പൂനെ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിൽ ചെയർമാൻ വിവേക് ഭിമൻവാർ അവധിയിൽ പ്രവേശിച്ചു. തനിക്കെതിരെയുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ ഔദ്യോഗിക പദവിയിൽനിന്ന് മാറിനിൽക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച ആരോപിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി എൻ.സി.പി (എസ്.പി) എം.എൽ.എ രോഹിത് പവാറും ഉദ്യോഗാർത്ഥികളും പൂനെയിൽ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു.
സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ധാർമ്മികത മുൻനിർത്തിയാണ് അന്വേഷണം കഴിയുംവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് ഭിമൻവാർ പ്രസ്താവനയിൽ വ്യക്തമാക്കി. കമ്മീഷന്റെ വിശ്വാസ്യതയ്ക്കും ഉദ്യോഗാർത്ഥികളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയെ നിയമിച്ചു. ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ദിലീപ് ഭോസ്‌ലെ അധ്യക്ഷനായ സമിതിയിൽ മുൻ ജസ്റ്റിസ് പി.ഡി. നായിക്, മുൻ സെക്രട്ടറി ഗണേഷ് പാട്ടീൽ, ഐ.ജി ലഖ്മി ഗൗതം എന്നിവരാണ് മറ്റ് അംഗങ്ങൾ.
രണ്ട് മാസത്തിനകം എം.പി.എസ്.സിയുടെ പ്രവർത്തനം വിലയിരുത്തി പരിഷ്കാരങ്ങൾ ശുപാർശ ചെയ്യാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.
ചോദ്യപേപ്പർ ചോർച്ചയുണ്ടായ എല്ലാ പരീക്ഷകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചു.
ചോദ്യപേപ്പർ ചോർച്ചയും ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭവും
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിൽ എം.പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാർത്ഥി സമരം ആളിക്കത്തിയത്. കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം), എം.എൻ.എസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും മറാഠ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീലും സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
ഭരണഘടനാ പദവിയിലുള്ള വ്യക്തിയായതിനാൽ ചെയർമാനെ നേരിട്ട് നീക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും വ്യക്തമാക്കിയെങ്കിലും, ആർട്ടിക്കിൾ 317 പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ഗവർണർ ജിഷ്ണു ദേവ് വർമ്മയ്ക്ക് ശുപാർശ സമർപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്നത് സ്വാഭാവികമാണെന്നും അവർ സാമൂഹികവിരുദ്ധരല്ലെന്നും ബോംബെ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
റദ്ദാക്കലുകളും മാർക്ക് വിവാദങ്ങളും
മാർച്ചിൽ നടത്തിയ ഡ്രഗ് ഇൻസ്‌പെക്ടർ പരീക്ഷയുടെ ഫലം ജൂണിൽ വന്നെങ്കിലും, രോഹിത് പവാർ എം.എൽ.എ ചോദ്യപേപ്പർ ചോർച്ച ആരോപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 25-ന് കമ്മീഷൻ പരീക്ഷാ നടപടികൾ റദ്ദാക്കി.
488 പേരുടെ അഭിമുഖം പൂർത്തിയായ ശേഷമായിരുന്നു ഈ നടപടി.
ഇതിനുപുറമെ, സ്റ്റേറ്റ് സർവീസസ് മെയിൻ പരീക്ഷയിലെ വിവരണാത്മക (ഡിസ്ക്രിപ്റ്റീവ്) ചോദ്യങ്ങളുടെ മൂല്യനിർണയത്തിൽ വലിയ വ്യത്യാസമുണ്ടായതും വിവാദമായി.
കമ്മീഷൻ ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്കെതിരെ കറുത്ത മഷി പ്രയോഗം വരെയുണ്ടായി. തുടർന്ന് ഒക്ടോബർ മൂന്നിന് നടക്കേണ്ടിയിരുന്ന സ്റ്റേറ്റ് സർവീസസ് മെയിൻ പരീക്ഷ, സിവിൽ എൻജിനീയറിങ് മെയിൻ പരീക്ഷ, ഗ്രൂപ്പ് ബി പരീക്ഷകൾ എന്നിവ മാറ്റിവെച്ചെങ്കിലും പുതിയ തീയതികൾ പ്രഖ്യാപിക്കാത്തത് ഉദ്യോഗാർത്ഥികളിൽ കടുത്ത അനിശ്ചിതത്വമുണ്ടാക്കി.
പരീക്ഷാരീതിയെച്ചൊല്ലിയുള്ള തർക്കം
പ്രതിഷേധങ്ങൾക്കിടയിലും പരീക്ഷാ സമ്പ്രദായത്തെച്ചൊല്ലി ഉദ്യോഗാർത്ഥികൾക്കിടയിൽ ഭിന്നത രൂക്ഷമാണ്. വിവരണാത്മക പരീക്ഷകൾ സുതാര്യമായി വിലയിരുത്താൻ എം.പി.എസ്.സിക്ക് സംവിധാനമില്ലെന്നും പഴയ ഒബ്ജക്റ്റീവ് രീതിയിലേക്ക് മടങ്ങണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
എന്നാൽ, പുതിയ സിലബസിനും വിവരണാത്മക പരീക്ഷകൾക്കുമായി വർഷങ്ങളോളം പരിശീലനം നടത്തുകയും ലക്ഷക്കണക്കിന് രൂപ ഫീസ് നൽകുകയും ചെയ്ത മറ്റു വിദ്യാർത്ഥികൾ പരീക്ഷാരീതി മാറ്റുന്നതിനെ ശക്തമായി എതിർക്കുന്നു.
നീളുന്ന കാത്തിരിപ്പും സാമ്പത്തിക ബാധ്യതയും
പരീക്ഷകൾ തുടർച്ചയായി മാറ്റിവെക്കുന്നതും റദ്ദാക്കുന്നതും ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വരൾച്ച ബാധിത പ്രദേശങ്ങളിൽ നിന്നുള്ള കർഷക കുടുംബങ്ങളിലെ മക്കളാണ് പൂനെ കേന്ദ്രീകരിച്ച് പഠിക്കുന്ന ഭൂരിഭാഗം പേരും.
വർഷങ്ങളായി തുടരുന്ന പരീക്ഷാ തയ്യാറെടുപ്പുകൾക്ക് ചെലവ് കണ്ടെത്താനാകാതെയും പുതിയ തീയതികൾ ലഭിക്കാതെയും ആയിരക്കണക്കിന് യുവാക്കളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്.
‘നൈറ്റ് ലൈഫ്’ ആരോപണവും രാഷ്ട്രീയ പോരും
പൂനെയിൽ ഉദ്യോഗാർത്ഥികൾ സമരം ശക്തമാക്കിയതിനിടെ, പ്രതിഷേധത്തെ ‘നൈറ്റ് ലൈഫ്’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി രംഗത്തെത്തിയത് വിവാദത്തിനിടയാക്കി.
സമരത്തിന്റെ മറവിൽ അക്രമവും മദ്യപാനവുമാണ് നടക്കുന്നതെന്ന് ബി.ജെ.പി വക്താവ് ആരോപിച്ചെങ്കിലും, സമരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും എൻ.സി.പിയും ഇതിനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമനടപടികളിലേക്ക് നീങ്ങി.
ഹൈക്കോടതി ഇടപെടലും നിരാഹാര സമരങ്ങളും
പൂനെയിൽ പലയിടങ്ങളിലായി നടന്നുവന്ന പ്രതിഷേധങ്ങളിൽ ഒരു വിഭാഗം ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് സമരം പിൻവലിച്ചെങ്കിലും, എസ്.എം. ജോഷി പാലത്തിന് സമീപവും ലാൽ ബഹദൂർ ശാസ്ത്രി റോഡിലും സമരം തുടരുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ഭാരവാഹികളടക്കമുള്ള ഉദ്യോഗാർത്ഥികൾ നിരാഹാര സമരം നടത്തുകയും ചിലരുടെ ആരോഗ്യനില വഷളാവുകയും ചെയ്തു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രതിഷേധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, അനുമതിയോടെ സമരം തുടരാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ ഉന്നതതല അന്വേഷണ സമിതിയെ പ്രഖ്യാപിച്ചതും ചെയർമാൻ അവധിയിൽ പ്രവേശിച്ചതും.
Content Highlight:MPSC Question Paper Leak: Chairman sent on compulsory leave; Tukaram Mundhe appointed Secretary of the inquiry committee.
