എ.ഐയുടെ കടന്നുവരവോടെ ട്രോളന്മാരുടെ ക്രിയേറ്റിവിറ്റി പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തിലെ പഴയകാല ക്ലാസിക്കുകളില്‍ പുതിയ താരങ്ങളുടെ തല വെട്ടിയൊട്ടിച്ചുകൊണ്ടുള്ള എ.ഐ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. യുവതാരങ്ങളില്‍ സെന്‍സേഷനായ നസ്‌ലെനും മാത്യു തോമസും സന്ദീപ് പ്രദീപുമൊക്കെയാണ് ഇത്തരം ട്രോളന്മാരുടെ ഇര.

കിലുക്കം, ചിത്രം, ചക്രം, പടയപ്പ, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററില്‍ ജെന്‍ സീ സൂപ്പര്‍സ്റ്റാറുകളുടെ തല വെട്ടിയൊട്ടിച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ അടുത്ത ലെവലിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. പഴയ സിനിമകളില്‍ ജെന്‍സീ താരങ്ങളെ ഉള്‍പ്പെടുത്തിയ എ.ഐ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായ മണിച്ചിത്രത്താഴിന്റെ എ.ഐ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഡിക്രൂസ് എന്ന ഐ.ഡിയാണ് ഈ വീഡിയോ പങ്കുവെച്ചത്. മണിച്ചിത്രത്താഴില്‍ ന്യൂ ജെനറേഷന്‍ താരങ്ങളെ എ.ഐ ഉപയോഗിച്ച് കാസ്റ്റ് ചെയ്ത വീഡിയോയാണ് ഡിക്രൂസ് പങ്കുവെച്ചത്.

നകുലനായി മാത്യു തോമസും ഗംഗയായി അനശ്വര രാജനുമാണ് വീഡിയോയിലുള്ളത്. നെടുമുടി വേണുവിന്റെ തമ്പിയെ എ.ഐ വേര്‍ഷനില്‍ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്. ഇന്നസെന്റ് അനശ്വരമാക്കിയ ഉണ്ണിത്താനായി വേഷമിടുന്നത് സൗബിനാണ്. ഗണേശ് കുമാറിന്റെ ദാസപ്പന്‍ കുട്ടിയെ ശ്യാം മോഹന്‍ അവതരിപ്പിക്കുമ്പോള്‍ കാട്ടുപറമ്പനായി എത്തുന്നത് ആറാട്ടണ്ണനാണ്.

ഇന്റര്‍വെല്ലിനോടടുത്ത് രംഗപ്രവേശം ചെയ്യുന്ന സണ്ണിയായി നസ്‌ലെനും ശ്രീദേവിയായി മമിതയെയുമാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. സംഗീത് പ്രതാപിനെ സുധീഷ് അവതരിപ്പിച്ച കിണ്ടിയുടെ വേഷത്തിലാണ് കാസ്റ്റ് ചെയ്തിട്ടുള്ളത്. ഉണ്ണിമായ പ്രസാദാണ് കെ.പി.എസി ലളിതക്ക് പകരം. ബ്രഹ്‌മദത്തന്‍ നമ്പൂതിരിയായി അലന്‍സിയറുമെത്തിയതോടെ വീഡിയോ കഴിഞ്ഞെന്നാണ് പലരും കരുതിയത്.

എന്നാല്‍ ഇത്രയും പേരെ ഒന്നുമല്ലാതാക്കിക്കൊണ്ടായിരുന്നു സന്ദീപിന്റെ എന്‍ട്രി. രാമനാഥനായാണ് സന്ദീപിനെ ഈ വീഡിയോയില്‍ കാസ്റ്റ് ചെയ്തത്. ‘തോം തോം തോം’ എന്ന് ചുവടുവെച്ച് കൊണ്ടുവന്ന സന്ദീപാണ് റീല്‍ തൂക്കിയത്. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമുണ്ട്.

‘എന്ത് പണ്ടാരമാണ് ആ നാഗവല്ലി, ഒടുക്കത്തെ ജാഡയും പിന്നെ ഒരു പഞ്ച് ഡയലോഗും’, ‘ഭ്രാന്ത് വന്നിട്ടുമുണ്ട് അത് ചികിത്സിച്ച് ശരിയാക്കിയിട്ടുമുണ്ട്. അത് വിട്’, ‘നകുലാ, അവസാനം നീ കരയും മോനേ’, ‘നാഗവല്ലിയെ എനിക്ക് തളക്കാന്‍ പറ്റിയില്ല, തിരുമേനിക്കും കിട്ടൂല’ എന്നീ കമന്റുകള്‍ നസ്‌ലെന്റെ വോയിസിലാണ് പലരും വായിക്കുന്നത്. ‘ലാസ്റ്റ് വന്ന് സീന്‍ തൂക്കിയ ബാറ്റില്‍ഫീല്‍ഡ് സന്ദീപാണ് ഹീറോ’ എന്നും കമന്റുകളുണ്ട്.