പുതിയ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുന്നില്ല എന്ന വിമര്‍ശനം ഒരുപാട് കാലമായി കേള്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. പരീക്ഷണ സിനിമകള്‍ യാതൊരു മടിയും കൂടാതെ ചെയ്യുന്ന മമ്മൂട്ടിയുമായി മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. സ്വന്തം സൗഹൃദവലയത്തില്‍ തന്നെ ഒതുങ്ങിക്കൂടുന്നു എന്നാണ് മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനം.
എന്നാല്‍ എപ്പോഴൊക്കെ വിമര്‍ശിക്കുന്നുവോ അതിനെയെല്ലാം കാറ്റില്‍ പറത്തി തന്റെ റേഞ്ച് തെളിയിച്ചിട്ടുള്ള മോഹന്‍ലാല്‍ സിനിമാലോകത്തെ തുടര്‍ച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നായി പുതിയ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. കഴിഞ്ഞദിവസം അനൂപ് സത്യനുമൊത്തുള്ള പ്രൊജക്ട് അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ ലൈനപ്പുകള്‍ സിനിമാപേജുകള്‍ ചര്‍ച്ച ചെയ്യുന്നത്.
തുടരുമിലൂടെ തരുണ്‍ മൂര്‍ത്തിക്കൊപ്പം കൈകോര്‍ത്ത് പുതിയ ട്രാക്കിലാണെന്ന് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ക്കൊപ്പം പ്രൊജക്ട് അനൗണ്‍സ് ചെയ്തത് ആരാധകരില്‍ ചെറിയ നിരാശ സമ്മാനിച്ചു. പിന്നാലെ തന്റെ അടുത്ത സിനിമയായ ഓപ്പറേഷന്‍ സിന്ദൂറില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന മേജര്‍ രവിയുടെ അനൗണ്‍സ്‌മെന്റ് കൂടിയായതോടെ നിരാശ ഇരട്ടിയായി.
അടുത്തിടെ തുടക്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സൗഹൃദത്തിന്റെ പേരില്‍ സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും തനിക്ക് ഇഷ്ടമാകുന്ന പ്രൊജക്ടുകള്‍ മാത്രമേ ചെയ്യുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞത് പ്രതീക്ഷ നല്‍കി. ഈ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ബ്രാന്‍ഡ് Lന്റെ ലൈനപ്പ്.
തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള അതിമനോഹരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഏറെക്കാലമായി ആരാധകര്‍ കാണാനാഗ്രഹിക്കുന്ന ലാലേട്ടന്‍- പോത്തേട്ടന്‍ കോമ്പോ ഈ സിനിമയിലൂടെ സാധ്യമായിരിക്കുകയാണ്. ഇതിന് ശേഷം ജൂഡ് ആന്തണിയുമായുള്ള പ്രൊജക്ടും മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ട്.
അതിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് അനൂപ് സത്യന്‍. വരനെ ആവശ്യമുണ്ട് എന്ന ഹിറ്റിന് ശേഷം ഈ കോമ്പോയില്‍ ഒരു സിനിമയെക്കുറിച്ച് റൂമറുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍- നസറുദ്ദീന്‍ ഷാ- ശോഭന കോമ്പോയില്‍ ഒരുങ്ങുന്ന റോഡ് മൂവിയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അനൗണ്‍സ് ചെയ്ത പ്രൊജക്ട് മറ്റൊന്നാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ചെറിയ കോമഡി എന്റര്‍ടൈനറാകും അനൂപ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുക.
അനൗണ്‍സ് ചെയ്ത ഈ സിനിമകള്‍ക്ക് പുറമെ കൃഷന്ദ്, ഷാഹി കബീര്‍ എന്നിവര്‍ക്കൊപ്പമുള്ള പ്രൊജക്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിദംബരം- മോഹന്‍ലാല്‍ കോമ്പോയും അധികം വൈകാതെ കാണാനാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Mohanlal’s lineup with new directors gives happiness for fans