കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍.

പി.എം.എല്‍.എയിലെ 66(2) വകുപ്പ് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന നിലപാട് ഇ.ഡി ആവര്‍ത്തിച്ചു.

കേസെടുക്കാന്‍ ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വിജിലന്‍സിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ കെ.എം ഷാജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ വാദം ആവര്‍ത്തിച്ചത്.

സ്വകാര്യ വ്യക്തി നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്നും തിടുക്കത്തില്‍ കോടതിയെ സമീപിച്ചതില്‍ തെറ്റായ ഉദ്ദേശമുണ്ടെന്നും പ്രാഥമികാന്വേഷണം ആദ്യം നടത്തേണ്ടതുണ്ടെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു ചൂണ്ടിക്കാട്ടി.

കേസില്‍ ലഭ്യമായ ഏക തെളിവ് ഒരു ഡയറി മാത്രമാണെന്നും നേരിട്ട് കേസെടുക്കാന്‍ ഇത് മാത്രം പര്യാപ്തമല്ലെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചും വാക്കാല്‍ നിരീക്ഷിച്ചു.

ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. അതേസമയം പി.സി ആക്ടിലെ (അഴിമതി നിരോധന നിയമം) ശിക്ഷാ വ്യവസ്ഥതകള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് എസ്.ഐ.ടിയിലെ ഒരു അംഗത്തിന് അറിയില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. മുമ്പും ഇത്തരത്തില്ഡ ഗൗരവതരമയ കേസില്‍ അദ്ദേഹം തെറ്റായ നിയമവകുപ്പാണ് ഉപയോഗിച്ചതെന്നും മുമ്പ് കോടതി അദ്ദേഹത്തിനെതിരെ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.

 

Content Highlight: Monthly Payoff Case: Government states a case cannot be registered based solely on diary entries.