മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗ ഒക്ടോബര്‍ 10ന് ഇന്ത്യയില്‍ പുറത്തിറക്കും. മൂന്നുവര്‍ഷം മുമ്പ് പുറത്തിറക്കിയ എര്‍ട്ടിഗ “പ്രായം പ്രകടിപ്പിക്കാന്‍” തുടങ്ങിയതോടെയാണ് മുഖം മിനുക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചത്.
ഈ വര്‍ഷം ആഗസ്റ്റില്‍ ഗെയ്ക്കിന്റോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ എര്‍ട്ടിഗ പ്രദര്‍ശിപ്പിച്ചിരുന്നു. അതേ ലുക്കില്‍ തന്നെയാണ് ഇന്ത്യന്‍ മോഡലും പുറത്തിറങ്ങുക.
സൗന്ദര്യ പരമായ മെച്ചപ്പെടുത്തലുകളാണ് പുത്തന്‍ മോഡലില്‍ വരുത്തിയിരിക്കുന്നത്. മൂന്ന് ക്രോം പട്ടകളുളള ഗ്രില്‍ , പരിഷ്‌കരിച്ച ബമ്പര്‍ , ഫോഗ് ലാംപുകള്‍ക്കു പുതിയ ചുറ്റുഭാഗം എന്നിവ മുന്‍ഭാഗത്തിനു വ്യത്യസ്തത നല്‍കുന്നു. സൈഡ് പ്രൊഫൈല്‍ മുന്‍ മോഡലിനേതിനു സമാനമാണ്.
ഉള്ളില്‍ ഡാഷ് ബോര്‍ഡ് ഡിസൈനില്‍ മാറ്റമൊന്നുമില്ല. ഇലക്ട്രിക്കലായി മടക്കാവുന്ന ബാഹ്യമിററുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടന്‍, സ്മാര്‍ട്ട് പ്ലെ ടച്ച്‌സ്‌ക്രീന്‍, സാറ്റ്-നാവ് സിസ്റ്റം എന്നിവയാണ് ഉള്ളിലെ മാറ്റങ്ങള്‍. രണ്ടാം നിരയില്‍ 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ് , 50:50 അനുപാതത്തില്‍ മടക്കാവുന്ന മൂന്നാം നിര സീറ്റ് എന്നിവ പുതിയ ഫീച്ചറുകളാണ്.
ബോണറ്റിന്റെ രൂപകല്‍പ്പനയില്‍ മാറ്റമില്ല. 10 സ്‌പോക്ക് 15 ഇഞ്ച് അലോയ്‌സ് , നവീകരിച്ച ടെയ്ല്‍ ലാംപ് ക്ലസ്റ്റര്‍, റിയര്‍ ബമ്പര്‍ , നമ്പര്‍ പ്ലേറ്റിന് ക്രോം അലങ്കാരം , റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും പുതുമകളാണ്.
ബ്ലാക്ക് ബ്രൗണ്‍ നിറക്കൂട്ടിലാണ് ഡാഷ്‌ബോര്‍ഡ്. സ്റ്റിയറിങ് വീലിന് സില്‍വര്‍ ഇന്‍സേര്‍ട്ട് നല്‍കിയിരിക്കുന്നു. ഏഴ് സീറ്റര്‍ എം.പി.വിയുടെ എന്‍.വി.എച്ച് ലെവലും മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്‍ജിന്‍ പഴയതുപോലെ തന്നെ. 1.4 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളുണ്ട്.
