എന്റെ കിറ്റ്, എന്റെ ഇഷ്ടം... പരിപാടിക്ക് വന്നവര്‍ക്ക് സംഭാരവും മിച്ചറുമുള്ള മൊമന്റോ; മോഹിനിയാട്ടം സക്‌സസ് സെലിബ്രേഷന്റെ ചിത്രങ്ങള്‍ വൈറല്‍
Malayalam Cinema
എന്റെ കിറ്റ്, എന്റെ ഇഷ്ടം... പരിപാടിക്ക് വന്നവര്‍ക്ക് സംഭാരവും മിച്ചറുമുള്ള മൊമന്റോ; മോഹിനിയാട്ടം സക്‌സസ് സെലിബ്രേഷന്റെ ചിത്രങ്ങള്‍ വൈറല്‍
അമര്‍നാഥ് എം.
Monday, 29th June 2026, 9:38 am

ഈ വര്‍ഷം ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള മലയാളചിത്രമെന്ന് സംശയമില്ലാതെ പറയാവുന്ന സിനിമയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും രണ്ടാം ഭാഗമായ മോഹിനിയാട്ടം വന്‍ വിജയം സ്വന്തമാക്കി. ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെയാണ് ചിത്രം നേടിയത്. കഴിഞ്ഞദിവസം ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തിരുന്നു.

മോഹിനിയാട്ടത്തിന്റെ സക്‌സസ് സെലിബ്രേഷനിടയിലാണ് മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ മോഹിനിയാട്ടത്തിന്റെ അണിയറപ്രവര്‍ത്തകരും പ്രധാന താരങ്ങളും അണിനിരന്നിരുന്നു. പരിപാടിയില്‍ ഏറ്റവും ശ്രദ്ധ നേടിയത് സംഘാടകര്‍ ഏര്‍പ്പാടാക്കിയ മൊമന്റോയും മറ്റ് ചില കാര്യങ്ങളുമാണ്.

മോഹിനിയാട്ടത്തില്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച സംഭാരത്തിന്റെയും മിച്ചറിന്റെയും മിനിയേച്ചറുള്ള മൊമന്റോയാണ് സക്‌സസ് സെലിബ്രേഷന് നല്‍കിയത്. ചിത്രത്തിലെ മോഹിനീശ്വരീ ദേവിയുടെ പ്രസാദമാണ് മിച്ചറും സംഭാരവും. മൊമന്റോയ്‌ക്കൊപ്പം നല്‍കിയ കവറില്‍ ‘എന്റെ കിറ്റ് എന്റെ ഇഷ്ടം’ എന്ന് എഴുതിയതും ചിരിയുണര്‍ത്തി. സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ നന്ദു പൊതുവാള്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഡയലോഗാണിത്.

പോപ് കള്‍ച്ചര്‍ റഫറന്‍സുകളാല്‍ നിറഞ്ഞ ചിത്രമാണ് മോഹിനിയാട്ടം. ഓരോ റഫറന്‍സ് ഡയലോഗും തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായി മാറിയിരുന്നു. വിജയാഘോഷ വേളയില്‍ സിനിമയിലെ പ്രധാന കാര്യങ്ങള്‍ ക്രിയേറ്റീവായി പുനസൃഷ്ടിച്ചവരെ പ്രശംസിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സക്‌സസ് സെലിബ്രേഷനിടെ അനൗണ്‍സ് ചെയ്ത ഭരതനാട്യത്തിന്റെ മൂന്നാം ഭാഗവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഭരതനാട്യം 3 രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഇത്തവണയും സംവിധായകന്‍ ഴോണറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഹൊറര്‍ കോമഡി ഴോണറിലാണ് കൃഷ്ണദാസ് മുരളി രാസലീല ഒരുക്കുകയെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന. ഭരതന്‍ നായരും ഗോവിന്ദരാജയും ചേര്‍ന്ന് നടത്തിയ ഉഡായിപ്പുകള്‍ ശശിധരനെ വിടാതെ പിന്തുടരുന്നതാകും രാസലീലയുടെ കഥ.

നല്ല സിനിമയായിരുന്നിട്ടും തിയേറ്ററില്‍ പരാജയമാകേണ്ടി വന്ന ചിത്രമായിരുന്നു ഭരതനാട്യം. എന്നാല്‍ ഒ.ടി.ടി റീലിസിന് പിന്നാലെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഭരതനാട്യത്തിന് രണ്ടാം ഭാഗമൊരുങ്ങിയത്. വാഴ 2ന്റെ വന്‍ കുതിപ്പിനിടയില്‍ തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടം കുറഞ്ഞ സ്‌ക്രീന്‍ കൗണ്ടിനിടയിലും ഗംഭീര ഹോള്‍ഡുമായി മുന്നേറിയിരുന്നു.

Content Highlight: Mohiniyattam success celebration photos viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം