ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് ദൃശ്യം 3. മോളിവുഡിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയുടെ മൂന്നാം ഇന്‍സ്റ്റാള്‍മെന്റ് വന്‍ വിജയമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 140 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ മൂന്നാമത്തെ 100 കോടി ചിത്രം കൂടിയാണ് ദൃശ്യം 3.
ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് എങ്ങനെയുണ്ടാകുമെന്ന് കരുതിയവര്‍ക്ക് സര്‍പ്രൈസ് പാക്കേജായിരുന്നു ചിത്രം. ട്വിസ്റ്റിനും സസ്‌പെന്‍സിനുമപ്പുറം ഇമോഷണല്‍ ഡ്രാമയായാണ് ജീത്തു ജോസഫ് ദൃശ്യം 3 ഒരുക്കിയത്. ജോര്‍ജുകുട്ടിയടക്കം പല കഥാപാത്രങ്ങള്‍ക്കും സംവിധായകന്‍ നല്‍കിയ ക്യാരക്ടര്‍ ഷിഫ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ദൃശ്യം 3 Photo: Theatrical poster
പല കഥാപാത്രങ്ങളുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വന്നിട്ടുണ്ടെങ്കിലും അത് സംഭവിക്കാത്ത ചുരുക്കം കഥാപാത്രങ്ങളിലൊന്നാണ് ഐ.ജി തോമസ് ബാസ്റ്റിന്‍. ദൃശ്യം 2ല്‍ എന്ത് വിലകൊടുത്തും ജോര്‍ജുകുട്ടിയെ കുടുക്കാന്‍ ശ്രമിക്കുന്ന തോമസ് ബാസ്റ്റിനായി വേഷമിട്ടത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയായിരുന്നു.
ജോര്‍ജുകുട്ടി എന്ന സാധാരണക്കാരനെ എളുപ്പത്തില്‍ കുടുക്കാമെന്ന ചിന്തയില്‍ നിന്ന് അയാള്‍ എത്രമാത്രം ബുദ്ധിമാനാണെന്ന് സിനിമയുടെ ക്ലൈമാക്‌സില്‍ തോമസ് ബാസ്റ്റിന്‍ തിരിച്ചറിയുന്നുണ്ട്. അയാളെ പിടികൂടാമെന്ന ചിന്ത ഉപേക്ഷിക്കുകയും അടുത്ത കേസിലേക്ക് പോവുകയും ചെയ്യുകയാണ് തോമസ് ബാസ്റ്റിന്‍. മൂന്നാം ഭാഗത്തിലും ആ കഥാപാത്രത്തിന്റെ മീറ്റര്‍ ഒട്ടും താഴുന്നില്ല.
ദൃശ്യം 2ല്‍ മുരളി ഗോപി Photo: Screen grab/ Aashirvad Cinemas
ജോര്‍ജുകുട്ടിയെ പൂട്ടാന്‍ ഇത്തവണയെത്തുന്ന പുതിയ ടീമിനെപ്പോലും അയാള്‍ കാര്യമായി എടുക്കുന്നില്ല. എന്തൊക്കെ ചെയ്താലും എത്രകാലം നിരീക്ഷിച്ചാലും ജോര്‍ജുകുട്ടിയെ മറികടന്ന് ആ കുടുംബത്തെ തൊടാനാകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ തോമസ് ബാസ്റ്റിനാണ്. ജോര്‍ജുകുട്ടി പെട്ടു എന്ന് എതിരാളികളും പ്രേക്ഷകരും വിശ്വസിക്കുമ്പോള്‍ പോലും തോമസ് ബാസ്റ്റിന്‍ അയാളെ വിലകുറച്ച് കാണുന്നില്ല.
വെറും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുന്നയാളാണ് ജോര്‍ജുകുട്ടിയെന്ന് തോമസ് ബാസ്റ്റിന്‍ വിശ്വസിക്കുന്നില്ല്. വെറും നാലാം ക്ലാസുകാരനെന്ന് ഗീതാ പ്രഭാകര്‍ വിശേഷിപ്പിച്ച ജോര്‍ജുകുട്ടി ഒരു ക്ലാസിക് ക്രിമിനലാണെന്ന് ആദ്യം പറഞ്ഞത് തോമസ് ബാസ്റ്റിനാണ്. ഭാര്യയായ റാണിക്ക് പോലും പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കാത്ത ജോര്‍ജുകുട്ടിയെ ഒരു പരിധിവരെ മനസിലാക്കിയത് തോമസ് ബാസ്റ്റിന്‍ മാത്രമാണ്.
ദൃശ്യം 3ല്‍ മുരളി ഗോപി Photo: Screen grab/ Aashirvad Cinemas
ലോജിക്കില്ലാത്ത ചില സീനുകളും സഹതാരങ്ങളുടെ അമച്വര്‍ പ്രകടനവും മടുപ്പ് തോന്നിച്ചപ്പോള്‍ സിനിമയെ താങ്ങിനിര്‍ത്തിയത് മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സാണ്. മോഹന്‍ലാലിന് ശേഷം ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് മുരളി ഗോപിയാണെന്ന് സംശയില്ലാതെ പറയാം.
Content Highlight: Murali Gopi’s character Arc in Drishyam 3 movie