ആരൊക്കെ വന്നാലും പോയാലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നാലുപതിറ്റാണ്ടിലധികം നീളുന്ന ഇരുവരുടെയും കരിയറില്‍ ചെയ്തുവെച്ച കഥാപാത്രങ്ങളില്‍ പലതും മലയാളി മനസിനോട് അടുത്ത് നില്‍ക്കുന്നവയാണ്. പ്രായം അറുപതും എഴുപതും പിന്നിട്ടിട്ടും അഭിനയത്തോട് ഇരുവരും കാണിക്കുന്ന ആവേശം പുതിയ തലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്.

ഭ്രമയുഗം, കളങ്കാവല്‍, പുഴു തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂക്ക പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ആര്‍ക്കും പകരം വെക്കാന്‍ കഴിയാത്ത അതികായനായി മോഹന്‍ലാലും കളം പിടിക്കുന്നു. പലപ്പോഴും ഓണ്‍സ്‌ക്രീനിന് പുറമെ ഓഫ് സ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുന്നത് ബിഗ് എം.സ് തന്നെയാണെന്നും കാണാം. വിദേശ രാജ്യങ്ങളില്‍ ചെയ്ത ഷോകളിലൂടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സമീപകാലത്ത് മോഹന്‍ലാലായിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്‌റ്റേജ് ഷോയിലെ തന്റെ എനര്‍ജി കൊണ്ട് സിനിമാ പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടിയും മോഹന്‍ലാലും. Photo: Ott Play

കഴിഞ്ഞ ജിവസം ലണ്ടനില്‍ വെച്ച് നടന്ന ഷോയ്ക്കിടയില്‍ നൃത്തം വെക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എം.ജി ശ്രീകുമാറിന്റെ ഗാനത്തിന്റെ അകമ്പടിയിലാണ് താരത്തിന്റെ പ്രകടനം. സ്വതവേ പാട്ട് പാടുകയും നൃത്തം ചെയ്യാറുമില്ലാത്ത മമ്മൂട്ടി ചെറിയ രീതിയിലെങ്കിലും നൃത്തം ചെയ്തത് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനൊപ്പം തന്നെ പാട്ട് പാടിക്കൊണ്ടിരുന്ന എം.ജിയെ അദ്ദേഹത്തിന്റെ അതേ മാനറിസത്തില്‍ അനുകരിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

യുവതാരം ടൊവിനോ തോമസും വേദിയില്‍ നില്‍ക്കവെയാണ് താരം താളത്തിനൊത്ത് ചുവടുവെച്ചത്. ഇതോടെ വീഡിയോക്കടിയില്‍ രസകരമായ കമന്റുമായും പലരും പ്രത്യക്ഷപ്പെട്ടു. പതിനേഴുവയസുകരന്റെ ടഫ് സ്റ്റെപ്‌സാണ് മമ്മൂക്കയുടേതെന്നാണ് കമന്റുകളില്‍ ഭൂരിഭാഗവും. അതേസമയം മമ്മൂക്ക നൃത്തം ചെയ്യുന്നത് കണ്ട് ടൊവിനോയ്ക്ക് നാണം വരുന്നുണ്ടെന്നും എന്ത് ചെയ്യണമെന്നറിയാതെ താരം കുഴങ്ങുകയാണെന്നും പലരും അഭിപ്രായപ്പെടുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും. Photo: X.com

മമ്മൂട്ടി നായകനായി കഴിഞ്ഞ മാസം പുറത്തിറങ്ങിയ പേട്രിയറ്റിന് വേണ്ട രീതിയില്‍ തിയേറ്ററില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആഗോളതലത്തില്‍ ചിത്രം 80 കോടി നേടിയെങ്കിലും 125 കോടിയോളം മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം പരാജയമായി മാറുകയായിരുന്നു. എന്നാല്‍ പ്രതാക്ഷയേകുന്ന പ്രൊജക്ടുകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. തമിഴില്‍ ധനുഷിനൊപ്പം D55, ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ, അടൂര്‍ സംവിധാനം ചെയ്യുന്ന പദയാത്ര തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന പ്രൊജക്ടുകളാണ്.

 

Content Highlight: Mammootty’s dance steps in a stage show goes viral on social media