മികച്ച ഫോമില്‍ കുതിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒടുവില്‍ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ചാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒരിക്കല്‍ക്കൂടി നിര്‍ണായകശക്തിയാകുന്നത്.

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ 26ാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് യുണൈറ്റഡ്. വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളികള്‍. ഹാമ്മേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലണ്ടന്‍ സ്‌റ്റേഡിയമാണ് വേദി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിനൊപ്പം റെഡ് ഡെവിള്‍സ് ആരാധകര്‍ കാത്തിരിക്കുന്നത് ഒരു ഹെയര്‍കട്ടിന് കൂടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിക്കാതെ തന്റെ മുടിവെട്ടില്ല എന്ന ശപഥം ചെയ്ത കട്ട യുണൈറ്റഡ് ആരാധകന്‍ ഫ്രാങ്ക് ലെറ്റ് ഒടുവില്‍ തന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കുന്നത് കാണാന്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ദി യുണൈറ്റഡ് സ്ട്രാന്‍ഡ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ‘ശപഥം’ യുണൈറ്റഡ് ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡിന് എളുപ്പം വിജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന ഹാമ്മേഴ്‌സ് തോല്‍വി ഒഴിവാക്കാന്‍ തന്നെയാകും ശ്രമിക്കുന്നത്.

 

Content Highlight: Manchester United will face West Ham looking for a fifth consecutive win