ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മാത്യു ഹെയ്ഡന്‍. വൈഭവിന് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ മാത്രമേ തിളങ്ങാന്‍ സാധിക്കൂ എന്ന വാദങ്ങളോട് താന്‍ വ്യക്തിപരമായി വിയോജിക്കുന്നുവെന്നും മറ്റ് ഫോര്‍മാറ്റിലും കുട്ടിത്താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 15ാം വയസില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഒരു ലോകോത്തര താരമാകാന്‍ ആവശ്യമായ ശരിയായ ചേരുവകള്‍ അവനിലുണ്ടെന്നും ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ചൂണ്ടിക്കാട്ടി.
‘ചിലര്‍ പറയുന്നത് അവന്‍ ഷോര്‍ട്ട് ഫോര്‍മാറ്റുകളില്‍ മാത്രം കളിക്കാന്‍ കഴിയുന്ന താരമാണെന്നാണ്. എന്നാല്‍ വ്യക്തിപരമായി ഞാന്‍ അതിനോട് വിയോജിക്കുന്നു. കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളിലും വിജയിക്കാനുള്ള ശേഷി വൈഭവിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വൈഭവ് സൂര്യവംശി. Photo; BCCI/x.com
ഫിറ്റ്‌നസ് ഇതിന്റെ ഒരു ഭാഗമാണെന്നത് ശരിയാണ്, എന്നാല്‍ അതിനേക്കാളൊക്കെ പ്രധാനം മാനസിക കരുത്താണ്.
എനിക്ക് വൈഭവില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം, വെറും 15ാം വയസ്സില്‍ ഐപിഎല്‍ പോലുള്ള ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നില്ല, മറിച്ച് അവിടെ മികച്ച പ്രകടനം നടത്താനും കാണിച്ച ധൈര്യവും പ്രതിബദ്ധതയുമാണ്. ഒരു ലോകോത്തര താരമാകാന്‍ ആവശ്യമായ ശരിയായ ചേരുവകള്‍ അവനിലുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു,’ ഹെയ്ഡന്‍ പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ മുന്‍നിരയിലെത്താന്‍ സൂര്യവംശി ഇനിയും കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
‘വൈഭവിന്റേത് വളരെ വലിയ പ്രതിഭയാണ്, അവന്റെ വളര്‍ച്ച കാണാന്‍ നാമെല്ലാവരും ആവേശഭരിതരുമാണ്. എന്നാല്‍, ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇനിയും മുന്നേറാനുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടുണ്ടാകും.
അവന്‍ അത് ഉള്‍ക്കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച സാധ്യതകളുള്ള ഒരു യുവതാരമാണ് അവന്‍, അവന്റെ കരിയര്‍ എങ്ങനെ രൂപപ്പെടുത്തണമെന്ന് നിര്‍ണയിക്കുന്നത് അവന്‍ തന്നെയായിരിക്കും,’ താരം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ നിറം മങ്ങിയിരുന്നെങ്കിലും സിംബാബ്‌വേ പരമ്പരയില്‍ സൂര്യവംശി ശക്തമായി തിരിച്ചെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 50ല്‍ അധികം ശരാശരിയിലും 196.10 സ്ട്രൈക്ക് റേറ്റിലും 151 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഈ പരമ്പരയിലൂടെ പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും, ‘പ്ലെയര്‍ ഓഫ് ദി സീരീസ്’ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തമാക്കി.
കൂടാതെ, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 80 പന്തില്‍ 175 റണ്‍സ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച താരം ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരവും നേടിയിരുന്നു.