സിനിമാലോകം ഇന്ന് ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ബറോസ്. 44 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. ഫാന്റസി അഡ്വഞ്ചര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആദ്യം മുതല്‍ക്കേ ചര്‍ച്ചയായിരുന്നു.

വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്താനായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഇപ്പോള്‍ ബറോസിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും പ്ലാന്‍ഡായിട്ടുള്ള കാര്യങ്ങളല്ല. ഞാനും ടി.കെ. രാജീവ് കുമാറും ഒരുമിച്ച് ഒരുപാട് പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആരും ചെയ്യാത്ത ഒന്നാണ് ബറോസ്. ഇന്ത്യക്ക് പുറത്ത് ചെയ്തിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല.

ഒരു ത്രീ.ഡി. പ്ലേയാണ് ബറോസ്. കണ്ണാടി വെച്ചിട്ട് വേണം ഇത് കാണാന്‍. അതത്ര എളുപ്പമല്ല. പക്ഷെ പോസിബിളാണോ എന്നറിയാനാണ് അല്ലെങ്കില്‍ പ്രാക്ടിക്കലായിട്ട് ചെയ്‌തെടുക്കാനാണ് ഈ ശ്രമം. കണ്ണാടി വെച്ച് കാണുമ്പോള്‍ ഇത് ലൈവായിട്ട് കാണാമെന്നതാണ് പ്രത്യേകത.

പിന്നെ കാസ്റ്റിങ്ങിലും ഒരു പ്രത്യേകതയുണ്ട്. അതില്‍ അഭിനയിച്ചിട്ടുള്ളവരില്‍ കൂടുതലും പുറത്ത് നിന്നുള്ള ആളുകളാണ്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. സാങ്കേതിക മേഖലയിലും പുറത്ത് നിന്നുള്ളവരുണ്ട്. ഇന്ത്യന്‍സില്ല, ഞാനേയുള്ളു. ഞാനും പിന്നെ വേറെ രണ്ടുമൂന്നുപേരും മാത്രം,’ മോഹന്‍ലാല്‍ പറഞ്ഞു.

ഈ രണ്ടുമൂന്നുപേരില്‍ സസ്‌പെന്‍സായി പ്രണവ് മോഹന്‍ലാലുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. അത് ബറോസ് കാണുമ്പോള്‍ അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പ്രണവ് ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും അതിന്റെ രസം പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘അത് ആ സിനിമ കാണുമ്പോള്‍ അറിയാം (ചിരി). അവന്‍ ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും അതിന്റെ രസം പോയില്ലേ. എന്തായാലും ആക്ടേഴ്‌സ് ഉള്‍പ്പെടെയുള്ളവരെല്ലാം പുറത്ത് നിന്നുള്ളവരാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About Barroz Movie Casting And Pranav Mohanlal