ബജറ്റില്‍ മലയാള സിനിമയുടെ ലെവല്‍ മാറ്റുന്നതായിരിക്കും പേട്രിയറ്റ്: മമ്മൂട്ടി
Malayalam Cinema
ബജറ്റില്‍ മലയാള സിനിമയുടെ ലെവല്‍ മാറ്റുന്നതായിരിക്കും പേട്രിയറ്റ്: മമ്മൂട്ടി
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 26th April 2026, 11:47 am

നിലവില്‍ മലയാള സിനിമാപ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. മലയാള സിനിമയുടെ അഭിമാന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നുവെന്ന പ്രത്യേകത തന്നെയാണ് പേട്രിയറ്റിനെ മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട വസ്തുത. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടെക്‌നിക്കലി എത്രമാത്രം മികച്ച ചിത്രമായിരിക്കും പേട്രിയറ്റ് എന്ന സൂചനയും നല്‍കിയിരുന്നു.

എന്നാല്‍ സിനിമയെ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം ഏറെ ആശങ്കയോടെ നോക്കികാണുന്ന വസ്തുതയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്. ഏകദേശം 120 കോടിയിലധികമാണ് ചിത്രത്തിന് മുതല്‍മുടക്കായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന് ഇത്രയും വലിയ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകുമോ എന്ന ചോദ്യം പലരിലും ഉയര്‍ന്നിട്ടുണ്ട്.

പേട്രിയറ്റ് ടീമിനൊപ്പം മമ്മൂട്ടി. Photo: Mammootty/ Facebook.com

ഇതേക്കുറിച്ച് സൂപ്പര്‍താരം മമ്മൂട്ടി മാത്രഭൂമി ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇത്തരത്തില്‍ വലിയ സ്‌കെയിലില്‍ ഒരു സിനിമ ഉണ്ടാക്കാന്‍ സാധിക്കുകയും അതിനനുസരിച്ചുള്ള ഒരു റിസള്‍ട്ട് ചിത്രത്തിന് ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുകയാണെങ്കില്‍ മലയാള സിനിമ വേറെ ലെവലാണെന്ന് മമ്മൂട്ടി പറയുന്നു. ഇതൊരു പുതിയ സ്റ്റെപ്പാണെന്നും വേണ്ട അംഗീകാരം ഇതിന് ലഭിക്കുകയാണെങ്കില്‍ മലയാള സിനിമ ടെക്‌നിക്കലി വലിയ ഹൈറ്റിലേക്ക് പോകുമെന്നും താരം പറഞ്ഞു. പിന്നീട് വരുന്ന നിര്‍മാതാക്കള്‍ക്ക് സിനിമയില്‍ മുതല്‍മുടക്കാന്‍ തോന്നുമെന്നും അത് ഇന്‍ഡസ്ട്രിയുടെ കഥ തന്നെ മാറ്റുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ സ്റ്റാര്‍ വാല്യൂവിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രമായതിനാല്‍ വമ്പന്‍ ഓപ്പണിങ് ഡേ കളക്ഷന്‍ ചിത്രത്തിന് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ ദിവസത്തിന് ശേഷം പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മലയാളത്തിലെ സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ് വലിയ വിജയം നേടാനുള്ള പൊട്ടന്‍ഷ്യല്‍ പേട്രിയറ്റിനുണ്ട്.

പേട്രിയറ്റ് . Photo: Mammootty/ Facebook.com

ടേക്ക് ഓഫ്, മാലിക്ക് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, നയന്‍താര തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് സഹനിര്‍മാണം നിര്‍വഹിക്കുന്നത്.

Content Highlight: Mammootty talks about how patriot will help in making big budget films in Malayalam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.