കഥാപാത്രങ്ങളെ മുന്‍വിധികളോടെ റൊമാന്റിസൈസ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ, അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള എഴുത്തുകാരന്റെ ഈ മാനുഷിക സമീപനമാണ് 'ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍'ക്ക് ജീവന്‍ പകരുന്നത്. വായന പൂര്‍ത്തിയാകുമ്പോഴും അസ്വസ്ഥമാക്കുന്ന ആ മുറിവുകള്‍ വായനക്കാരനില്‍ ബാക്കിയാകുന്നു; അതുതന്നെയാണ് ഈ കൃതിയുടെ യഥാര്‍ത്ഥ സാഹിത്യവിജയം | മനേഷ് എഴുതുന്നു
യാത്ര എന്ന വാക്ക് മനസ്സില്‍ കോറിയിടുന്നത് സാധാരണയായി അപരിചിത ദേശങ്ങളുടെ സൗന്ദര്യമോ, ഹരിതാഭമായ പ്രകൃതിദൃശ്യങ്ങളോ, വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലൂടെയുള്ള സുഖലോലുപമായ അലച്ചിലുകളോ ആണ്. എന്നാല്‍ വി.കെ. സുരേഷിന്റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍‘ എന്ന നോവല്‍ ആ പരമ്പരാഗത കാവ്യാത്മക ധാരണകളെ പാടെ തകിടം മറിക്കുന്നു. ഇവിടെ യാത്ര ഒരു സുഖവിനോദമല്ല; അതികഠിനമായ മനുഷ്യജീവിതങ്ങളുടെ അതിജീവന പോരാട്ടമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനങ്ങളോ പാക്കേജുകളോ ഇല്ലാത്ത, എല്ലാം തീര്‍ന്നുപോയെന്നു തോന്നുന്നിടത്തുനിന്നും ഗത്യന്തരമില്ലാതെ വഴി തിരിയുന്ന തിടുക്കത്തിലുള്ള പാച്ചിലാണത്.
ചൊറിഞ്ഞുപോയ ഒരു മരത്തില്‍നിന്നു പുറെഞ്ഞു പുറത്തു ചാടി മറ്റൊരു മരത്തിലേക്ക് ജീവനും പിടിച്ച് ഓടിക്കയറുന്ന മനുഷ്യരുടെ അസ്വസ്ഥജനകമായ സഞ്ചാരരേഖയാണീ കൃതി. വര്‍ഗീയതയും ‘മണ്ണിന്റെ മക്കള്‍’ വാദവും അരക്ഷിതമാക്കുന്ന ആ ലോകത്ത്, കലാപങ്ങളുടെ യഥാര്‍ത്ഥ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. എന്നാല്‍, ആ തിക്താനുഭവങ്ങളില്‍ നിന്ന് കരുത്തുനേടി ജീവിതത്തെ നേരിടുന്ന പരുക്കന്‍ മനുഷ്യരെയും നമുക്ക് ഈ നോവലില്‍ കാണാം.
പുസ്തകത്തിന്റെ പുറംകവര്‍
‘ചൊറമഞ്ച’ എന്ന വേറിട്ട ശീര്‍ഷകം തന്നെയാണ് നോവലിലേക്ക് കടക്കാനുള്ള പ്രധാന വായനാ താക്കോല്‍. ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് വടകരയുടെ ദേശഭാഷയില്‍ ‘മഞ്ച’ എന്നാല്‍ മരം, അഭയം അല്ലെങ്കില്‍ ഒളിത്താവളമാണ്; ‘ചൊറ’ എന്നാല്‍ കെട്ടുപിണഞ്ഞതും വിഷമകരവുമായ അവസ്ഥയും.
അതുകൊണ്ടുതന്നെ ‘ചൊറമഞ്ച’ ഒരു ഭൂമിശാസ്ത്രപരമായ സ്ഥലനാമമല്ല. ജീവിതത്തിന്റെ പ്രഹരങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കഥാപാത്രങ്ങള്‍ ഓരോ പുതിയ മരത്തിലേക്കും ഉള്‍വലിയുമ്പോള്‍, ഈ ശീര്‍ഷകം നോവലിന്റെ അന്തര്‍ധാരയായി തെളിയുന്നു.
അനിശ്ചിതത്വമാണ് ഈ അപൂര്‍ണ യാത്രകളുടെ മര്‍മം. നാളെയെക്കുറിച്ചുള്ള ഉറപ്പുകളില്ലാതെ കണ്‍മുന്നില്‍ വന്നുനില്‍ക്കുന്ന ആദ്യ വണ്ടിയിലേക്ക് കയറിപ്പറ്റുന്നവര്‍. തൊഴില്‍ തേടിയും നിലനില്‍പ്പിനായുമുള്ള ആ ഓട്ടം കേവലം ഭൗതികമല്ല, ഒരുതരം അസ്തിത്വപരമായ ഞാണിമേല്‍ കളിയാണ്. വീഴാതെ മുന്നോട്ട് പോകാനുള്ള ആകുലമായ ശ്രമം തന്നെയാണ് അവരുടെ അസ്തിത്വം.
പഴയ ബോംബെ നോവലിന്റെ പശ്ചാത്തലമായി വരുമ്പോള്‍ അത് കേവലമൊരു നഗര ചിത്രീകരണം മാത്രമാകുന്നില്ല. കലാപങ്ങള്‍ കൊണ്ടും മറ്റും ഉറക്കം നഷ്ടപ്പെട്ട ആ മഹാനഗരം തന്നെ ജീവസ്സുറ്റ ഒരു കഥാപാത്രമായി മാറുന്നു.
ഇന്ത്യയുടെ അസംഖ്യം കോണുകളില്‍നിന്നെത്തിയ മനുഷ്യരുടെ അനിശ്ചിതത്വവും പരാജയവും പ്രതീക്ഷയും ഒരേപോലെ പേറുന്ന നഗരം. തെരുവില്‍ ഒരാള്‍ കുത്തേറ്റ് വീഴുമ്പോഴും നിസ്സംഗമായി നോക്കിനില്‍ക്കുന്ന ക്രൂരമായ നിസ്സഹായത നഗരമുഖത്തുണ്ട്. ഈ അടിത്തട്ടിലെ ജീവിതങ്ങളെ അസാധാരണമായ സൂക്ഷ്മതയോടെയാണ് എഴുത്തുകാരന്‍ വരച്ചിടുന്നത്.
എഴുത്തുകാരകന്‍ വി.കെ. സുരേഷ്
പോക്കറ്റടിക്കാര്‍, ഗുണ്ടകള്‍, അശരണര്‍, ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം എന്നിവരെ കുറവുള്ളവരായൊ കൗതുകവസ്തുക്കളായോ ചിത്രീകരിക്കാതെ, അവരുടെ ആന്തരിക മുറിവുകളെയും അതിജീവന തന്ത്രങ്ങളെയും മാനുഷിക ദൃഷ്ടിയോടെ വീക്ഷിക്കാന്‍ എഴുത്തുകാരന് സാധിക്കുന്നു.
ജീവിതത്തിന്റെ എല്ലാ ദുരന്തങ്ങള്‍ക്കിടയിലും താന്‍സന്റെയും മിര്‍സാ ഗാലിബിന്റെയും താളങ്ങളെ ആമിര്‍ ഖുസ്രുവിന്റെ വരികളില്‍ സന്നിവേശിപ്പിച്ചു ജീവിക്കുന്ന മനുഷ്യരാണവര്‍.
മലയാള സാഹിത്യത്തില്‍ പലപ്പോഴും അരിക് പറ്റി മാറ്റിവെക്കപ്പെടാറുള്ള ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെ അവരുടെ അന്തസ്സോടും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളോടും കൂടി അവകാശബോധത്തോടെ അവതരിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. അവരുടെ വൈകാരിക ലോകം എന്നും തിരസ്‌ക്കരിക്കപ്പെടുമ്പോള്‍ പുരുഷനില്‍ നിന്നും സ്ത്രീ മനസ്സിലേക്കുള്ള, ആത്മത്വത്തിലേക്കുള്ള പ്രവേശവും, വ്യക്തിത്വവും മാതൃഭാവവുമെല്ലാം കൃതിയില്‍ കാണാം.
മഹാനഗരത്തിന്റെ നിഗൂഢതകള്‍ക്കും ദീനതകള്‍ക്കുമൊപ്പം വടകരയുടെയും സമീപപ്രദേശങ്ങളുടെയും കാസര്‍ഗോഡിലെ തളങ്കരയുടെയും സാമൂഹിക പരിസരത്തെ നോവല്‍ സമാന്തരമായി അനാവരണം ചെയ്യുന്നു. കുടുംബബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഇഴയടുപ്പങ്ങള്‍, മുസ്‌ലിം ജീവിതരീതികള്‍, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം, വര്‍ഗീയതയുടെ കറയില്ലാത്ത സ്വാഭാവികമായ ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വം എന്നിവയൊക്കെ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ ഭാരമില്ലാതെ കഥയില്‍ സ്വാഭാവികമായി അലിഞ്ഞുചേര്‍ന്നു നില്‍ക്കുന്നു.
സംസ്‌കാരങ്ങളുടെ സംഘര്‍ഷത്തേക്കാള്‍ അവയുടെ സഹജമായ ഇഴചേരലുകളാണ് ഇവിടെ കാണാനാകുക. കൃത്രിമമായി തടസ്സങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ മനുഷ്യബന്ധങ്ങള്‍ അതതിന്റെ സ്വാഭാവികതയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന വലിയൊരു യാഥാര്‍ത്ഥ്യം കൂടി ഇതിലുണ്ട്.
‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍’ എന്ന നോവലിന്റെ ജീവനാഡി വടകരയുടെ തനത് ദേശഭാഷയിലാണ് കുടിയിരിക്കുന്നത്. തുടക്കത്തില്‍ വായനക്കാരന് അല്‍പം അപരിചിതത്വവും കല്ലുകടിയും തോന്നുമെങ്കിലും, ക്രമേണ ആ ‘ബടേര’ ഭാഷ കഥാപാത്രങ്ങളുടെ ആന്തരിക ശബ്ദമായി മാറും. വിവരണങ്ങളില്‍ സാഹിത്യഭാഷയും സംഭാഷണങ്ങളില്‍ ദേശമൊഴിയും കൃത്യമായി സമന്വയിപ്പിച്ച ആഖ്യാനരീതി ഏറെ ധീരമാണ്.
മാധ്യമപ്രവര്‍ത്തകനായ വി.കെ. സുരേഷിന്റെ റിപ്പോര്‍ട്ടിങ് പാടവം നോവലിന് ഒരു ‘ഡോക്യുഫിക്ഷന്‍’ (Docu-fiction) സ്വഭാവം നല്‍കുന്നുണ്ട്. അതേസമയം, വിവരശേഖരണങ്ങള്‍ക്കപ്പുറം വൈകാരികമായ സാഹിത്യമാനത്തിലേക്ക് കഥയെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. കഥാപാത്രങ്ങളെ അനാവശ്യമായി നീട്ടിപ്പരത്താതെ, തികഞ്ഞ കൈയടക്കത്തോടെ ഒരു ചിത്രകാരന്റെ തന്മയത്വത്തോടെയാണ് അദ്ദേഹം വരച്ചിടുന്നത്.
വിവരണങ്ങളുടെ സമൃദ്ധി ചിലയിടങ്ങളില്‍ ആഖ്യാനത്തിന്റെ ഒഴുക്കിനെ മന്ദഗതിയിലാക്കുന്നുണ്ടെന്ന് വായനക്കാരുടെ കാഴ്ചപ്പാടിന് അനുസരിച്ച് തോന്നാം. എന്നാല്‍, വെറും വരണ്ട കാല്‍പ്പനികതയില്‍ കഥ തിരയുന്നവര്‍ക്കാണ് അങ്ങനെ തോന്നുന്നതെന്നും യാഥാര്‍ത്ഥ്യങ്ങളുടെ സ്വാഭാവികതയാണിതെന്നും മറുവാദം ഉന്നയിക്കാം.
ചില കഥാപാത്രങ്ങളുടെ മാനസികതലങ്ങളിലേക്ക് പൂര്‍ണമായി ഇറങ്ങിച്ചെല്ലുംമുമ്പ് ആഖ്യാനം അടുത്ത ജീവിതത്തിലേക്ക് മാറുന്നത് ഒരു പരിമിതിയായി തോന്നിയേക്കാമെങ്കിലും, ഒരു ജീവിതത്തില്‍നിന്നു മറ്റൊരു ജീവിതത്തിലേക്കുള്ള ഈ ഒഴുക്കുതന്നെയാണ് നോവലിന്റെ മര്‍മം.
ഒരു വ്യക്തിയുടെ കഥ പറയുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തിന്റെ ബഹുസ്വര മനുഷ്യാനുഭവങ്ങളെ രേഖപ്പെടുത്തുക എന്ന വിപുലമായ ലക്ഷ്യമുള്ളതുകൊണ്ട് ഇതൊരു കുറവായി മാറുന്നില്ല.
ചുരുക്കത്തില്‍, സാമ്പത്തിക ഉദാരവത്കരണത്തിന്റെയും വികസനവാദങ്ങളുടെയും പ്രാരംഭ ഘട്ടത്തില്‍ അതിജീവനത്തിനായി പോരാടിയ സാധാരണക്കാരായ മനുഷ്യരുടെ കണ്ണിലൂടെ ചരിത്രത്തെ പുനര്‍വായിക്കാന്‍ ഈ നോവല്‍ ഒരു പ്രേരണയാകുന്നു. ചരിത്രം എക്കാലത്തും നിശബ്ദരായ മനുഷ്യരുടെ ചോരയും നീരുമാണെന്ന് നോവല്‍ അടിവരയിടുന്നു.
കഥാപാത്രങ്ങളെ മുന്‍വിധികളോടെ റൊമാന്റിസൈസ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ, അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള എഴുത്തുകാരന്റെ ഈ മാനുഷിക സമീപനമാണ് ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍’ക്ക് ജീവന്‍ പകരുന്നത്. വായന പൂര്‍ത്തിയാകുമ്പോഴും അസ്വസ്ഥമാക്കുന്ന ആ മുറിവുകള്‍ വായനക്കാരനില്‍ ബാക്കിയാകുന്നു; അതുതന്നെയാണ് ഈ കൃതിയുടെ യഥാര്‍ത്ഥ സാഹിത്യവിജയം.
Content Highlight: Manesh writes about VK Suresh’s book Choramanchayile Sancharangal