വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ തീരാദുരിതം തുടങ്ങിയിട്ട് നാലുവര്‍ഷമായി. അതായത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയ 2015 ഡിസംബര്‍ മുതല്‍. ഈ നാല് വര്‍ഷത്തിനിടെ തുറമുഖ നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പോലും പൂര്‍ത്തീകരിക്കാന്‍
അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല. കടലില്‍ ഉണ്ടായിട്ടുള്ള വ്യത്യസ്ത മാറ്റങ്ങള്‍ തന്നെയാണ് അതിനു കാരണം. ഈ നാലുവര്‍ഷത്തിനിടെ നിരവധി കടല്‍ ദുരന്തങ്ങള്‍ക്കാണ് തുറമുഖ പദ്ധതി പ്രദേശം സാക്ഷ്യം വഹിച്ചത്. അതില്‍ പ്രധാനപ്പെട്ടത് ഓഖിയാണ്.
2017 നവംബര്‍ 29ന് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് കവര്‍ന്നത് 81 മത്സ്യത്തൊഴിലാളികളുടെ ജീവനാണ്. 91 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നൂറോളം വീടുകള്‍ ഭാഗികമായും മുപ്പതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി കടലില്‍ പോയവരായിരുന്നു മരിച്ചവരും കാണാതായവരും. ഇവരുടെ വിയോഗം നൂറുകണക്കിന് കുടുംബങ്ങളെ അനാഥരാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓഖി കൂടാതെ വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം തുടങ്ങിയ തീരങ്ങള്‍ കടലെടുക്കല്‍, വലിയതുറ കടല്‍പ്പാലം തകര്‍ന്നു വീണു, തുടങ്ങി നിരവധി സംഭവങ്ങള്‍ തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി നടന്നു. തുറമുഖവും അതുവഴി നല്‍കാം എന്നു പറഞ്ഞ ജോലിയും മറ്റു ‘സൗഭാഗ്യങ്ങളും’ ഒന്നും വേണ്ട എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പറയുന്നത്.

തുറമുഖ നിര്‍മാണ പ്രദേശത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടക്കാതിരിക്കാനുള്ള പദ്ധതികളാണ് കമ്പനി ഇപ്പോള്‍ നടപ്പിലാക്കുന്നത്. മുല്ലൂര്‍ ഭാഗം എന്‍ട്രന്‍സില്‍ നിന്നും വിഴിഞ്ഞത്തെ പുലിമുട്ടിലേയ്ക്ക് വരാനുള്ള റോഡില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി ഇപ്പോള്‍. ഈ സ്ഥലം തുറമുഖ റെയിലിന്റെ അറ്റമാണെന്നും അത് കൂട്ടിമുട്ടിക്കാന്‍ മതില്‍ പണിയാനാണ് ഗേറ്റ് നിര്‍മിക്കുന്നതെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം.
എന്നാല്‍ ആ പ്രദേശത്തേയ്ക്ക് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടക്കാതിരിക്കാനാണ് കമ്പനിയുടെ ഈ നീക്കമെന്ന് പ്രദേശവാസിയും അധ്യാപികയുമായ ജീവയും മല്‍സ്യത്തൊഴിലാളിയായ ബെനാന്‍സും ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞ കൗണ്‍സിലിന്റെ സമയത്ത് തുറമുഖത്തിലേയ്ക്ക് പോകാന്‍ ഗേറ്റ് സ്ഥാപിക്കാന്‍ പില്ലര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലിന്റെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു. ഇപ്പോള്‍ വീണ്ടും അവര്‍ പുതിയ പില്ലറിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അവിടെ ഗേറ്റ് ഇട്ടുകഴിഞ്ഞാല്‍ തീരദേശത്തെ ആരും അങ്ങോട്ടേയ്ക്ക് കടക്കില്ലല്ലോ. അതാണ് അവരുടെ ലക്ഷ്യം. നേരത്തെ പറഞ്ഞതിനേക്കാളും കൂടുതല്‍ തീരം തുറമുഖക്കാര്‍ ഇപ്പോള്‍ തന്നെ എടുത്തിട്ടുണ്ട്.
കുട്ടികള്‍ കളിക്കുന്ന സെന്റ് അലോഷ്യസ് ഗ്രൗണ്ട്, പള്ളിപ്പെരുന്നാള്‍ വരുമ്പോള്‍ ആഘോഷം സംഘടിപ്പിക്കുന്ന ഗ്രൗണ്ട് എന്നിവയെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി ഒരു ഗേറ്റ് കൂടി വന്നാല്‍ ഞങ്ങള്‍ക്ക് ആ മേഖലയിലേയ്ക്ക് കടക്കാന്‍ കഴിയാതെ വരും. ഞങ്ങളുടെ തീരം ഞങ്ങള്‍ക്ക് അന്യമാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജൂലൈയില്‍ കമ്മ്യൂണിറ്റി ഹാളില്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് മീറ്റിംഗ് കൂടിയപ്പോഴാണ് പില്ലറുകള്‍ പണിയാന്‍ കുഴിയെടുത്തത് ശ്രദ്ധയില്‍പ്പെടുന്നത്. അന്നുതന്നെ തുറമുഖം അധികൃതരുമായി ബന്ധപ്പെട്ട് ഒരു കോണ്‍ട്രാക്ടര്‍ റോയി ഞങ്ങളെ കാണാന്‍ വന്നിരുന്നു. വളരെ മോശമായ രീതിയിലാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചത്. ആ സ്ഥലം അവരുടെതാണെന്നും ഞങ്ങള്‍ അവിടെ വരരുതെന്നും പറഞ്ഞു.
ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താന്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഇതുവരെ ഫോണില്‍ സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല. മന്ത്രിയുമായി മീറ്റിംഗ് നടത്താമെന്ന് തുറമുഖത്തിന്റെ രണ്ടു കോണ്‍ട്രാക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ഈ കോണ്‍ട്രാക്ടര്‍മാരെ ബന്ധപ്പെടുന്ന മന്ത്രി ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല.
മീറ്റിംഗ് കൂടാമെന്ന് മന്ത്രി രണ്ടു തവണ ഈ കോണ്‍ട്രാക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ പറഞ്ഞത് മന്ത്രി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്, പാലായിലെ തെരഞ്ഞെടുപ്പിലാണ് എന്നൊക്കെയാണ്. ഇതുവരെ മന്ത്രിയുടെ പി.എ പോലും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല.
നിലവിലെ പില്ലര്‍ പണിയുന്നത് തുറമുഖത്തിന് എടുത്തിട്ടുള്ള ഭൂമിയില്‍ നിന്ന് 10 മീറ്റര്‍ മാറി ഞങ്ങളുടെ ബാക്കിയുള്ള സ്ഥലത്താണ്. ഇവര് പറഞ്ഞ ഒരു പാക്കേജും ഞങ്ങള്‍ക്ക് നടപ്പിലാക്കിയിട്ടില്ല. ഈ ഏരിയയില്‍ 37 വീട് ഇവരുടെ അശാസ്ത്രീയ നിര്‍മാണം കാരണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
മഴപെയ്യുന്ന വെള്ളവും അവിടെയുള്ള ചാലിലെ വെള്ളവും കടലിലേയ്ക്ക് ഒഴുകുന്നില്ല. എപ്പോഴും അവിടെ വെള്ളക്കെട്ടാണ്. ഇതുകാരണം കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. തിരതള്ളല്‍ കാരണം നിലവിലെ ഹാര്‍ബറില്‍ വരെ പണിക്കു പോകാന്‍ കഴിയുന്നില്ല. ഈ തിരയില്‍പ്പെട്ട് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടിട്ടുമുണ്ട്.’- ജീവ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എട്ടു മാസത്തിനു മുമ്പേ ഗേറ്റിടാനുള്ള പദ്ധതിയുമായി വന്നപ്പോള്‍ ഞങ്ങള്‍ അത് തടഞ്ഞിരുന്നു. പിന്നീട് ആരും അറിയാതെയാണ് ഇപ്പോഴുള്ള പില്ലറുകള്‍ നിര്‍മിക്കുന്നത്. അത് പൊളിക്കാന്‍ വേണ്ടി കമ്പനിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ തുറമുഖ മന്ത്രിയുമായി നേരില്‍ കണ്ടു ചര്‍ച്ച നടത്താം എന്ന നിഗമനത്തിലേയ്ക്ക് എത്തുകയും ചെയ്തു. ഇപ്പോള്‍ ഏകദേശം ഒരുമാസമായി.
ചര്‍ച്ച നടത്താതെ അദാനിയും മന്ത്രിയും നിര്‍മാണം പ്രവൃത്തികള്‍ നടത്തുന്ന വിസി(വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി)ലും ഒളിച്ചു കളിക്കുകയാണ്. നീതി കിട്ടോ എന്ന് ഞങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല. ഗേറ്റിട്ട് മതില്‍ കെട്ടി തുറമുഖ പ്രദേശത്തേക്ക് നാട്ടുകാരെ കടത്താതിരിക്കാനുള്ള തന്ത്രമാണിത്. മതില്‍ കെട്ടിയാല്‍ എന്തുതന്നെ അവിടെ നടന്നാലും ഞങ്ങള്‍ അറിയരുതല്ലോ. അതാണ് അവരുടെ പദ്ധതി.’- ബെനാന്‍സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മിക്കുന്നതിനുവേണ്ടി 40 വര്‍ഷത്തെ കരാറിനാണ് അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒരുകാലത്തും മാറ്റം വരുത്താന്‍ കഴിയാത്ത കരാരാണിത്. വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി വന്‍നഷ്ടമാണെന്നും വാണിജ്യ പ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനല്‍കേണ്ടതുണ്ട്.
കൂടാതെ മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടുനല്‍കിയിട്ടുമുണ്ട്. ഇത് ഈടുവച്ച് വായ്പയെടുക്കാന്‍ അദാനിക്ക് അവകാശം നല്‍കിയിരുന്നു. ഇവിടെ നടക്കുന്ന സ്വകാര്യ നിര്‍മ്മാണങ്ങള്‍ പോര്‍ട്ടിന്റെ പേരിലായതിനാല്‍ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങള്‍ ബാധകമല്ലതാനും.
കേരളാ മോഡല്‍ വികസനത്തിന്റെ പ്രധാന നാഴികക്കല്ലായി ചൂണ്ടിക്കാണിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും ജീവാനോപാധികള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഈ ഗേറ്റ് പ്രശ്‌നത്തില്‍ അവസാനിക്കുന്നതല്ല. അത് അവരുടെ ജീവിതമായും സംസ്‌ക്കാരമായും തൊഴിലുമായും ബന്ധപ്പെട്ടതാണ്.
