അവനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണം: നിര്‍ദേശവുമായി മനോജ് തിവാരി
Cricket
അവനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണം: നിര്‍ദേശവുമായി മനോജ് തിവാരി
സുദേവ് എ
Tuesday, 5th May 2026, 7:19 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ലഖ്‌നൗവിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന കൂറ്റന്‍ ടോട്ടലാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്.

എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കിത്. തോല്‍വിയോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഈ തോല്‍വിക്ക് പിന്നാലെ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. പന്തിനെ ക്യാപ്റ്റന്‍സിയുടെ ഭാരത്തില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് ഒരു ബാറ്ററായി മാത്രം കളിക്കാന്‍ അനുവദിക്കണമെന്നാണ് മനോജ് തിവാരി അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം മൂലം പണ്ട് മികച്ച രീതിയില്‍ കളിച്ച പന്തിനെ നഷ്ടമായെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു തിവാരി.

‘ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലും ഐ.പി.എല്ലിലും മുമ്പ് മികച്ച പ്രകടനം നടത്തിയ പന്തിനെ നമുക്ക് നഷ്ടമാവുമെന്ന് എനിക്ക് തോന്നുന്നു. ഈ സീസണില്‍ അദ്ദേഹത്തിന് അത്ര റണ്‍സ് നേടാനായിട്ടില്ല. അതുകൊണ്ട് ക്യാപ്റ്റന്‍സി ഭാരത്തില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിച്ച് അദ്ദേഹത്തെ ഒരു ബാറ്ററായി മാത്രം കളിക്കാന്‍ അനുവദിക്കണം. അതാണ് എല്‍.എസ്.ജിക്ക് ഏറ്റവും നല്ലത്’, മനോജ് തിവാരി പറഞ്ഞു.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ഈ സീസണില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും ഒരുപോലെ പന്ത് നിരാശപ്പെടുത്തിയിരുന്നു. ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 204 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ലഖ്നൗ നായകന്‍ ഈ സീസണില്‍ സ്‌കോര്‍ ചെയ്തത്.

മെയ് ഏഴിന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എല്‍.എസ്.ജിയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Manoj Tiwari Talks About Rishab Pant Captaincy in IPL 2026

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.