ഇത്രേം കിടിലന്‍ പേര് ഇനി വേറെ കിട്ടില്ല, മമ്മൂട്ടിക്കൊപ്പം ആസിഫും നസ്‌ലെനും, ഖാലിദ് റഹ്‌മാന്‍ പ്രൊജക്ടിന്റെ ടൈറ്റില്‍ പുറത്ത്
Malayalam Cinema
ഇത്രേം കിടിലന്‍ പേര് ഇനി വേറെ കിട്ടില്ല, മമ്മൂട്ടിക്കൊപ്പം ആസിഫും നസ്‌ലെനും, ഖാലിദ് റഹ്‌മാന്‍ പ്രൊജക്ടിന്റെ ടൈറ്റില്‍ പുറത്ത്
അമര്‍നാഥ് എം.
Friday, 20th March 2026, 6:57 pm

കൊവിഡിന് ശേഷം പുതിയ ട്രാക്കിലൂടെ സഞ്ചരിക്കുന്ന താരമാണ് മമ്മൂട്ടി. തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്തുകൊണ്ടാണ് മമ്മൂട്ടി ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്നത്. ഇടക്ക് ആറ് മാസത്തോളം അസുഖബാധിതനായി ഇടവേളയെടുത്ത മമ്മൂട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്.

പരീക്ഷണ സിനിമകള്‍ക്കൊപ്പം മാസ് എന്റര്‍ടൈനറും ഒരുപോലെ തെരഞ്ഞെടുത്ത് ചെയ്യുക എന്നതാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്ലാന്‍. മൂന്ന് മാസ് എന്റര്‍ടൈനറുകളാണ് മമ്മൂട്ടിയുടെ ലൈനപ്പിലുള്ളത്. അതില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ഖാലിദ് റഹ്‌മാനുമായി മമ്മൂട്ടി കൈകോര്‍ക്കുന്ന ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. മട്ടാഞ്ചേരി മാഫിയ എന്നാണ് ചിത്രത്തിന്റെ പേര്. ഉണ്ടക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിലില്‍ ആരാധകരും ആവേശത്തിലാണ്. ഖാലിദ് റഹ്‌മാന്‍, അന്‍വര്‍ റഷീദ്, ആഷിക് അബു, അമല്‍ നീരദ് തുടങ്ങി കൊച്ചി ബേസ് ചെയ്തിട്ടുള്ള സംവിധായകരെ കളിയാക്കിക്കൊണ്ട് വിളിക്കുന്ന പേരാണ് മട്ടാഞ്ചേരി മാഫിയ. ഇപ്പോഴിതാ തങ്ങളുടെ പുതിയ സിനിമക്ക് അതേ ടൈറ്റില്‍ നല്‍കി സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ് ഖാലിദ്.

തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളൊരുക്കി ഇന്‍ഡസ്ട്രിയുടെ ടോപ്പില്‍ നില്‍ക്കുന്ന ഖാലിദ് ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. മമ്മൂട്ടിക്കൊപ്പം ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന ആസിഫ് അലിയും നസ്‌ലെനും കൂടി ചേരുമ്പോള്‍ ആവേശം വാനോളമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടൂര്‍ ഗോപലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പദയാത്രയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടി നിലവില്‍ D55ന്റെ ഷൂട്ടിലാണ്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ശക്തമായ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. നടനായും താരമായും ഈ വര്‍ഷവും മമ്മൂട്ടി ഞെട്ടിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്.

Content Highlight: Mammootty Khalid Rahman project titled as Mattanchery Mafia

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം