കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസിന് മുമ്പ് ഇന്ത്യന്‍ നേവല്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍.

മാതൃഭൂമി ന്യൂസിനോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇന്ത്യയുടെ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ എന്ന ബഹുമതിക്ക് അര്‍ഹനാണ് കുഞ്ഞാലി. മാര്‍ച്ച് 19ന് ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഷേം ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മരക്കാര്‍ അടക്കമുള്ള സിനിമകളുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. നേരത്തെ മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

DoolNews Video