്‍ നല്‍കിയില്ല; നമീബിയന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ്
ശ്രീരാഗ് പാറക്കല്‍
Thursday, 12th February 2026, 12:31 pm

ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നമീബിയയെ നേരിടാനിരിക്കുകയാണ്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നമീബിയന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ് തങ്ങള്‍ക്ക് പരിശീലനസമയം ലഭിച്ചില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

നമീബിയയിലെ മൈതാനങ്ങളില്‍ ഫ്‌ളഡ്ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് മത്സരം വെല്ലുവിളിയാകുമെന്ന് നമീബിയന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് രാത്രിയില്‍ തങ്ങള്‍ക്ക് പരിശീലന സെഷന്‍ നല്‍കിയിട്ടില്ലെന്നും അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും ഇറാസ്മസ് പറഞ്ഞു. മാത്രമല്ല ഇന്ത്യ രണ്ട് രാത്രി പരിശീലന സെഷനുകള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമീബിയയിലെ മൈതാനങ്ങളില്‍ ഫ്‌ളഡ്ലൈറ്റുകള്‍ ഇല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഇത് ഞങ്ങള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കാം. നേപ്പാള്‍ പ്രീമിയര്‍ ലീഗ്, ഐ.എല്‍.ടി-20, ലോകകപ്പുകള്‍ എന്നിവയില്‍ കളിച്ചവരെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് പലപ്പോഴും ലൈറ്റുകള്‍ക്ക് കീഴില്‍ പരിശീലനം നടത്താന്‍ സാധിക്കാറില്ല.

ടീം ഇന്ത്യ

ഈ മത്സരത്തിന് മുമ്പ് രാത്രിയില്‍ ഞങ്ങള്‍ക്ക് പരിശീലന സെഷന്‍ നല്‍കിയിട്ടില്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇന്ത്യ രണ്ട് രാത്രി പരിശീലന സെഷനുകള്‍ നടത്തിയത് കണ്ടു. അത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുക. ഞങ്ങള്‍ നമീബിയന്‍ രീതിയില്‍ പോരാടും,’ നമീബിയന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിനിടെ അസുഖം ബാധിച്ച അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായെങ്കിലും അഭിഷേക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് മൂന്നാം മത്സരത്തിനിറങ്ങുമെന്നാണ് സൂചന.

ഇതോടെ നമീബയ്ക്ക് എതിരെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിന് നിര്‍ണായകമാകും.

മത്സരത്തിന് മുന്നോടിയായി സഞ്ജു പരിശീലന സെഷനില്‍ ഏറെ നേരം ബാറ്റ് ചെയ്തിരുന്നു. മാത്രമല്ല പരിശീലന സമയത്ത് പേസര്‍ ബുംറ എറിഞ്ഞ പന്ത് കാലില്‍ കൊണ്ട് ഇഷാന്‍ കിഷന് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. ആശങ്കകളുണ്ടെങ്കിലും ഇന്ത്യ വിജയക്കുതിപ്പ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Namibian captain Gerhard Erasmus said They doesn’t get enough time to train under lights

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ