കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; മരണം സ്ഥിരീകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
World News
കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; മരണം സ്ഥിരീകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ആദര്‍ശ് എം.കെ.
Sunday, 15th February 2026, 11:07 am

 

ന്യൂയോര്‍ക്: കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറ് ദിവസമായി നടന്ന തിരച്ചിലുകള്‍ക്കൊടുവിലാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്‌ലി ക്യാമ്പസിന് സമാപത്തെ ലേക്ക് അന്‍സയില്‍ നിന്നും സാകേതിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ആറ് ദിവസമായി സാകേതിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കള്‍ ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവരുന്നത്.

ഫെബ്രുവരി ഒമ്പതിനാണ് സാകേതിനെ അവസാനമായി കണ്ടത്. ക്യാമ്പസില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് കാണാതായതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള തിരച്ചില്‍ നടന്നിരുന്നു.

തിരച്ചിലിനിടെ ടില്‍ഡന്‍ റീജ്യണല്‍ പാര്‍ക്കിന് സമീപമുള്ള ഒരു വീടിന് അടുത്തുനിന്ന് സാകേതിന്റെ പാസ്പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിരുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണവാര്‍ത്ത സ്ഥിരീകരിച്ചു. സാകേതിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ കോണ്‍സുലേറ്റ്, മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സാകേതിന്റെ കുടുംബാംഗങ്ങളുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്ന സാകേത്, ഐ.ഐ.ടി മദ്രാസിലെ മുന്‍ വിദ്യാര്‍ത്ഥിയുമായിരുന്നു.

 

Content Highlight: Missing Indian student found dead in California

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.