മാത്യു തോമസും നസ്‌ലെനും മലയാള സിനിമയിലെ ഒരേ തലമുറയിലെ ശ്രദ്ധേയരായ യുവതാരങ്ങളാണ്. ഇരുവരും ഒരുമിച്ച് സിനിമയിലെത്തിയതും തുടര്‍ന്നങ്ങോട്ടുള്ള ഇരുവരുടേയും യാത്രയുമൊക്കെ എന്നും വലിയ ചര്‍ച്ചയാകാറുണ്ട്. കരിയറില്‍ നസ്‌ലെന്‍ ഒരു പടി മുന്നിലെത്തിയപ്പോള്‍ മാത്യുവിന് അതിന് സാധിച്ചില്ലെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നത്.
ഒരാളുടെ സിനിമയെ മറ്റൊരാളുടെ സിനിമയുമായി ചേര്‍ത്തുവെച്ചുള്ള ഡിബേറ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇത്തരം താരതമ്യങ്ങള്‍ തനിക്ക് സ്വാഭാവികമായാണ് തോന്നുന്നതെന്ന് പറയുകയാണ് മാത്യു തോമസ്.
‘ഒരേ പ്രായത്തില്‍, ഒരേ സമയത്ത് സിനിമയില്‍ വന്ന ആളുകളായതുകൊണ്ടായിരിക്കും നമ്മളെ താരതമ്യം ചെയ്യുന്നത്. അത് സ്വാഭാവികവുമാണല്ലോ. പക്ഷേ എല്ലാവര്‍ക്കും എല്ലാവരുടേതായ ജേണിയുണ്ട്. അതിനനുസരിച്ചാണ് നമ്മള്‍ പോകുന്നത്,’ മാത്യു പറഞ്ഞു.
നസ്ലെനും സംഗീതും ചന്തുവും ചമനുമൊക്കെ സിനിമയിലെ തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും മാത്യു പറഞ്ഞു.

‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ റിലീസ് ചെയ്തതിന് പിന്നാലെ നടന്‍ സന്ദീപ് പറഞ്ഞതായി വന്ന ഒരു കമന്റിനെക്കുറിച്ചും മാത്യു അഭിമുഖത്തില്‍ സംസാരിച്ചു. സിനിമ കണ്ടതിന് ശേഷം സന്ദീപ് നസ്ലനെ വിളിച്ച് ‘മാത്യു ഈസ് ബാക്ക്’ എന്ന് പറഞ്ഞിരുന്നുവെന്നാണ് കമന്റ്.
ഈ കമന്റ് കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, നസ്‌ലെന്‍ തന്നെയാണ് ആ കമന്റ് തനിക്ക് അയച്ചുതന്നതെന്നും തങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് കുറേ ചിരിച്ചെന്നുമായിരുന്നു മാത്യുവിന്റെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും താരതമ്യം ചെയ്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴും അതിനെ മത്സരമായി കാണാതെ, തന്റെയും നസ്‌ലെന്റയും സിനിമാ യാത്രകള്‍ വ്യത്യസ്തമാണെന്ന നിലപാടാണ് മാത്യു പങ്കുവച്ചത്.
‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിലെ മാത്യുവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇനിയെങ്കിലും മാത്യുവിനെ നസ്‌ലെനുമായി താരതമ്യം ചെയ്യരുതെന്നും മാത്യു അവന്റെ കഴിവ് അടയാളപ്പെടുത്തിക്കഴിഞ്ഞെന്നുമുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു.
Content Highlight: Mathew on being compared specifically with Naslen
