മലയാള സിനിമാ പ്രേക്ഷകര്‍ മാത്രമല്ല ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്നവരെല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മെയ് 22ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 3. ജോര്‍ജ്കുട്ടിയായി മോഹന്‍ലാല്‍ വേഷമിട്ട ദൃശ്യം ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലീഷേ ത്രില്ലര്‍ പാറ്റേണുകളെ തകര്‍ത്തെറിഞ്ഞ് പുതിയ മാറ്റം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇപ്പോഴിതാ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് ആവേശം പകര്‍ന്നുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
ദൃശ്യത്തിന്റെ ആദ്യഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും സീനുകളും ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറില്‍ മൂന്നാം ഭാഗത്തിലെ ചെറിയ ഭാഗം മാത്രമാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും നല്‍കാതെയാണ് സംവിധായകന്‍ ടീസര്‍ ഒരുക്കിയിരിക്കുന്നതെന്നും കാണാം. എന്നാല്‍ ജീത്തു ജോസഫിന്റെ സീരിയല്‍ ലെവല്‍ മേക്കിങ്ങാണ് മൂന്നാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപവും ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകടമാണ്. 2026 ല്‍ ഒരു ചിത്രത്തിന് വേണ്ട ക്വാളിറ്റി ടീസറില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം 3യിലെ സീനിന് ഇല്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യെടുന്നത്.
‘ദൃശ്യം എന്ന് ആരെങ്കിലും ഒരു സിനിമയ്ക്ക് ടൈറ്റില്‍ ഇടുമോ?. പക്ഷേ ഈ സിനിമയ്ക്ക് ഇങ്ങനെയൊരു ടൈറ്റില്‍ മാത്രമേ ഇടാന്‍ പറ്റുള്ളൂവെന്ന് ഈ സിനിമ കണ്ട് കഴിയുമ്പോള്‍ തോന്നും. കാര്യം അത്തരത്തില്‍ ദൃശ്യം എന്ന് പറയുന്ന വാക്കിനെ സിനിമയില്‍ വളരെ ക്ലെവറായിട്ട് ഉപയോഗിച്ചിട്ടുണ്ട്. വളരെ നല്ല രീതിയില്‍ കൊറിയോഗ്രാഫി ചെയ്ത്, ആ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാത്രം ഷൂട്ട് ചെയ്ത് ആ സിനിമയെ പ്രെസന്റ് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ ഏറ്റവും വലിയ വിജയം.
അത്രയും നല്ലൊരു സ്‌ക്രിപ്റ്റിനെ എത്ര മോശമാക്കി എടുത്താലും അത് നന്നായിരിക്കും. ഇനി അത്രയും മോശപ്പെട്ട സ്‌ക്രിപ്റ്റിനെ എത്ര നല്ലതാക്കി എടുത്താലും അത് മോശമായി തന്നെയിരിക്കും. പക്ഷേ ഏറ്റവും നല്ല സ്‌ക്രിപ്റ്റിനെ ഏറ്റവും മനോഹരമാക്കി എടുത്തുകഴിഞ്ഞാല്‍ അത് നല്ല സിനിമയായി മാറും,’ മോഹന്‍ലാല്‍ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2021ല്‍ ഒ.ടി.ടി റിലീസ് ആയിരുന്നിട്ടും, ഇതേ സീരിയല്‍ ലെവല്‍ മേക്കിങ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടും ദൃശ്യം 2 വിനെ പ്രേക്ഷകര്‍ ഏറ്റെടുക്കാനുള്ള പ്രധാന കാരണം തിരക്കഥയായിരുന്നു. ചിത്രത്തിന്റെ ടെക്‌നിക്കല്‍ ക്വാളിറ്റി എത്ര മോശമായാലും ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകരെ ആവേശം ഒട്ടും ചോരാതെ ദൃശ്യം 3ക്കായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
Content Highlight: mohanlal’s old interview goes viral after drishyam 3 teaser out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.