ന്യൂദല്‍ഹി: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാനായി ദൗത്യ സംഘത്തെ രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹ സ്ഥാപകനും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ആദ്യ ചെയര്‍മാനുമായ നന്ദന്‍ നിലേക്കനിയാണ് ദൗത്യ സംഘം അധ്യക്ഷനെന്നും മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു ഉന്നതാധികാര ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയാണെന്ന് പ്രധാനമന്ത്രി വീഡിയോയില്‍ പറഞ്ഞു. ലോകപ്രശസ്ത സാങ്കേതിക വിദഗ്ദ്ധന്‍ നന്ദന്‍ നിലേകനി ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സായിരിക്കും രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ പരിഷ്‌കാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ടാസ്‌ക്‌ഫോഴ്‌സ്. അതിന്റെ അതിന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി ഇനി വരാനിരിക്കുന്ന പരീക്ഷകളുടെ സമഗ്രത ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിവിധ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോയില്‍ മോദി അവകാശപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ കൈകടത്തിയവര്‍ ജയിലില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ഇതിനകം അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
കര്‍ശനമായ നിയമ വ്യവസ്ഥകള്‍ അടങ്ങുന്ന പുതിയ നിയമ നിര്‍മാണം പാര്‍ലമെന്റില്‍ നടപ്പിലാക്കുന്നതിലേക്കായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒപ്പം തന്നെ നമ്മള്‍ ഭാവിയിലേക്ക് നോക്കേണ്ടതുണ്ട്. നമ്മുടെ പരീക്ഷാ സമ്പ്രദായം വിശ്വസനീയവും സുതാര്യവുമായിരിക്കണം. കൂടാതെ അതിനായി സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം’ എന്നും മോദി അഭിപ്രായപ്പെട്ടു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിമര്‍ശന വിധേയനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിക്കുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഉത്തരവാദിക്കം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുമാസത്തിലധികമായി തുടര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രിയുടെ രാജി. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിരുന്നു.
അതേസമയം ദൗത്യ സംഘം രൂപീകരിച്ചത് മോദിയുടെ പ്രതിച്ഛായയെ തകര്‍ന്നതിനെ പരിഹരിക്കാനുള്ള ശ്രമമായാണെന്ന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ‘പ്രധാനമന്ത്രിയുടെ വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്ന പ്രതിച്ഛായ പരിഹരിക്കാനുള്ള ഉന്നതാധികാര ശ്രമമാണ്’ ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
2024ല്‍ നീറ്റ് – യു.ജി അടക്കമുള്ള പരീക്ഷകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഡാ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല വിദഗ്ദ്ധ സമിതി രൂപീകരിച്ചിരുന്നു. കെ രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ 101 ശുപാര്‍ശകള്‍ മോദി സര്‍ക്കാര്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
2024ലെയും 2026ലെയും പേപ്പര്‍ ചോര്‍ച്ചയ്ക്കിടയിലുള്ള രണ്ട് വര്‍ഷങ്ങളില്‍ മിക്ക സമയത്തും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ ജനറലിനെ പോലു നിയമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Modi Announces Task Force on Exam Reforms: Congress calls attempt to fix PM’s image
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.