മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ഒപ്പം സിനിമയിലൂടെയും ജനശ്രദ്ധ നേടിയ താരത്തെ ടെലിവിഷന്‍ അവതാരക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതമാണ്.
ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത ടോപ്പ് സിങ്ങേഴ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി മീനാക്ഷി നിരവധികാലം ഉണ്ടായിരുന്നു. ഇപ്പോള്‍ ടോപ് സിങ്ങേഴ്‌സില്‍ പങ്കെടുക്കുമ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം.
‘ടോപ് സിങ്ങറില്‍ പങ്കെടുക്കുന്ന സമയം. എനിക്കപ്പോള്‍, പതിനൊന്നോ പന്ത്രണ്ടോ വയസുണ്ടാകും. പരിപാടിക്കിടയില്‍ എന്നോട് ചോദിച്ചു, ‘ഒരു കിലോപഞ്ഞിക്കാണോ ഒരു കിലോ ഇരുമ്പിനാണോ ഭാരം കൂടുതല്‍?’ ഒരു നിമിഷം പോലും സംശയിച്ചു നില്‍ക്കാതെ ഞാന്‍ പറഞ്ഞു. ‘ഒരുകിലോ ഇരുമ്പിന് എന്ന്. എല്ലാവരും എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ നിന്നങ്ങു തര്‍ക്കിച്ചു.
”എംജി അങ്കിളിനെ ഒരാള്‍ ഒരു കിലോ പഞ്ഞി കൊണ്ടും ഒരു കിലോ ഇരുമ്പ് കൊണ്ടും തല്ലിയെന്ന് ഓര്‍ത്തു നോക്കിയേ. ഏതാ കൂടുതല്‍ വേദനിക്കുക. ഇരുമ്പല്ലേ. അപ്പോള്‍ ഭാരം ഇരുമ്പിനല്ലേ കൂടുതല്‍? ആ എപ്പിസോഡ് പുറത്തിറങ്ങിയതോടെ കാഴ്ചക്കാര്‍ രണ്ടു വഴിയേ പിരിഞ്ഞൊഴുകുന്ന പുഴ പോലെയായി.
എത്ര നിഷ്‌കളങ്കമായാണ് ആ കുട്ടി സംസാരിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറഞ്ഞു. പഠിക്കേണ്ട സമയത്ത് പബ്ലിക് ഫിഗറാക്കി അഭിനയിക്കാന്‍ വിട്ടു. അച്ഛനുമമ്മയും പൈസയുണ്ടാക്കിയെങ്കിലും കുട്ടിക്ക് വിവരമില്ലാതായി എന്ന് മറുകൂട്ടരും പറഞ്ഞു,’മീനാക്ഷി പറയുന്നു.
ഇതൊക്കെ കേട്ടിട്ടും അച്ഛനും അമ്മയും അവരുടെ സമാധാനത്തില്‍ ഉറച്ചു നിന്നുവെന്നും അവര്‍ക്ക് തന്നെ ഏതു വഴിയേ നടത്തണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും നടി പറയുന്നു. പഠനത്തിനൊപ്പം കരിയര്‍ തുടരാന്‍ അവര്‍ പിന്തുണച്ചുവെന്നും മുടങ്ങുന്ന ക്ലാസുകള്‍ക്ക് പകരമായി വീട്ടില്‍ ട്യൂഷന്‍ ഏര്‍പ്പാടാക്കി തന്നുവെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. തീരുമാനങ്ങളെടുക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവരുടെ പൂര്‍ണമായ പിന്തുണയുണ്ടെന്നും നടി പറഞ്ഞു.
പ്രൈവറ്റാണ് താരത്തിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഇന്ദ്രന്‍സ്, മീനാക്ഷി, അനു ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2025 ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രൈവറ്റ്.
Content Highlight: Meenakshi Anoop shares her experience participating in Top Singer