പ്രധാനമന്ത്രിയുടെ നക്സൽ പരാമർശത്തിന് പിന്നാലെ ആരംഭിച്ച ദിമാഗി നക്സൽ പാർട്ടി അക്കൗണ്ട് നീക്കം ചെയ്ത് മെറ്റ
India
പ്രധാനമന്ത്രിയുടെ നക്സൽ പരാമർശത്തിന് പിന്നാലെ ആരംഭിച്ച ദിമാഗി നക്സൽ പാർട്ടി അക്കൗണ്ട് നീക്കം ചെയ്ത് മെറ്റ
കെ.എസ് ഷാബിന
Tuesday, 18th August 2026, 12:34 pm

രാജ്യത്ത് ദിമാഗി നക്സലുകൾ സജീവമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ തുടങ്ങിയ ‘ദിമാഗി നക്സൽ പാർട്ടി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ 1.6 ലക്ഷത്തിലധികം ഫോളോവെഴ്‌സ് നേടിയ ശേഷമാണ് അക്കൗണ്ട് മെറ്റാ നീക്കം ചെയ്‍തത്. അക്കൗണ്ട് കടുത്ത സൈബർ അറ്റാക്ക് നേരിടുകയാണെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഡ്മിൻ അറിയിച്ചിരുന്നു.

കാടുകളിലെ ആയുധമേന്തിയ നക്സലിസത്തെ സർക്കാർ അടിച്ചമർത്തിയെങ്കിലും, ഭരണകൂടത്തിനുള്ളിലും നയരൂപീകരണ രംഗത്തും നക്സൽ ചിന്താഗതിയുള്ളവർ ഇന്നും ഭീഷണിയായി തുടരുന്നു എന്നായിരുന്നു പ്രധാമന്ത്രിയുടെ പ്രസ്താവന. തൊട്ടുപിന്നാലെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതും വലിയ രീതിയിൽ തരംഗമാവുകയും ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ തിരയുമ്പോൾ തങ്ങളുടെ ഹാൻഡിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും അക്കൗണ്ടിന് ‘ഷാഡോ ബാൻ’ ഏർപ്പെടുത്തിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. തുടർന്ന് എക്സിൽ (ട്വിറ്റർ) ‘ഞങ്ങൾ വിദ്യാസമ്പന്നരാണ്, ഞങ്ങൾ ചിന്തിക്കുന്നവരാണ്’ എന്ന പോസ്റ്റും പങ്കുവെച്ചു.

‘ചിന്തിക്കുക, ഗവേഷണം ചെയ്യുക, പ്രതിരോധിക്കുക’ (Think, Research, Resist) എന്നതായിരുന്നു അക്കൗണ്ടിന്റെ പ്രധാന മുദ്രാവാക്യം. ‘എ ദിമാഗി ഇന്ത്യൻ’ എന്ന് വിശേഷിപ്പിച്ച അജ്ഞാതനായ വ്യക്തിയായിരുന്നു ഇതിന്റെ സ്ഥാപകൻ.

മാധ്യമപ്രവർത്തകൻ രവീഷ് കുമാർ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര, ആക്ടിവിസ്റ്റ് സോനം വാങ്ചുക്, യൂട്യൂബർ ധ്രുവ് രാഠി, നടൻ പ്രകാശ് രാജ്, സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി വ്യക്തികളെ ഈ പേജ് ഫോളോ ചെയ്തിരുന്നു. 65-ഓളം പോസ്റ്റുകളാണ് ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

നിയമപരമായ നിർദ്ദേശങ്ങളെത്തുടർന്ന് ആഗസ്റ്റ് 16-നും 17-നും രണ്ട് പോസ്റ്റുകൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തതായി അവർ അറിയിച്ചിരുന്നു. ഇതിനുശേഷവും അക്കൗണ്ടിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. ഉച്ചയ്ക്ക് 2 മണിക്ക് 2.04 ലക്ഷമായിരുന്ന ഫോളോവേഴ്‌സ് രാത്രി 10 മണിയോടെ 2.72 ലക്ഷമായി ഉയർന്നു.

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന ‘അർബൻ നക്സൽ’, ‘ആന്ദോളൻ ജീവി’ തുടങ്ങിയ പ്രയോഗങ്ങളുടെ പുതിയ പതിപ്പാണ് ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം വിമർശിച്ചു. എന്നാൽ, ഭരണഘടനയെ അംഗീകരിക്കാത്തവരെയും വിഘടനവാദികളെയും ഉദ്ദേശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും പ്രതിപക്ഷത്തെക്കുറിച്ചല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദപരമായ ‘കോക്രോച്ച്’ (പാറ്റ) പരാമർശത്തിന് പിന്നാലെ ആയിരുന്നു, ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുകയും രാജ്യത്തെ യുവാക്കൾ ഒത്തുകൂടി മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ, രാജ്യം കണ്ട വലിയ പ്രക്ഷോഭസമരത്തിലൂടെ പുറത്താക്കിയതും.

സമാനമായ രീതിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് തൊട്ടുപിന്നാലെ രൂപപ്പെട്ട ‘ദിമാഗി നക്സൽ പാർട്ടി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിജിറ്റൽ ഇടങ്ങളിൽ വലിയ തരംഗമായി മാറുകയായിരുന്നു. അക്കൗണ്ട് നിലവിൽ മെറ്റ റിക്കവർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ദിമാഗി നക്സൽ പാർട്ടി എന്ന യൂസർനെയ്മിൽ അക്കൗണ്ട് ലഭ്യമാണ്.

Content Highlight: Meta removes Dimagi Naxal Party account following PM’s Naxal remarks

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.