ആളുകള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്; ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
ആളുകള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്; ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം
ശ്രീരാഗ് പാറക്കല്‍
Friday, 14th August 2026, 6:08 pm

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് പിന്തുണയുമായ മുന്‍ ഇന്ത്യന്‍ താരം മന്‍വിന്ദര്‍ ബിസ്‌ല. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറേകാലമായി ഇന്ത്യയ്ക്ക് മികച്ച വിജയങ്ങള്‍ നേടാന്‍ സാധിക്കാത്തതില്‍ ഗൗതം ഗംഭീറിനെ കുറ്റം പറയാനാകില്ലെന്നും താരങ്ങള്‍ മികച്ച പ്രകടനം നടത്താത്തത് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു വര്‍ഷത്തിനിടെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഗംഭീറിന്റെ കീഴില്‍ ഇന്ത്യ നേടിയെന്ന വസ്തുതയും ഓര്‍ക്കണമെന്ന് ബിസ്‌ല ചൂണ്ടിക്കാട്ടി.

‘ഇനി ആളുകള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. നമ്മള്‍ തോല്‍ക്കുമ്പോഴെല്ലാം ചര്‍ച്ചയാകുന്നത്, എല്ലാത്തിനും ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തുക എന്നതാണ്. പക്ഷെ മികച്ച പ്രകടനം നടത്താതിരുന്ന താരങ്ങളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല.

നമ്മള്‍ പലപ്പോഴും ഇത് തിരിച്ചറിയാറില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഞാന്‍ കാണുന്നത്. ചിലര്‍ ഹാഷ്ടാഗുകള്‍ കേന്ദ്രീകരിച്ചുപോലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രത്യേക ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായാല്‍ അതിലൂടെ നമുക്ക് കൂടുതല്‍ റീച്ച് ലഭിക്കും.

എന്നാല്‍ കഴിഞ്ഞ ഒന്നര മുതല്‍ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ ആധിപത്യം പുലര്‍ത്തിയിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഒരു വര്‍ഷത്തിനിടെ തന്നെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും ടി-20 ലോകകപ്പും നേടിയെന്ന വസ്തുതയും നമ്മള്‍ പരിഗണിക്കണം. അതും ചെറിയ നേട്ടമല്ല,’ യൂട്യൂബ് ചാനലായ ദി ബല്ലി ബാസില്‍ മന്‍വിന്ദര്‍ ബിസ്‌ല പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം നാളെ (ഓഗസ്റ്റ് 15) മുതല്‍ 19വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.

റെഡ് ബോളില്‍ സമീപകാലങ്ങളില്‍ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: Manvinder Bisla Supports Gautam Gambhir

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ