ഒരു കഥ പറയാം. പണ്ട് സുഹൃത്തുക്കളായ രണ്ട് പേര്‍ മൂക്കറ്റം കള്ളടിച്ച് പൂസ്സായി; വീട്ടിലേക്ക് നടക്കുകയായിരുന്നു. സന്ധ്യാനേരത്ത് ഇടവഴിയിലൂടെ വേച്ച് വേച്ചാണ് യാത്ര. വഴിയില്‍ എന്തോ കിടക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ ഒരാള്‍ കണ്ടു. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ അതറിഞ്ഞിട്ട് കാര്യം എന്ന മട്ടില്‍ അയാള്‍ പണിപ്പെട്ട് അതിനരികില്‍ ഇരുന്നു. മെല്ലെ എടുത്തു നോക്കാം എന്ന് കരുതിയതാണ്. കയ്യില്‍ തടഞ്ഞത് ചാണകം പോലെ എന്തോന്ന്. മണത്തു നോക്കി. സാക്ഷാല്‍ അമേദ്യം.

അതിനിടയില്‍ അത് മൂക്കില്‍ പുരണ്ടു. അതു വഴി വന്ന ഒരു കുട്ടി ഇത് കണ്ട് പറഞ്ഞു. “അയ്യേ തീട്ടമാണല്ലോ വാരിയത്. കൂടുതല്‍ നാറ്റിക്കാതെ വേഗം പോയി കുളിക്കൂ.” കുട്ടിയുടെ ഉപദേശം കുടിയന്മാര്‍ക്ക് പിടിച്ചില്ല. “നീയാരാടാ ഞങ്ങളെ പഠിപ്പിക്കാന്‍” എന്നായി മറ്റെ യാള്‍. ഉരുണ്ട് പിരണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് പേരുടേയും ശരീരമാകെ മലം പുരണ്ടു. തെന്നി അതിലേക്ക് തന്നെ വീണു.

പയ്യന്‍ മൂക്കുപൊത്തി ഓടിപ്പോയി. നാറ്റക്കേസ്സായ രണ്ട് പേരും കൂടി ഒരു വിധം എഴുന്നേറ്റ് നിന്നു. അപ്പോള്‍ മലം വാരിയവന്‍ അപരനോട് പറഞ്ഞു. “അത് വാരിനോക്കിയത് എത്ര നന്നായി? ഇല്ലങ്കില്‍ നമ്മളതില്‍ ചവിട്ടി പോകുമായിരുന്നില്ലേ!””

 

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി കെ ശശിയുടെ സ്ത്രീ പീഡന പ്രശ്‌നത്തില്‍ സി.പി.ഐ(എം) സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകള്‍ ഇക്കഥയെ നന്നായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ അവരെയൊന്ന് ഉപദേശിക്കൂ. പറ്റിയത് പറ്റി. ഇനിയും നാറ്റരുത്. ഒന്ന് കുളിച്ച് വൃത്തിയാകൂ. “തൂറിയവനെ പേറിയാല്‍ പേറിയവനും നാറും” എന്ന നാട്ടിന്‍ പുറത്തെ ചൊല്ലെങ്കിലും ഓര്‍ക്കൂ. അതിന് വലിയ മാര്‍ക്‌സിസ്റ്റ് പരിജ്ഞാനമൊന്നും ആവശ്യമില്ല. ഇത് പറയുന്നത് സി.പി.ഐ (എം) നോടുള്ള വിരോധം കൊണ്ടല്ല. അങ്ങിനെ വ്യാഖ്യാനിക്കയുമരുത്. രാഷട്രീയ പാര്‍ട്ടികളിലൊക്കെയുള്ള വിശ്വാസം പൊതുവേ ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നതായി കേരളത്തിന്റെ വര്‍ത്തമാനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സി.പി.ഐ(എം) പോലൊരു പാര്‍ടിയും അത്തരം ഗണത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടു പോയാല്‍; സാധാരണക്കാരന് വേണ്ടി സംസാരിക്കാന്‍ ഇവിടെ മറ്റേത് പ്രസ്ഥാനമാണുണ്ടാകുക?

പാര്‍ടി ഭരണഘടനയുടെ വകുപ്പ് 19. പാര്‍ടി അച്ചടക്കത്തെക്കുറിച്ചാണ്. അതിന്റെ പത്താം അനുഛേദം താഴെ ചേര്‍ക്കുന്നു.

ഏതെങ്കിലും പാര്‍ട്ടി അംഗം പണിമുടക്ക് പൊളിപ്പനോ മദ്യപാനിയോ സന്‍മാര്‍ഗികമായി അധപതിച്ചവനോ പാര്‍ടി രഹസ്യം പുറത്ത് വിടുന്നവനോ ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തുന്നവനോ ആണന്ന് കണ്ടാല്‍ കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ മറ്റേതെങ്കിലും ഉപരിഘടകമോ അയാളെ ഉടനടി സസ്‌പെന്റ് ചെയ്ത് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കംചെയ്യേണ്ടതാണ്.”

പാര്‍ടിയില്‍ ആര്‍ക്കെങ്കിലും ഭരണഘടനയെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ശശി പ്രശ്‌നം കൈകാര്യം ചെയ്തതില്‍ പിഴവുകളുണ്ടായത് എന്ന് കരുതാന്‍ നിവൃത്തിയില്ലല്ലോ. എത്ര പേര്‍ക്കെതിരെ ഓണ്‍ ദി സ്‌പോട്ടില്‍ ഈ വകുപ്പ് വെച്ച് പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. വിഭാഗീയതയുടെ ചൊരുക്ക് ബാധിച്ചപ്പോള്‍ നിരപരാധികളെപ്പോലും ഇങ്ങനെ പുറത്ത് നിര്‍ത്തിയിട്ടുണ്ട്.

 

ആരും ഒരു പരാതിയും നല്‍കാതെ “പാര്‍ട്ടി കമ്മറ്റിയുടെ ബോദ്ധ്യത്തിന്റെ” അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തു പുറത്തു നിര്‍ത്തിയതിന്റെ കഥയൊക്കെയുണ്ട് ഈ നാട്ടില്‍. ഒരു സ്ത്രീക്ക് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നതിനിടയില്‍ “അവരുടെ കയ്യില്‍ കയറിപ്പിടിച്ചത്”, മറ്റൊരാള്‍ കണ്ടു. പാര്‍ട്ടി കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയതു, എന്നായിരുന്നു അന്നത്തെ വിശദീകരണം.

ഇവിടെ പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ നേതാവിനെ അവിശ്വസിക്കാന്‍ ഒരു കാരണവുമില്ലല്ലോ. അവര്‍ ഉത്തരവാദപ്പെട്ട സംഘടനാ പ്രവര്‍ത്തകയാണ്. ഒരു ഉത്തമ സഖാവിന് ചേര്‍ന്ന നിലയിലാണ് അവര്‍ പ്രശ്‌നത്തോട് പ്രതികരിച്ചത് എന്നതും വ്യക്തമാണ്. ആദ്യം അവര്‍ സ്വന്തം സഹപ്രവര്‍ത്തകരേയാണ് വിവരമറിയിച്ചത്. സ്വാഭാവികമായും പരിഹാരമൊന്നുമുണ്ടായില്ല. പിന്നീടവര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കും രേഖാമൂലം പരാതി നല്‍കിയതായി മാധ്യമ വാര്‍ത്തകളില്‍ നിന്നറിയാം.

എന്നിട്ട് ആഴ്ചകള്‍ കാത്തു നിന്നിട്ടും നടപടികളാ അന്വേഷണങ്ങളോ ഒന്നും നടന്നില്ല. പിന്നീട് നിവൃത്തികേടുകൊണ്ടാണവര്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ട് പരാതി നല്‍കിയത്. മൂന്നാഴ്ച പൂര്‍ത്തിയായിട്ടും വിളിച്ച് വിവരങ്ങളന്വേഷിച്ചതല്ലാതെ മറ്റു നടപടികളില്ല. തുടര്‍ന്നവര്‍ അവര്‍ക്ക് വലിയ ബഹുമാനം തോന്നിയ, ഇത്തരം പ്രശ്‌നങ്ങളിലൊക്കെ ചടുലമായി ഇടപെടുന്നു എന്ന തോന്നലുണ്ടാക്കിയ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് രേഖാമൂലം പരാതി നല്‍കുന്നു. ഒരാഴ്ച കാത്തിരുന്നിട്ടും ഒരു പ്രതികരണവുമില്ല.

 

തുടര്‍ന്നാണവര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ.മെയില്‍ പരാതി അയക്കുന്നത്. ഇതിനിടയില്‍ പാര്‍ട്ടിക്ക് ആവശ്യത്തിലധികം സമയം കിട്ടിയതാണ്, എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി, നിലപാട് വ്യക്തമാക്കാന്‍. സ്വന്തം പാര്‍ടി സഖാവായ അവിവാഹിതയായ യുവതിയോട് അപമര്യാദയായി പെരുമാറി എന്നതാണാക്ഷേപം.പാര്‍ടി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ബലമായി കയറിപ്പിടിച്ചു. പണം കാണിച്ച് പ്രലോഭിപ്പിക്കുന്നു,ഫോണിലൂടെ നിരന്തരം അശ്‌ളീല സംഭാഷണങ്ങള്‍ നടത്തി ബുദ്ധിമുട്ടിക്കുന്നു.വിവരം പുറത്തായപ്പോള്‍ ഭീഷണിപ്പെടുത്തുന്നു, എന്നൊക്കെയാണ് പരാതി എന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നും വ്യക്തം.

പരാതി പുറത്തായതോടെ ഒതുക്കി തീര്‍ക്കാന്‍ കോടികളും പാര്‍ടിയില്‍ ഉന്നത പദവികളും വാഗ്ദാനം ചെയ്തതായും പത്രവാര്‍ത്തകളുണ്ട്. പാര്‍ടി പതിവുപോലെ ഇതൊക്കെ നിഷേധിക്കും. ഒക്കെ പാര്‍ട്ടിക്കെതിരായ ഗൂഡാലോചനയാണന്നും മാധ്യമ വിചാരണയാണന്നും കോടികളുമായി സാമ്രാജ്യത്വം പിന്നിലുണ്ടന്നും വിശദീകരിക്കും. പക്ഷേ ഈ വിശദീകരണം എല്ലാ കാലത്തും പാര്‍ട്ടി അണികള്‍ അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും.

കാരണം മാധ്യമ വാര്‍ത്തകള്‍ വലിയൊരളവില്‍ ശരിയാകുന്നതാണ് പിന്നീടവര്‍ കണ്ടു കൊണ്ടിരിക്കുന്നത്. ആക്ഷേപം ഉയര്‍ന്ന ഉടനെ സഹപ്രവര്‍ത്തകയായ യുവതിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത്, ശശിയെ സസ്‌പെന്റ് ചെയ്ത് നിര്‍ത്തി, അടിയന്തര പ്രാധാന്യത്തോടെ ഒരന്വേഷണം നടത്തി നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ ഇത്തരം ഒരവസ്ഥ സംജാതമാകുമായിരുന്നോ? ഇനി യുവതി “കള്ളപ്പരാതി” തന്നതാണങ്കില്‍ അത് കണ്ടെത്തി യുവതിയെ ശിക്ഷിക്കുകയും ശശിയെ കുറ്റവിമുക്തമാക്കുകയുമല്ലേ ചെയ്യേണ്ടിയിരുന്നത്? അതിന് പകരം മാധ്യമങ്ങളെ പഴിക്കുകയും പാര്‍ട്ടിക്കെതിരായ ഗൂഡാലോചനയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാവാനിടയില്ല. മാധ്യമങ്ങള്‍ എപ്പോഴും സെന്‍സേഷനലായ വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടാവും. സി.പി.ഐ(എം) ല്‍ നിന്നായാല്‍ വിശേഷിച്ചും. ഇത് പാര്‍ടിയോടുള്ള വിരോധം കൊണ്ടല്ല. അതില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.

 

ഭരണഘനയിലെ ഈ വകുപ്പ് യഥാസമയം പ്രയോഗിച്ചിരുന്നെങ്കില്‍ ഇത്രയേറെ വിഴുപ്പലക്കലുകള്‍ മാധ്യമങ്ങളില്‍ നിറയുന്നത് ഒഴിവാക്കാനെങ്കിലും കഴിയുമായിരുന്നില്ലെ? പാര്‍ടി നേതൃനിരയിലുള്ളവര്‍ക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണന്നും കരുതാനാവില്ല. അവിടെയാണ് ഭരണഘടനാവിരുദ്ധമായി പി.കെ.ശശിയെ രക്ഷപ്പെടുത്താനുള്ള ഗൂഡാലോചന നേതൃതലങ്ങളിലുണ്ടായി എന്ന് സംശയിക്കേണ്ടത്.

യുവതി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗമാണ്. അക്ഷേപത്തിനിരയായ ശശി പാര്‍ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും എം.എല്‍.എയുമാണ്.സാധാരണ രീതിയനുസരിച്ച് ഇത്തരം ഒരാക്ഷേപം കൈകാര്യം ചെയ്യേണ്ടത് പാലക്കാട് ജില്ലാ കമ്മറ്റിയാണ്. ആവശ്യമായ സഹായം നല്‍കുക മാത്രമാണ് സംസ്ഥാന കമ്മറ്റി ചെയ്യേണ്ടത്.

ശശി വിഷയത്തില്‍ എന്തു കൊണ്ടിത് നടന്നില്ല. അങ്ങിനെ ഒരു പരാതിയേ കിട്ടിയിട്ടില്ല എന്ന നിലപാടാണ് ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കും അപ്പോള്‍ തന്നെ യുവതി പരാതി നല്‍കുന്നുണ്ട്. സംഗതിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച്, സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഭരണഘടനാനുസൃതമായുള്ള നടപടി എന്തു കൊണ്ട് സ്വീകരിച്ചില്ല? അതിന് പകരം മാധ്യമങ്ങളെ അലക്കാന്‍ വിട്ടതെന്തിന്? ഇവരുടെയൊക്കെ അനങ്ങാപ്പാറ നയം കണ്ടതുകൊണ്ടാണല്ലോ യുവതി പരാതിയുമായി സംസ്ഥാന സെക്രട്ടറിയെ സമീപിച്ചത്.

പരാതി കിട്ടിയെന്നും യുവതിയോട് അന്വേഷിച്ച് കാര്യങ്ങള്‍ അന്ന് തന്നെ മനസ്സിലാക്കി എന്ന് കോടിയേരി സമ്മതിക്കുന്നു. ശശിയെ ഉടനെ തന്നെ വിളിച്ച് വിവരങ്ങളാരാഞ്ഞു എന്നും കോടിയേരി പറയുന്നു. എന്നിടും ഇത്ര അടിയന്തര സ്വഭാവമുള്ള വിഷയത്തില്‍ ഒരു നടപടിയുമില്ലാതെ മൂന്നാഴ്ചയോളം പരാതിയില്‍ അടയിരുന്നതെന്തിന്?

 

പരാതി കിട്ടിയ ഉടനെ തന്നെ ശരിയെ മാറ്റി നിര്‍ത്തി, അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ യുവതിക്ക് പരാതിയുമായി ബൃന്ദാ കാരാട്ടിനെ സമീപിക്കേണ്ടി വരുമായിരുന്നോ? രാജ്യത്തെ സ്ത്രീവിരുദ്ധമായ കേസ്സുകളിലൊക്കെ ശക്തമായി ഇടപെടാറുള്ള ഇവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടാണ് ഏറെ വിചിത്രം. പരാതി മലയാളത്തിലായത് കൊണ്ട് കിട്ടിയ ഉടനെ അവര്‍ക്കത് വായിക്കാനായില്ല. മലയാളം അറിയുന്ന ഒരാളില്‍ നിന്ന് അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി വാങ്ങി.

പിന്നീടീ പരാതിയെക്കുറിച്ച് ആര്‍ക്കും വിവരമില്ല. പാര്‍ടി രീതിയനുസരിച്ച് തനിക്ക് പരാതി കിട്ടിയ ഉടനെ, അവര്‍ക്കതിലെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്താനുണ്ടങ്കില്‍ അത് കൂടി ചേര്‍ത്ത്, ജനറല്‍ സെക്രട്ടറിക്ക് കൈമാറണം. അദ്ദേഹം സ്ഥലത്തില്ലങ്കില്‍ ചുമതലയിലുള്ള ആള്‍വശം ഏല്‍പ്പിക്കണം. അടിയന്തര സ്വഭാവമുള്ള കാര്യമാണന്ന് തോന്നിയാല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ക്ക് മുന്‍കൈ എടുക്കണം. ബൃന്ദ ഇതൊന്നുമല്ല ചെയ്തത്.

നാലു ദിവസത്തിലധികം ഈ പരാതി പൂഴ്ത്തിവെച്ചു. അതെന്തിനായിരുന്നു എന്ന് വ്യക്തമാക്കാനുള്ള ബാദ്ധ്യത അവര്‍ക്കില്ലേ? അവര്‍ പത്രക്കാരോട് പറഞ്ഞത് ഞാനാ പരാതി അന്ന് തന്നെ കേരളത്തിലേക്കയച്ചുകൊടുത്തു എന്നാണ്. അത് ആര്‍ക്കും മനസ്സിലാവാത്ത ഒരു വിശദീകരണമാണ്. കേരളത്തിലെ ഒരു പ്രശ്‌നത്തില്‍ ഇവിടെ നല്‍കിയ പരാതിയില്‍ നടപടിയില്ലാതായതോടെയാണ് യുവതി പി.ബിയിലെ വനിതാ നേതാവിനെ സമീപിക്കുന്നത്.

അവര്‍ സംഘടനാപരമായ ഉത്തരവാദിത്തം എന്ന നിലയില്‍ പരാതി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഉചിതമായ തീരുമാനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. അതിനു പകരം അവര്‍ ജനറല്‍ സെക്രട്ടറിയെ വിവരം അറിയിക്കാതെ പരാതി കേരളത്തിലേക്ക് മടക്കിയയച്ചതെന്തിനെന്ന ചോദ്യം സ്വാഭാവികം. കേരളത്തിലാരും ഇതറിയാത്ത പ്രശ്‌നമില്ലല്ലോ.

 

ബൃന്ദക്ക് നല്‍കിയ പരാതിയും വെളിച്ചം കാണാതായതോടെയാണ് യുവതി ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് ഇമെയിലായി പരാതി നല്‍കുന്നത്. അതിനിടയില്‍ തന്നെ പത്രങ്ങളില്‍ സംഭവം വാര്‍ത്തയാകുകയും ചെയ്തു. സംഘടനാ രീതിയനുസരിച്ച് ഈ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര കമ്മറ്റിയെ അറിയിക്കാനും ഇത് വരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലങ്കില്‍ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാനും കേരള സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു സീതാറാം യെച്ചൂരി ചെയ്തത്.

തന്നെ വന്നു കണ്ട മാധ്യമ പ്രവര്‍ത്തകരോട് പരാതി കിട്ടിയ വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ശശിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ സംസ്ഥാന നേതൃത്വം ഇപ്പോഴും ഇത് പരമാവധി വൈകിപ്പിച്ചു കൊണ്ടിരിക്കയാണ്. എ.കെ ബാലന്‍, പി.കെ.ശ്രീമതി തുടങ്ങിയവരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടങ്കിലും ഭരണഘടനാനുസൃതമായി ശശിയെ ഇനിയും സസ്‌പെന്റ് ചെയ്തിട്ടില്ല. എ.കെ.ബാലന്‍ സംസ്ഥാന നിയമമന്ത്രിയാണ്. പരാതിയാവട്ടെ വലിയ ബഹുജന ശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞിട്ടുമുണ്ട്. ഇത്തരം ഒരു പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സംസ്ഥാന നീതിന്യായ സംവിധാനത്തിന് കൈമാറാന്‍ ഉത്തരവാദിത്തമുള്ള ഭരണകര്‍ത്താവാണ് അദ്ദേഹം. അപ്പാള്‍ ഔദ്യോകിക നിയമനടപടികള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട മന്ത്രി പാര്‍ടിയില്‍ അന്വേഷണക്കമ്മീഷനാകുന്നതിലും അത് പരസ്യമാക്കുന്നതിലും ചില ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരാനിടയുണ്ട്.

അത് തല്‍ക്കാലം നമുക്ക് വിസ്മരിക്കാം. പരാതിയെക്കുറിച്ച് അറിയില്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രതികരണവും പ്രതികരിക്കാനില്ലന്ന എസ്.രാമചന്ദ്രന്‍ പിള്ളയുടെ ആദ്യ പ്രതികരണവുമൊക്കെ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്യത്തില്‍ പോലും ചേരിതിരിവുകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. പക്ഷേ യെച്ചൂരി പരസ്യ നിലപാട് സ്വീകരിച്ചതോടെ ശശിയെ രക്ഷിച്ചെടുക്കുക എളുപ്പമല്ല എന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.

സി.പി.എം പോലൊരു പാര്‍ട്ടിയുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് പൊതുവായി വിശ്വാസത്തിലെടുക്കാനാവണം. അതിന് പകരം ഇവര്‍ പറയുന്നതൊന്നും വിശ്വസിക്കാനാവില്ല എന്ന് വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. പി.കെ.ശശി പ്രശ്‌നത്തില്‍ ഇത്തരമൊരു അവസ്ഥയിലാണ് ജനങ്ങള്‍. ഇയാളുടെ ശരീരഭാഷയും നുണയാണന്ന് എല്ലാവര്‍ക്കും ബോധ്യമുളള ജല്‍പ്പനങ്ങളും ചില പ്രയോഗക്കളുമൊക്കെ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണങ്കില്‍ എന്ത് വൃത്തികേടുകള്‍ ചെയ്താലും നേതൃത്വം സംരക്ഷിക്കുമെന്നും തിരിച്ചാണങ്കില്‍ എത്ര സത്യസന്ധരും കഴിവുള്ളവരുമായാലും തഴയപ്പെടുമെന്നും പാര്‍ട്ടി അണികള്‍ കരുതാനിടവന്നു കൂട. പി.ശശി, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്കെതിരായ നടപടിയിലുണ്ടായ കാലതാമസം. നടപടിക്ക് ശേഷം ഏറ്റവും കുറഞ്ഞ കാലം കൊണ്ട് അവരെ തിരികെ പാര്‍ട്ടിയിലും ഉന്നത സ്ഥാനങ്ങളിലുമെത്തിച്ചത്, എല്ലാം “തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് “സിദ്ധാന്തമനുസരിച്ചാണ് എന്നാരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റം പറയാനുമാകില്ല.

പോലീസ്, വനിതാ കമ്മീഷന്‍, സര്‍ക്കാര്‍ എന്നിവയെയൊക്കെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കാനിടയായതും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ടി കണിച്ച അവധാനതയില്ലായ്മ കൊണ്ടാണെന്ന കാര്യത്തിലും സംശയമില്ല. സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരാതിയില്ലാതെ തന്നെ പോലീസ് സ്വമേധയാ കേസ്സെടുക്കണം എന്ന നിലപാട് പാര്‍ടി നേരത്തെ തന്നെ മുന്നോട്ടുവെച്ചിട്ടുള്ളതാണ്.

 

ഏറ്റവും അവസാനം എം.വിന്‍സെന്റ് എം.എല്‍.എയുടെ കാര്യത്തില്‍ പോലും ഇത്തരം ഒരു നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഇനിയുള്ള കാലം രാഷ്ടീയ പാര്‍ടികളോ, മത സ്ഥാപനങ്ങളോ, സന്നദ്ധ സംഘടനകളോ ഒക്കെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയും കുറ്റവിമുക്തമാക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായി അംഗീകരിക്കാനാവില്ല.

അത്തരം കേസ്സുകളൊക്കെ നീതിന്യായ സംവിധാനത്തിന് കൈമാറാന്‍ ഭാവിയിലെങ്കിലും എല്ലാവരും നിര്‍ബന്ധിതരാവും. പി.കെ ശശി എം.എല്‍.എയുടെ പ്രശ്‌നം പാര്‍ട്ടിയാണ് കൈകാര്യം ചെയ്യുക എന്ന് പറഞ്ഞാല്‍ ഫ്രാങ്കോ ബിഷപ്പിന്റെ കാര്യം പള്ളിയും ദിലീപിന്റെ കേസ്സ് “അമ്മ” “യുമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് നാം സമ്മതിക്കുന്നതിന് തുല്ല്യമാകും.

അതുണ്ടാക്കുന്ന ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കും. ദേശീയ വനിതാ കമ്മീഷന് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഇടപെടലിന് അവസരമൊരുക്കിക്കൊടുത്തതും പാര്‍ട്ടിയുടെ അവധാനതയില്ലാത്ത നിലപാടുകളാണ്. ആത്മാര്‍ത്ഥമായും സ്ത്രീകളുടെ താല്പര്യ സംരക്ഷണത്തിനാണ് ദേശീയ വനിതാ കമ്മീഷന്‍ പരിശ്രമിക്കുന്നതെങ്കില്‍, അതിന്റെ അദ്ധ്യക്ഷ പി.കെ ശശിയെ തേടി കേരളം വരെ വരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങള്‍ നിരവധിയാണ്. മിക്കതും പോലീസില്‍ പരാതി നല്‍കിയതുമാണ്. പലതിലും പ്രതികള്‍ ബി.ജെ.പി.നേതാക്കളുമാണ്. അവര്‍ക്കെതിരെ ചെറുവിലരനക്കാതെയാണ് അവര്‍ കേരളത്തിലെത്തിയത്. പാര്‍ടിക്കകത്ത് നിസ്സാരമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു പരാതി ശരിയായി കൈകാര്യം ചെയ്യുന്നതിന് പകരം, വഴിവിട്ട പ്രവൃത്തികളിലൂടെ പ്രതിയെ രക്ഷിക്കാന്‍ നേതൃത്വം പരിശ്രമിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.

ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുളള വിശ്വാസമാണ് പരമപ്രധാനം. അതില്ലാതായാല്‍ പാര്‍ടി ഒന്നുമല്ലാതാകും.  മറ്റൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ തങ്ങള്‍ക്കു മുമ്പില്‍ തല്‍ക്കാലം ബദലുകളില്ലാത്തത് കൊണ്ട് അവര്‍ സി.പി.എമ്മിന് തന്നെ വോട്ടു കുത്തി എന്നു വരും. ബി.ജെ.പി.പോലൊരു ഫാസിസ്റ്റ് പാര്‍ടിക്ക് സഹായകമാകുന്നതൊന്നും ചെയ്തുകൂടാ എന്ന ചിന്തയും ജനങ്ങളില്‍ ശക്തമാണ്. അപ്പോഴും ഇനിയെത്ര കാലം ഈ അവസ്ഥ നിലനിര്‍ത്താനാവും എന്ന ചോദ്യം പ്രസക്തമായി തന്നെ നിലനില്‍ക്കും.