കോഴിക്കോട്: തനിക്കെതിരെ ചിലര്‍ വ്യാജ സോഷ്യല്‍ മീഡിയ കാര്‍ഡ് ഇറക്കി വിദ്വേഷ പ്രചാരണം നടത്തിയതിനെതിരെ പരാതി നല്‍കി 15 ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സി. ദാവൂദ്. എന്നാല്‍ വംശീയത പറഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തക പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അടുത്ത ദിവസം തന്നെ അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്നും ദാവൂദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിയിലേക്ക് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പോവുകയാണെന്നും ദാവൂദ് അഭിപ്രായപ്പെട്ടു. ‘ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ പിണറായി രമേശ്’ എന്ന് ആളുകള്‍ വിളിക്കുന്നതിന് മുമ്പ്, സംഗതികളൊക്കെ ഒന്ന് അറിയുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പിണറായി വിജയനും പാര്‍ട്ടിക്കും മുസ്‌ലിം മനസിനെ മനസിലാക്കുന്നതില്‍ എന്ത് പിഴവാണോ സംഭവിച്ചത്, അത് രമേശ് ചെന്നിത്തലയ്ക്കും സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഡോ അബ്ദുല്ലാ ബാസിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എടുത്ത കേസെന്നും ദാവൂദ് അഭിപ്രായപ്പെട്ടു.
‘വിവരദോഷിയായ ഒരു മാധ്യമ പ്രവര്‍ത്തക ഒരു സമുദായത്തിന് നേരെ പുലഭ്യം വിളിച്ചു പറയുമ്പോള്‍ അതിനെ അതേ ഷോയിലെ അതിഥിയായ ബാസില്‍ ചോദ്യം ചെയ്യുകയാണ് ചെയ്തത്. താന്‍ വിളമ്പിയ വിവരക്കേടുകളും വംശീയതയും നാട്ടാര് അറിഞ്ഞതിലുള്ള വൈക്ലബ്യം മറച്ചു വെക്കാന്‍ ആ മാധ്യമ പ്രവര്‍ത്തക പൊലീസില്‍ ഒരു പരാതി കൊടുക്കുന്നു.
പരാതി കിട്ടി അടുത്ത ദിവസം തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ബാസിലിനെതിരെ പൊലീസ് കേസെടുക്കുന്നു. ആഹ്ലാദാരവത്തോടെ, വര്‍ഗീയത വിളമ്പിയ ആ ആങ്കറുടെ വിജയശ്രീലാളിത ഭാവത്തോടെയുള്ള പൂര്‍ണകായ ചിത്രം സഹിതം ആ ചാനല്‍ ബാസിലിനെതിരെ കേസെടുത്ത വാര്‍ത്ത ആഘോഷത്തോടെ പുറത്തുവിടുന്നു,’ ദാവൂദ് കുറിച്ചു.
ഇത് മുറിപ്പെടുത്തല്‍ മാത്രമല്ല, മുറിവില്‍ മുളക് പുരട്ടല്‍ കൂടിയാണ്. പിണറായി വിജയന് മനസ്സിലാവാതെ പോയത് രമേശ് ചെന്നിത്തലക്കും മനസിലാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെ നടന്ന വിദ്വേഷ പ്രചാരണം പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഏര്‍പ്പാട് കൂടിയായിരുന്നെന്നും ദാവൂദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അത് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായിട്ട് പോലും താന്‍ പരാതി കൊടുത്ത് 15 ദിവസം കഴിഞ്ഞിട്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗംഭീര പരിപാടിയാണ് ഓപറേഷന്‍ തൂഫാന്‍. അതിന്റെ ഭാഗമായി മുഹമ്മദ് ഹുസൈന്‍ എന്ന യൂത്ത് കോണ്‍ഗ്രസുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.
മുഹമ്മദ് ഹുസൈനെ അറസ്റ്റ് ചെയ്തത് അവന്‍ മുസ്‌ലിം ആയത് കൊണ്ടാണെന്നും അവനെ അറസ്റ്റ് ചെയ്ത പോലീസുകാരുടെ പേര് നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഞാന്‍ പറഞ്ഞതായി, എന്നെ ക്വാട്ട് ചെയ്ത്, എന്റെ പടം വെച്ച് സോഷ്യല്‍ മീഡിയാ കാര്‍ഡ് ഇറക്കി പ്രചരിപ്പിച്ചു ഒരു കൂട്ടര്‍.
എനിക്കെതിരായ വിദ്വേഷ പ്രചാരണം മാത്രമല്ല അത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഏര്‍പ്പാട് കൂടിയാണ്. സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യം. ഞാന്‍ പരാതി കൊടുത്തു 15 ദിവസം കഴിഞ്ഞു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല,’ ദാവൂദ് കുറിച്ചു.
മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് ദാവൂദിന്റെ പ്രതികരണം. സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.
കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നിന്നുള്ള വീഡിയോ അബ്ദുല്ല ബാസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചര്‍ച്ചയില്‍ അപര്‍ണ കുറുപ്പ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെ തുടര്‍ന്ന് തനിക്കെതിര സൈബര്‍ ആക്രമണമുണ്ടായെന്നും തനിക്ക് വധഭീഷണി അടക്കം നേരിടേണ്ടി വന്നെന്നും പറഞ്ഞാണ് അപര്‍ണ കുറുപ്പിന്റെ പരാതി.
തനിക്കെതിരെ വധഭീഷണി ഉയരാന്‍ അടക്കം അബ്ദുല്ല ബാസില്‍ പങ്കുവെച്ച വീഡിയോയും ഒപ്പമുള്ള കുറിപ്പും കാരണമായെന്ന് അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ പറയുന്നു. പരാതി പ്രകാരം ഭാരതീയ ന്യായ സംഹിത 192, 351 (1), 353, 3(5) വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാ വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ പ്രചരിപ്പിച്ചുവെന്ന് അബ്ദുല്ല ബാസിലിനെതിരായ എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
Content Highlight: Media Person C Dawood Criticize Kerala UDF Government on FIR against of Abdulla Basil CP
