തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. മലയാളത്തിലെ മുന്‍നിര പ്രൊഡ്യൂസര്‍മാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും അവധിയെടുത്ത മേനക 2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ ദിവസം ആനീസ് കിച്ചണില്‍ ആനിയോട് സംസാരിക്കവെ വിവാഹശേഷം സിനിമയില്‍ നിന്നും അവധിയെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹശേഷം അഭിനയം നിര്‍ത്തുക എന്നുള്ളത് പൂര്‍ണമായും തന്റെ തീരുമാനമായിരുന്നുവെന്നും പങ്കാളി ഇതില്‍ ഇടപെട്ടിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ പീക്കില്‍ നിന്നിരുന്ന സമയത്ത് അഭിനയം വിട്ട് പോയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണെന്നുള്ള അഭ്യൂഹങ്ങളെ കുറിച്ചാണെന്നുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേനക.
‘എനിക്ക് നൂറ് ശതമാനം എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്. എന്റെ ഒരു ആഗ്രഹമായിരുന്നു കല്യാണം കഴിക്കണമെന്നും കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കണമെന്നതും. കാരണം എന്റെ അച്ഛനും അമ്മയും വര്‍ക്ക് ചെയ്യുന്നവരായിരുന്നു. ഞാനോ എന്റെ അനിയനോ വരുമ്പോള്‍ വീട് പൂട്ടിയിരിക്കുന്നതാണ് ഞങ്ങള്‍ എപ്പോഴും കാണാറുള്ളത്. എന്നിട്ട് അവര്‍ വരുന്ന വരെ ഞങ്ങള്‍ വെയിറ്റ് ചെയ്യും.
അതുകൊണ്ട് തന്നെ അങ്ങനെ ആകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മള്‍ വീട്ടിലിരിക്കുമ്പോള്‍ ഇവരുടെ കൂടെ തന്നെ ഇരിക്കണം. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുകയാണെങ്കില്‍ എന്റെ കൈ കൊണ്ട് തന്നെ കൊടുക്കണം. ചിലര്‍ സര്‍വെന്റ്‌സിനെ കൊണ്ട് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കും. എനിക്കത് ഇഷ്ടമല്ല. നമ്മുടെ കൈ കൊണ്ട് കുഴച്ച് കൊടുക്കന്നതാണ് എനിക്ക് ഇഷ്ടം. സ്പൂണ്‍ പോലും ഉപയോഗിക്കാറില്ല. അവരുടെ കൂടെ സമയം ചെലവഴിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. സുരേഷേട്ടന്‍ എപ്പോഴും പറയും കോഴികുഞ്ഞുങ്ങളെ ചിറകിനടിയില്‍ കൊണ്ട് നടക്കുന്ന പോലെയാണ് മക്കളെ ഞാന്‍ കൊണ്ട് നടത്താറുള്ളത്,’ മേനക പറഞ്ഞു.
Content Highlight: Menaka talks about her decision to step back from cinema after marriage
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.