മിസ്റ്റര്‍ അമിത് ഷാ, നിങ്ങള്‍ ഉത്തരം നല്‍കണം; മോദി മാപ്പ് പറയണം; ഈ സര്‍ക്കാരിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്ന് രാഹുല്‍
India
മിസ്റ്റര്‍ അമിത് ഷാ, നിങ്ങള്‍ ഉത്തരം നല്‍കണം; മോദി മാപ്പ് പറയണം; ഈ സര്‍ക്കാരിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്ന് രാഹുല്‍
റെന്വര്‍ പി
Saturday, 25th July 2026, 7:45 pm

ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാര്‍ത്ഥി സമരത്തെ അനുമോദിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിലും സോഷ്യല്‍ മീഡിയയിലൂടെയുമാണ് രാഹുല്‍ പ്രതികരണം അറിയിച്ചത്.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനര്‍നിര്‍മ്മിക്കുന്നതിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളെയെല്ലാം ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ജനാധിപത്യത്തെയും ഭരണഘടനയെയും തങ്ങളുടെ ഭാവിയെയും സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ഓരോ യുവാക്കള്‍ക്കും ഓരോ വിദ്യാര്‍ത്ഥിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും ഇന്ത്യയുടെ ഭാവിയെയും മാനിച്ചുകൊണ്ട് പ്രധാനമന്ത്രി മാപ്പ് പറയണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം,’ രാഹുല്‍ പറഞ്ഞു.

കര്‍ഷകര്‍, തൊഴിലാളികള്‍, ദരിദ്രര്‍ എന്നിങ്ങനെ ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും തകര്‍ക്കുകയും ചെയ്ത സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലെ ഓരോ വ്യക്തിയും തങ്ങളുടെ അന്തസ്സിനായി ഭരണഘടനാപരമായ രീതിയില്‍ ഉറച്ചുനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ധൈര്യമെന്നും രാഹുല്‍ പറഞ്ഞു.

ഈ സര്‍ക്കാരിനെ നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഭയപ്പെടാതെ മുന്നോട്ട് പോവുക,’ എന്ന് പറഞ്ഞാണ് രാഹുലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ജൂണ്‍ 20ന് വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നു രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘പ്രതിഷേധത്തില്‍, മാരകമായ ആക്രമണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്. പലരുടെയും കൈ ഒടിഞ്ഞു, കാലിന് പരിക്കേറ്റു, വാരിയെല്ലിന് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചു. പലരും ഗുരുതരാവസ്ഥയിലായി,’ രാഹുല്‍ പറഞ്ഞു.

പൊലീസ് നടപടികള്‍ അമിത് ഷായുടെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ പെടുന്ന കാര്യമാണ്. ഈ ആക്രമണം സംഘാടിപ്പിച്ചവര്‍ മുതല്‍ നടപ്പിലാക്കിയവര്‍ വരെ മറുപടി പറയം. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. അപ്പോള്‍ മാത്രമേ നീതി ലഭിക്കൂ. ‘മിസ്റ്റര്‍ അമിത് ഷാ, നിങ്ങള്‍ ഇതിന് ഉത്തരം നല്‍കേണ്ടിവരും,’ രാഹുല്‍ പറഞ്ഞു.

രാജ്യത്ത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിക്കാന്‍ സാധിച്ചത് വിദ്യാര്‍ത്ഥികളുടെ വലിയ വിജയമാണെന്നും രാഹുല്‍ വിശേഷിപ്പിച്ചു.

‘പ്രധാന് പുറത്തുപോകേണ്ടിവന്നു. അദ്ദേഹം പോയത് നല്ല കാര്യം. എന്നാല്‍ ഇനി, വിദ്യാഭ്യാസ സമ്പ്രദായം മാറ്റാനുള്ള കൃത്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം,” രാഹുല്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ആര്‍.എസ്.എസ് പിടിച്ചടക്കിയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍.എസ്.എസ് ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചിതലിനെപ്പോലെ ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍.എസ്.എസും ഈ രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ നശിപ്പിച്ചതില്‍ ഒരുപോലെ തെറ്റുകാരാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Content Highlight: Mr. Amit Shah, you will have to answer for this: Rahul About Police crackdown against Student protest

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.