സ്ഥിരം പ്രണയ-മസാല ഫോർമുലകൾക്ക് പിന്നാലെ പോകാതെ, സമകാലിക പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങൾ ധീരമായി ദൃശ്യവത്കരിച്ച് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് മുരളി ഗോപി. സിനിമയെ വെറുമൊരു വിനോദോപാധി എന്നതിനപ്പുറം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു മാധ്യമമാക്കി മാറ്റുന്നതാണ് അദ്ദേഹത്തിന്റെ വേറിട്ട എഴുത്തുശൈലി.
ഒരു ഇടവേളയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അനന്തൻകാട്‘. ‘ടിയാൻ‘ എന്ന ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ താരം ആര്യയാണ് നായകൻ. ഇന്ദ്രൻസ്, നിഖില വിമൽ എന്നിവർക്കൊപ്പം മുരളി ഗോപിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ‘അനന്തൻകാട് എന്ന പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽ അവിടെ നടന്ന കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും രണ്ട് ഗ്ലിംസ് വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
എഴുത്തുകാരൻ എന്നതിലുപരി ഭരത് ഗോപിയുടെ മകൻ കൂടിയായ അദ്ദേഹം നല്ല ഒരു അഭിനേതാവുമാണ്. ഇപ്പോൾ എഴുത്തും അഭിനയവും എങ്ങനെയാണ് ഒരേസമയം താൻ കൊണ്ടുപോകുന്നതെന്ന് തുറന്നു പറയുകയാണ് മുരളി ഗോപി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.
‘ഡിസിപ്ലിൻ, പാഷൻ എന്നീ രണ്ടു കാര്യങ്ങളാണ് ഞാൻ എപ്പോഴും പിന്തുടരുന്നത്. എഴുതുന്ന സമയത്ത് ഒട്ടനവധി അഭിനയ അവസരങ്ങൾ വരാറുണ്ടെങ്കിലും, അവയെല്ലാം പൂർണമായി മാറ്റിവെച്ചാണ് ഞാൻ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഴുത്തിനിടയിൽ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ ഞാൻ മുതിരാറില്ല. അനന്തൻകാട് എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കാൻ ഒന്നര വർഷത്തോളം ഞാൻ മാറ്റിവെച്ചിരുന്നു. ആ സമയത്ത് വന്ന ഒരു ഓഫറുകളും ഞാൻ സ്വീകരിച്ചിരുന്നില്ല.
ഞാൻ എപ്പോഴും എന്റെ സിനിമയ്ക്കും, സംവിധായകർക്കും, അഭിനേതാക്കൾക്കുമൊപ്പം പൂർണ പിന്തുണയുമായി സെറ്റിൽ ഉണ്ടാകാറുണ്ട്. എന്നെ സംബന്ധിച്ച് അഭിനേതാക്കൾക്ക് വലിയ സ്ഥാനമാണുള്ളത്. അവരുടെ കൂടെ നിൽക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി ഞാൻ എന്റെ മുഴുവൻ സമയവും ചെലവഴിക്കാറുണ്ട്. അച്ഛനിൽ (ഭരത് ഗോപി) നിന്നാണ് എനിക്ക് ഈ ശീലം ലഭിച്ചത്’, തന്റെ പ്രവർത്തനങ്ങളിൽ എപ്പോഴും ഈ പാഷനും ഡിസിപ്ലിനും കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy rejected multiple acting offers to focus on writing