ലിജിന്‍ കടുക്കാരം
ലിജിന്‍ കടുക്കാരം
Labour Crisis
‘കേരളത്തെ ഞങ്ങള്‍ക്കറിയാം ഈ നാടിനെയറിയുന്നവരാരും തിരിച്ച് പോയിട്ടില്ല’; കേരളത്തിലെ ഇതര-സംസ്ഥാന തൊഴിലാളികള്‍ സംസാരിക്കുന്നു
ലിജിന്‍ കടുക്കാരം
Thursday 12th October 2017 5:05pm

 

ഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തത് കേരളത്തിലെ ഇതര-സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ അക്രമം നടക്കുന്നെന്ന വ്യാജ വാര്‍ത്തയെയും വാര്‍ത്തയെ തുടര്‍ന്ന് തൊഴിലാളികള്‍ വ്യാപകമായി തിരിച്ച് പോകുന്നതിനെയും കുറിച്ചായിരുന്നു.

ഹോട്ടല്‍ തൊഴിലാളികളുടെയും നിര്‍മ്മാണതൊഴിലാളികളുടെയും പെട്ടെന്നുള്ള കൊഴിഞ്ഞുപോക്കിനെ
തുടര്‍ന്ന്‌ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിച്ചപ്പോഴാണ് ഹോട്ടലുടമകളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും ശ്രദ്ധ വിഷയത്തില്‍ പതിയുന്നത്. തുടര്‍ന്ന് വ്യാജപ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിച്ച് ഹോട്ടലുടമകള്‍ പത്രസമ്മേളനം വിളിക്കുകയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര-സംസ്ഥാന തൊഴിലാളികള്‍ക്ക് ഈ നാടിനെക്കുറിച്ചുള്ള അഭിപ്രായമെന്തെന്നും ഡൂള്‍ ന്യൂസ് അന്വേഷിക്കുകയുണ്ടായി.

കോഴിക്കോട്ടെ ഒരു ഹോട്ടല്‍ത്തൊഴിലാളിയുടെ ആത്മഹത്യയക്ക് പിന്നാലെയായിരുന്നു വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്ത പ്രചരണം. കോഴിക്കോട്ടെ ഒരു ഹോട്ടല്‍ത്തൊഴിലാളിയെ ഉടമയും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും കേരളം ഒട്ടും സുരക്ഷിതമല്ലെന്നുമായിരുന്നു ഹിന്ദിയില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പിലെ സന്ദേശം.

 

സ്ത്രീകള്‍ക്ക് നേരെയും അക്രമം നടന്നിട്ടുണ്ടെന്നും കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി നമുക്ക് ലഭിക്കുന്നില്ലെന്നും പറയുന്ന സന്ദേശത്തില്‍ കേരളത്തിലെ സര്‍ക്കാരും അക്രമത്തിനു കൂട്ട് നില്‍ക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇത് ഷെയര്‍ ചെയ്യണമെന്നും പറയുന്നുണ്ടായിരുന്നു.

ഇതര സംസ്ഥാനത്തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പായ ‘ഭായി ഭായി’ലായിരുന്നു ഈ സന്ദേശം ആദ്യമെത്തിയത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ് കിടക്കുന്നയാള്‍ക്കാരുടെയും മരിച്ച് കിടക്കുന്ന മറ്റൊരാളുടെയും മൂന്ന് ചിത്രങ്ങള്‍ സഹിതം രണ്ട് ഓഡിയോ ക്ലിപ്പുകളായിരുന്നു ഗ്രൂപ്പുകളിലെത്തിയത്.

 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു (5-10-17) ഈ മെസ്സേജുകള്‍ ആദ്യമായി ഗ്രൂപ്പുകളില്‍ എത്തിതുടങ്ങിയത്. ആദ്യദിവസം കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ശനിയാഴ്ചയാകുമ്പോഴേക്ക് സന്ദേശം വ്യാപകമായി പ്രചരിക്കപ്പെടുകയായിരുന്നെന്ന് സന റസ്റ്റോറന്റ് ആന്‍ഡ് ബിരിയാണി ഹട്ട് ഉടമയായ ഷമീര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഷമീര്‍- ഹോട്ടലുടമ (കോഴിക്കോട് സ്വദേശി)

‘തൊഴിലാളികള്‍ക്കിടയില്‍ ഇങ്ങനെയൊരു മെസ്സേജ് പ്രചരിക്കുന്നതായി വ്യാഴാഴ്ചയാണ് ശ്രദ്ധയില്‍പ്പെടുന്നത്. ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ ജീവനക്കാര്‍ അക്രമിക്കപ്പെടുന്നതായും കൊല്ലപ്പെടുന്നതായുമായിരുന്നു വാര്‍ത്ത. വ്യാജപ്രചരണമാണെന്ന് തൊഴിലാളികളെ പറഞ്ഞ് മനസിലാക്കിയെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സംഭവം കൈവിട്ടു പോവുകയായിരുന്നു.

വാട്സ്ആപ്പ് വഴിയുള്ള പ്രചരണത്തേക്കാള്‍ തൊഴിലാളികളുടെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കൂടുതല്‍ കോളുകള്‍ അവരെ തേടിയെത്തിയിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ നടക്കുന്ന പ്രചരണത്തേക്കാള്‍ അവരുടെ നാട്ടില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആകുമ്പോഴേക്കും നിരവധിപേരാണ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്.

തന്റെ ഹോട്ടലില്‍ നിന്നും 4 പേര്‍ പോയി, രാമനാട്ടുകരയിലെ സെന്‍ട്രല്‍ റെസ്റ്റോറന്റില്‍ നിന്നും ഒറ്റ ദിവസംകൊണ്ട് 26 പേരാണ് തിരിച്ച് പോയത്. അന്നപൂര്‍ണ്ണ ഹോട്ടലില്‍ നിന്നും 6 പേരും.’

പലരും കൂലിവാങ്ങാന്‍ നില്‍ക്കാതെയായിരുന്നു മടങ്ങിപ്പോയതെന്നും പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും ഹോട്ടലുടമകള്‍ പറയുന്നു. ഒരാഴ്ചകൊണ്ട് ഏകദേശം 800 ഓളം പേരാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പോയതെന്നും ഇവര്‍ പറയുന്നു.

കേരളത്തില്‍ പുറം നാട്ടുകാര്‍ക്കെതിരെ വ്യാപകമായ ‘അക്രമം നടക്കുന്നുണ്ടെന്ന്’ താനറിയുന്നത് സഹപ്രവര്‍ത്തകരില്‍ നിന്നായിരുന്നെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ ‘അറേബ്യന്‍ ഡൈനിസിലെ’ ഷെഫായ പശ്ചിമബംഗാള്‍ സ്വദേശി സദ്ദാം പറഞ്ഞു. ബംഗാളിലെ  മിഡ്‌നാപൂര്‍ സ്വദേശിയായ സദ്ദാം 10 വര്‍ഷമായി കോഴിക്കോട് ജോലിചെയ്യുന്നു.

സദ്ദാം- ഹോട്ടല്‍ത്തൊഴിലാളി (പശ്ചിമബംഗാളിലെ മിധ്നാപൂര്‍ സ്വദേശി, കോഴിക്കോടെത്തിയിട്ട് 10 വര്‍ഷം)


വ്യാപകമായ അക്രമങ്ങളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിയുന്നത്. വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത വന്നതെന്നും ഇവിടം സുരക്ഷിതമല്ലെന്നുമുള്ള രീതിയിലായിരുന്നു അവരുടെ സംസാരം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ജീവിക്കുന്ന എനിക്ക് കേരളം സ്വന്തം നാടുപോലെയാണ്. കോഴിക്കോടാണ് ജോലിയെങ്കിലും അവധി ദിവസങ്ങളില്‍ വയനാടും മറ്റു സ്ഥലങ്ങളിലും ഞങ്ങള്‍ പോകാറുണ്ട്.

മലയാളം നന്നായി എനിക്ക് സംസാരിക്കാനറിയാം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു വാര്‍ത്തയുണ്ടെന്നറിഞ്ഞപ്പോള്‍ അതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ എനിക്ക് കഴിഞ്ഞു. വാര്‍ത്ത ഇവിടെ മറ്റുതൊഴില്‍ ചെയ്ത് ജീവിക്കുന്ന തൊഴിലാളികളിലേക്കും എത്തിയിരുന്നു.

അതിനേക്കാളായിരുന്നു അവരുടെ നാടുകളിലെ അവസ്ഥ. ഇവിടുത്തെപ്പോലെത്തന്നെ എല്ലാവരുടെയും നാടുകളിലും വാര്‍ത്തയെത്തിയിരുന്നു. ബീഹാര്‍, യു.പി, ഒഡീഷ, രാജസ്ഥാന്‍, ആസ്സാം, ബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ വാര്‍ത്തയെത്തിയിരുന്നു. നാട്ടില്‍ നിന്നും വിളിച്ച് ഇവിടെ പ്രശ്നമുണ്ടെന്ന് പറയുന്നതായിരുന്നു എല്ലാവരെയും കുഴപ്പത്തിലാക്കിയത്. ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞാലും ചിത്രങ്ങളും മറ്റും പ്രചരിച്ചതിനാല്‍ അവര്‍ക്ക് വിശ്വാസം വരുന്നില്ലായിരുന്നു.

വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാത്തവരായിരുന്നു കൂടുതല്‍ പ്രശ്നത്തിലായത്. പിന്നെ തിരിച്ച് പോയവരില്‍ അധികവും കേരളത്തില്‍ അടുത്തിടെയെത്തിയവര്‍ മാത്രമാണ്. രണ്ടും മൂന്നുംമാസം മുന്നേ എത്തിയ ചെറുപ്പക്കാര്‍ ഇത്തരത്തില്‍ വാര്‍ത്ത പടര്‍ന്നതോടെ പേടിക്കുകയായിരുന്നു. അവര്‍ക്ക് ഭാഷാപരമായ പ്രശ്നമുള്ളതിനാല്‍ സത്യാവസ്ഥ മനസിലാക്കാനും കഴിഞ്ഞില്ല. ഇത്തരക്കാരാണ് മടങ്ങിപ്പോയവരില്‍ അധികവും.

എന്റെ കൂടെയുള്ളവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഹോട്ടലുടമകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തും ഞങ്ങള്‍ സത്യാവസ്ഥ അവതരിപ്പിച്ചു. മുംബൈ, ദല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ജോലിചെയ്ത ശേഷമാണ് ഞാന്‍ ഇവിടെയത്തിയത്. അവിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇവിടെ.

ഇവിടുത്തെ നാട്ടുകാര്‍ ഞങ്ങളെ മാറ്റിനിര്‍ത്തുന്നതായി എനിയ്ക്ക് തോന്നിയിട്ടില്ല. സ്ഥാപന ഉടമകളുടെ പെരുമാറ്റവും സൗഹൃദപരമാണ്. മറ്റിടങ്ങളില്‍ അതല്ല അവസ്ഥ. അതാണ് ഞാനിവിടെ തുടരാന്‍ കാരണം. നാട്ടില്‍ കേരളത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു, നാട്ടിലെ ഒരുപാട് പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഈ നാടിനെക്കുറിച്ച് നല്ല അഭിപ്രായമാണ്.

പക്ഷേ കഴിഞ്ഞ നാലുദിവസംകൊണ്ട് എല്ലാംമാറി, ഇപ്പോള്‍ അവര്‍ക്ക് കേരളമെന്ന് കേള്‍ക്കുമ്പോള്‍ ചെറിയ പേടിയാണ്. വിളിക്കുമ്പോള്‍ അവര്‍ ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. എല്ലാവരുടെയും വീടുകളില്‍ നിന്ന് വാര്‍ത്തയറിഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം തന്നെ വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞു.

ദീപാവലിയും മുഹറവും പ്രമാണിച്ച് കൂടുതല്‍പ്പേര്‍ നാട്ടിലാണിപ്പോള്‍ ആ സാഹചര്യത്തിലാണ് വാര്‍ത്തപടര്‍ന്നത്. അതുംനാട്ടില്‍ കൂടുതലായി വാര്‍ത്തയെത്താന്‍ കാരണമായി. ആസ്സാം സ്വദേശിയായ ഒരാള്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ എന്നോട് പറഞ്ഞത് തന്റെ കൈയ്യില്‍ ഐഡിന്റിറ്റി കാര്‍ഡ് ഇല്ലെന്നും നാളെ അത് പ്രശ്നമാകുമെന്നുമായിരുന്നു. ഈ കാരണം പറഞ്ഞായിരുന്നു അയാള്‍ പോയത്. അവരെല്ലാം പുതുതായെത്തിയവരാണ്, കേരളത്തെ ഞങ്ങള്‍ക്കറിയാം ഈ നാടിനെയറിയുന്നവരാരും തിരിച്ച് പോയിട്ടില്ല.

ഞാന്‍ എന്റെ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഈ നാട്ടില്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്ത വരുന്നത്. അങ്ങിനെയാണെങ്കില്‍ ഞാനതിന് തയ്യാറാകില്ലലോ.. റൂം നോക്കിക്കൊണ്ടിരിക്കുകയാണ് ശരിയായാല്‍ അവരെയും കൊണ്ടുവരും’

കേരളത്തില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടുന്ന കൂലി നാട്ടിലും കിട്ടിതുടങ്ങിയെന്നും സദ്ദാം സാക്ഷ്യപ്പെടുത്തുന്നു. ‘രണ്ട് വര്‍ഷം മുമ്പ് ഇതായിരുന്നില്ല സാഹചര്യം. ഇവിടെയായിരുന്നു കൂടുതല്‍ കൂലി കിട്ടിയിരുന്നത്.’ ഇപ്പോള്‍ അവിടെയും ഇവിടെയും ഒരേ കൂലി ലഭിച്ച് തുടങ്ങിയെന്നും അയാള്‍ പറയുന്നു.

‘ഇത്തരം പ്രചരണത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ല. തൊഴിലാളികളെ ഇവിടെയെത്തിക്കുന്ന ഏജന്റ് മാരുടെ കളിയായിരിക്കാം എന്നു പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സത്യാവസ്ഥ അറിയാതെ നമുക്കത് പറയാന്‍ കഴിയില്ലില്ലലോ.. കൂടുതല്‍ തൊഴിലാളികള്‍ എത്തുമ്പോള്‍ പുതുതായെത്തുന്നവര്‍ക്ക് ജോലി വാങ്ങി നല്‍കാന്‍ ഇത്തരം പ്രചരണങ്ങള്‍ ഏജന്റുമാരെ സഹായിക്കുമല്ലോ.. ഞാനിങ്ങനെയൊരു സംശയം പറയുന്നത് കേട്ടു’ സദ്ദാം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍ മേഖലയ്ക്ക് പുറമെ തൊഴിലാളികളുടെ കൊഴിഞ്ഞുപ്പോക്ക് നിര്‍മ്മാണ മേഖലയെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹോട്ടല്‍ വ്യവസായത്തെപ്പോലെ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയാണ് നിര്‍മ്മാണ മേഖല.

ഇത്തരം വാര്‍ത്ത പ്രചരിക്കുന്നത് തങ്ങളുടെ ശ്രദ്ധയിലും പെട്ടിരുന്നെന്ന് നിര്‍മ്മാണത്തൊഴിലാളിയായ രാജു പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാശി സ്വദേശിയായ രാജു നാലു വര്‍ഷമായി കോഴിക്കോട് എത്തിയിട്ട്. എന്നാല്‍ തങ്ങളുടെ കൂടെയുള്ള ആര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിരിച്ച് പോകുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും രാജു പറയുന്നു.

.

രാജു – നിര്‍മ്മാണത്തൊഴിലാളി (ഉത്തര്‍പ്രദേശിലെ കാശി സ്വദേശി കോഴിക്കോടെത്തിയിട്ട് നാലു വര്‍ഷം)

നാട്ടില്‍ നല്ല കൂലി ലഭിക്കാറില്ല, അതാണ് ഞാന്‍ ഇവിടേക്ക് വരാന്‍ കാരണം. നാലു വര്‍ഷമായി ഇവിടെയെത്തിയിട്ട് പഴയത് പോലെ ഇപ്പോള്‍ ജോലിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പണികുറവാണെന്നേയുള്ളു നല്ലയാള്‍ക്കാരാണ് ഇവിടെയുള്ളത്. നല്ലരീതിയില്‍ തന്നെ ജീവിക്കാം.

ഇവിടെയെത്തിയ സമയത്ത് കൂടെ ജോലിചെയ്യുന്നവരാണെങ്കില്‍പ്പോലും ഞങ്ങളോട് അവഗണന കാട്ടിയിരുന്നു. കൂടെയുള്ളയാളായി ഞങ്ങളെ കണ്ടിരുന്നില്ല. പക്ഷേ ഇപ്പോഴതല്ല അവസ്ഥ, എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഇപ്പോള്‍ ഞങ്ങളെല്ലാം ഒരുപോലെ തന്നെയാണ്. രണ്ടുപേരെ മര്‍ദ്ദിച്ച് കൊന്നെന്നും വ്യാപകമായ അക്രമണം നടക്കുന്നുണ്ടെന്നുമുള്ള വാര്‍ത്ത ഞങ്ങളും അറിഞ്ഞിരുന്നു.

എന്റെ കൂടെ റൂമിലുള്ളവരാണ് ഇത് പറഞ്ഞത്. പക്ഷേ ഇത്രയും നാള്‍ ഇവിടെ ജീവിച്ചിട്ട് മലയാളികളെക്കൊണ്ട് ഞങ്ങള്‍ക്കൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. എനിക്ക് മാത്രമല്ല, എന്റെ റൂമില്‍ നാലുപേരുണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഇത്തരത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത വന്നപ്പോള്‍ ഞങ്ങളത് വിശ്വസിച്ചും ഇല്ല. എന്റെ നാട്ടില്‍ ഈ വാര്‍ത്തയറിഞ്ഞിട്ടില്ല. അവിടെനിന്നാരും ഇതിനെക്കുറിച്ച് ചോദിച്ചിരുന്നില്ല.

മലയാളികളും ഞങ്ങളുടെ നാട്ടുകാരും ഒരു പോലെയാണെന്ന് എനിക്ക് തോന്നുന്നില്ല. നാട്ടില്‍ പണിയില്ലാതെയായപ്പോഴാണ് ഞങ്ങള്‍ ഇങ്ങോട്ട് വന്നത്. ഇവിടെ പെട്ടെന്നു തന്നെ ജോലി ലഭിച്ചിരുന്നു. വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ. ഇവിടെയുള്ളവര്‍ നമ്മുടെ നാട്ടിലേക്കാണ് വരുന്നതെങ്കില്‍ ഇതായിരിക്കില്ല സ്ഥിതി. പെട്ടന്ന് ജോലിയൊന്നും കിട്ടില്ല.

സത്യം പറഞ്ഞാല്‍ കേരളം ഞങ്ങളുടെ സൗദിയാണ്. വരുന്നവര്‍ക്കെല്ലാം ഇവിടെ ജോലി ലഭിക്കുന്നുണ്ട്. മെച്ചപ്പെട്ട ജീവിതവും.’

 

ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ രാകേഷ് എട്ട് വര്‍ഷമായി കോഴിക്കോട് ഷോപ്പ് കീപ്പറായി ജോലിചെയ്യുന്നു. ഇതുവരെയും തനിക്ക് മോശമായ ഒരു അനുഭവവും ഇവിടെ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്ന് അദേഹം പറയുന്നു. വാട്സ്ആപ്പിലൂടെയുള്ള പ്രചരണം താനറിയുന്നത് കടയുടമയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാകേഷ്- ഷോപ്പ് കീപ്പര്‍ (ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശി കോഴിക്കോടെത്തിയിട്ട് എട്ടു വര്‍ഷം)

‘കഴിഞ്ഞ എട്ടുവര്‍ഷമായി ഞാനീ നഗരത്തിലുണ്ട്. നാട്ടിലെ ജോലിയേക്കാള്‍ മെച്ചപ്പെട്ട കൂലിയും ജീവിതസാഹചര്യവും എനിക്കിവിടെ കിട്ടുന്നുണ്ട്. എന്റെ കുടുംബവും എന്നോടൊപ്പമുണ്ട്. ജീവനു ഭീഷണിയുള്ള നാടാണെങ്കില്‍ കുടുംബത്തെയും കൊണ്ട് ഞാനിവിടെ കഴിയില്ലല്ലോ.

ഇത്തരത്തില്‍ അക്രമം നടക്കുന്നതായുള്ള വാര്‍ത്ത ഞാനറിഞ്ഞിരുന്നില്ല. എനിക്കിങ്ങനെയുള്ള സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ടി.വിയില്‍ വാര്‍ത്തയുണ്ടായിരുന്നെന്ന് കടയുടമ പറയുമ്പോഴാണ് അറിയുന്നത്. മലയാള വാര്‍ത്ത കണ്ടാലും എനിക്കത് മനസിലാകില്ലല്ലോ.

ഇപ്പോള്‍ ആളുകള്‍ കൂടുതലായി തിരിച്ച് പോകുന്നുണ്ടെന്ന് നിങ്ങള്‍ പറയുന്നു. എനിക്ക് തോന്നുന്നത് അവര്‍  ദീപാവലി  ആഘോഷവുമായി ബന്ധപ്പെട്ട് പോകുന്നതാണെന്നാണ്. അല്ലാതെ ജീവിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു പ്രശ്നവും ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

എന്റെ താമസസ്ഥലത്ത് നമ്മള്‍ ആറു കുടുംബമാണുള്ളത്. അതില്‍ അഞ്ച് പേരും കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ടുണ്ട്. അവരെല്ലാം ദീപാവലി നാട്ടില്‍ ആഘോഷിക്കാന്‍ പോയതാണ്. ഇത്തരത്തില്‍ ഒരു പ്രശ്നമുള്ളതായി അവര്‍ പോകുന്നത് വരെ അറിഞ്ഞിരുന്നില്ല.


കൂലിപ്പണിക്കാരനായ രഗ്ബീറിനു മലയാളികളുടെ പെരുമാറ്റത്തെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. പലതരത്തിലുള്ള ആളുകളുമായി ഇടപഴകുന്ന തന്നെയെല്ലാവരും ‘ഭായി’ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് യു.പിയിലെ ഝാന്‍സി സ്വദേശിയായ രഗ്ബീര്‍ സാക്ഷ്യപ്പെടുത്തുന്നു.

രഗ്ബീര്‍- കൂലിത്തൊഴിലാളി (ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശി കോഴിക്കോടെത്തിയിട്ട് അഞ്ചു വര്‍ഷം)

‘ബീച്ച് ഹോട്ടലിനു സമീപമാണ് തങ്ങള്‍ താമസിക്കുന്നത്. അഞ്ച് വര്‍ഷമായി ഇവിടെയുണ്ട്. ഇവിടുത്തെ ആള്‍ക്കാര്‍ തങ്ങളിലൊരാളായി ഞങ്ങളെ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരകല്‍ച്ച പെരുമാറ്റങ്ങളില്‍ ഉണ്ടാകാറുണ്ട് അത് സ്വാഭാവികമാണല്ലോ.

പക്ഷേ എല്ലാവരും നല്ല രീതിയിലാണ് പെരുമാറുന്നത്. ഉയര്‍ന്ന തൊഴില്‍ ചെയ്യുന്നവരായാലും തൊഴിലാളികള്‍ ആയാലും എന്ത് പറയുമ്പോഴും ഭായി എന്നാണ് ഇവിടെ വിളിക്കുക. നാട്ടില്‍ അങ്ങനെയല്ല.

കൂട്ടമായും ഒറ്റയ്ക്കും ജോലിക്ക് പോകുന്നവരുണ്ട്. എല്ലാവരും ജോലിയും കഴിഞ്ഞ് നല്ല കൂലിയുമായിത്തന്നെ മടങ്ങിയെത്താറുണ്ട്. കൂലിക്കാരോട് നാട്ടില്‍ കാണിക്കുന്ന മനോഭാവമൊന്നും ഇവിടെയുള്ളവര്‍ കാട്ടാറില്ല. എന്നുകരുതി ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രായമൊന്നും എനിക്കില്ല.

നാട്ടിലേക്കാള്‍ ജോലിയുണ്ട്, കൂലിയുണ്ട് സമാധാനമായി ജീവിക്കാനും കഴിയുന്നുണ്ട്. നാട്ടിലേക്കാള്‍ നല്ല ജീവിതസാഹചര്യം ഇവിടെയുണ്ട്. നിങ്ങള്‍ പറയുന്നപോലെ ഞങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഒന്നും ഇവിടെയുണ്ടെന്ന് തോന്നുന്നില്ല. ഞാനിതൊന്നും അറിഞ്ഞിട്ടില്ല. നാട്ടില്‍ നിന്നും വിളിച്ച് പറഞ്ഞുമില്ല. താമസസ്ഥലത്തും ഇങ്ങനെയൊരു സംസാരം ഉള്ളതായി തോന്നുന്നില്ല. വളരെ നല്ല രീതിയില്‍ തന്നെയാണ് ഇവിടുള്ളവര്‍ പെരുമാറുന്നത്. നല്ലയാള്‍ക്കാരാണ് എല്ലാവരും.’

 

 

വ്യാജവാര്‍ത്ത പ്രചരണത്തെ വൈകിയെങ്കിലും ഫലപ്രദമായി നേരിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. വാട്‌സ്ആപ്പ് പ്രചരണത്തെ അതേരീതിയില്‍ എതിര്‍ കാമ്പയിന്‍കൊണ്ട് നേരിടുകയാണ് ഇവര്‍. തൊഴിലാളികളെക്കൊണ്ട് സത്യാവസ്ഥ അവതരിപ്പിച്ചുള്ള വീഡിയോ സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും വിഷയത്തില്‍ ഇടപെട്ടെന്നതും ശ്രദ്ധേയമാണ്.

ലിജിന്‍- മാധ്യമത്തൊഴിലാളി (കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി)

ഇതര-സംസ്ഥാനത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍പ്പേരെത്തുന്ന സംസ്ഥാനമാണ് കേരളം എന്ന കാര്യത്തില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടാകാനിടയില്ല. എന്നാല്‍ ഇവരോട് ഏത് രീതിയിലാണ് മലയാളികള്‍ പെരുമാറുന്നതെന്നും അവരുടെ ജീവിത സാഹചര്യം എന്താണെന്നും ആരും അറിയാന്‍ ആഗ്രഹിക്കുന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവര്‍ത്തനം സജീവമായ നാട്ടില്‍ എത്ര അന്യ-സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സംഘടനകള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

തങ്ങളുടെ നാടിനേക്കാള്‍ മികച്ച സൗകര്യം ഇവിടെയുണ്ടെന്ന് പറയുന്ന തൊഴിലാളികളാരും തന്നെ തൊഴിലാളി സംഘടനകളെക്കുറിച്ചോ സംഘടനാ നേതാക്കളുടെ ഇടപെടലുകളെക്കുറിച്ചോ യാതൊരു തരത്തിലുള്ള അഭിപ്രായങ്ങളും പങ്ക് വെച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

 

ഒന്നു ശ്രദ്ധിച്ചാല്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍പ്പോലും കേരളത്തിന്റെയും പുരോഗമന രാഷ്ടീയത്തിന്റെയും ‘അംബാസിഡര്‍മാരെ’ സൃഷ്ടിക്കാന്‍ നമുക്ക് യാതൊരു ചെലവുമില്ലാതെ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം. അതിനവരോട് മുഖത്ത് നോക്കി ചിരിക്കണം, മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കണം, ആരോഗ്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അവരോട് സംസാരിക്കാനാവണം മലയാളികളുടെ പ്രബുദ്ധതയില്‍ അഹങ്കരിക്കുന്ന ഈ നാട്ടുകാര്‍ക്ക്.

തങ്ങളുടെ നാടെങ്ങനെയാണ് ഇങ്ങനെയായിത്തീര്‍ന്നതെന്നത് നാം അവര്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ടതുണ്ട്. ഇരുണ്ട കാലത്തെ തൊഴിലാളി ജീവിതത്തില്‍ നിന്ന് നിവര്‍ന്ന് നിന്ന് ജീവിക്കാന്‍ എങ്ങിനെയാണ് ഈ നാട്ടിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞതെന്നതിനെക്കുറിച്ച്, തങ്ങളുടെ നാട്ടില്‍ എങ്ങിനെയാണ് ഇത്രയും മെച്ചപ്പെട്ട ആരോഗ്യ രംഗമുണ്ടായതെന്നതിനെക്കുറിച്ച്, തങ്ങളുടെ മക്കള്‍ക്കെങ്ങനെ നല്ല വിദ്യാഭ്യാസം ലഭിച്ചൂവെന്നത് അവരോട് നാം തുറന്ന് പറയേണ്ടതുണ്ട്.

കര്‍ഷകരുടെയും തൊഴിലാളി വിഭാഗത്തിന്റെയും പോരാട്ടങ്ങളും സമരചരിത്രങ്ങളും അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടണം. ഈ നാടിന്റെ വളര്‍ച്ചയെങ്ങനെയായിരുന്നെന്നും തങ്ങള്‍ക്കെങ്ങനെ മാറാന്‍ കഴിയുമെന്നും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടാതായിട്ടുണ്ട്.

അന്യ സംസ്ഥാനത്തൊഴിലാളികളെയൊന്നാകെ ‘ബംഗാളികള്‍’ എന്ന പേരുചൊല്ലി വെറും യന്ത്രങ്ങളായി മാത്രം കാണുന്നതിനു പകരം തങ്ങളിലൊരാളായി കണക്കാക്കാന്‍ ജനപ്രതിനിധികളും ഓരോ മലയാളിയും തയ്യാറാവണം.

നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള 100 തൊഴിലാളികള്‍ കേരളത്തെ തങ്ങളുടെ നാടായി ആത്മാര്‍ത്ഥയോടെ കാണുന്നുണ്ടെങ്കില്‍ രാജ്യത്തെ 100 ഗ്രാമങ്ങളില്‍ കേരളത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വിലപ്പോവില്ലെന്ന് നിസംശയം പറയാന്‍ കഴിയും. കേരളത്തെ ഞങ്ങള്‍ക്കറിയാം ഈ നാടിനെയറിയുന്നവരാരും വ്യാജവാര്‍ത്തകള്‍ വായിച്ച് തിരിച്ച് പോകില്ലെന്ന് പറയുന്ന സദ്ദാമുമാരെ
സൃഷ്ടിക്കാന്‍ മലയാളികളുടെ പെരുമാറ്റരീതിയും ചിന്താശേഷിയും ഇനിയും ഒരുപാട് മാറേണ്ടതുണ്ട്.

ലിജിന്‍ കടുക്കാരം
Advertisement