ചെന്നൈ: മുഖ്യമന്ത്രി വിജയ് എസ്.ഐ.ആര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍.

ഒക്ടോബര്‍ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി തമിഴ്‌നാട്ടിലെ ധാരാപുരത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

ടി.വി.കെ മേധാവിയ്ക്ക് ബി.ജെ.പിയെ പേടിയാണോ എന്ന് ചോദിച്ച സ്റ്റാലിന്‍, എസ്.ഐ.ആര്‍-മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

‘മുഖ്യമന്ത്രി സര്‍, നിങ്ങളുടെ ഭയം എന്താണ്? രാജ്യത്തുടനീളമുള്ള എല്ലാ നേതാക്കളും സംസാരിക്കുന്ന വിഷയത്തില്‍ പോലും നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അതിന്റെ പിന്നിലെ കാരണം ബി.ജെ.പിയോടുള്ള പേടിയാണോ?’, സ്റ്റാലിന്‍ ചോദിച്ചു.

ബി.ജെ.പിയുടെ ഒരു ശാഖയാണ് ടി.വി.കെ എന്ന സത്യം മുഖ്യമന്ത്രി സമ്മതിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയില്ലാതെ ‘റീല്‍സ്’ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് ഉചിതമായ മറുപടി നല്‍കാന്‍ ഡി.എം.കെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് റാലിയുടെ ദൃശ്യം എക്‌സില്‍ പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. ഒക്ടോബര്‍ ആറിനാണ് ഉപതെരഞ്ഞെടുപ്പ്.

വൈദ്യുതി നിരക്ക്, വിലക്കയറ്റം, കര്‍ണാടകയുമായുള്ള കാവേരി ജല തര്‍ക്കം എന്നീ വിഷയങ്ങളില്‍ സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.

Content  Highlight: ‘Are you afraid of BJP’: Stalin targets CM Vijay for alleged silence over SIR-CEC