സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാളത്തിലെ വമ്പന്‍ താരങ്ങളെ അണിനിരത്തി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്.
അനൗണ്‍സ്‌മെന്റ് സമയത്ത് സോഷ്യല്‍ മീഡയയില്‍ വലിയ ഹൈപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയി. എന്നാല്‍ ട്രെയ്‌ലര്‍ റിലീസായതോടെ ആരാധകരും ചിത്രത്തില്‍ പ്രതീക്ഷ വെച്ചു. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി പേട്രിയറ്റ് മാറിയേക്കുമെന്നും കരുതുന്നവരുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രസ്മീറ്റ് എറണാകുളത്ത് നടന്നിരുന്നു.
മമ്മൂട്ടി Photo: Screen grab/ Voice of Kerala Entertainments
മമ്മൂട്ടിക്കൊപ്പം മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്മീറ്റില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും ട്രെയ്‌ലറിലും പലരുടെയും ശ്രദ്ധ ആകര്‍ഷിച്ച ചെയ്‌സിങ് സീനിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ഉത്തരം രസകരമായിരുന്നു. ചെയ്‌സിങ് സീന്‍ ഷൂട്ട് ചെയ്ത അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.
‘അതിന് ആ സീനില്‍ ഞങ്ങള്‍ക്ക് വലുതായിട്ടൊന്നും ചെയ്യാനില്ലല്ലോ. ഞാനാണെങ്കില്‍ അവശനും ലാലാണെങ്കില്‍ കാലിന് വയ്യാത്ത ആളും. വണ്ടിയോടിക്കുന്ന ആളാണല്ലോ ഹീറോ. ചാക്കോച്ചനാണ് ആ സീനില്‍ മുഴുവന്‍ ഹീറോയിസവും. ഞങ്ങള്‍ രണ്ടും വെറും പാസഞ്ചേഴ്‌സ് മാത്രമായിരുന്നു. ആ സീനിലെ അനുഭവം എങ്ങനെയുണ്ടെന്ന് ചാക്കോച്ചനോട് തന്നെ ചോദിക്കണം,’ മമ്മൂട്ടി പറഞ്ഞു.
പല ഭാഷകളിലും വരുന്ന മാസ് സിനിമകളെ മലയാളത്തിലെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. താനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ അത്തരമൊരു മാസ് സിനിമയാണോ പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു. അത്തരം മാസ് സിനിമകള്‍ ചെയ്താല്‍ ആളുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്നും മമ്മൂട്ടി ചോദിക്കുന്നു.
‘അങ്ങനെയുള്ള മാസ് സിനിമയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ സ്വീകരിക്കുമോ? ഇല്ല. കാരണം, ഞങ്ങളില്‍ നിന്ന് അത്തരം സിനിമകളല്ല നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഞാനും മോഹന്‍ലാലും വന്നിട്ട് ഏതെങ്കിലും മാസ് സിനിമയിലെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിയ ഡയലോഗടിച്ച് അവസാനം രണ്ടുപേരും കൂടെ ഒരാളെ തല്ലി തോല്പിക്കുന്ന കഥയല്ല ഇത്.
ഞങ്ങള്‍ രണ്ടുപേരും രണ്ട് കഥാപാത്രങ്ങളാണ്. സോ കോള്‍ഡ് കൊമേഴ്‌സ്യല്‍ വാല്യു ഉള്ളവര്‍ തന്നെയാണ് ഇതിലെ മറ്റ് താരങ്ങള്‍. ഈ മാറ്റമെല്ലാം നിങ്ങളുണ്ടാക്കി തന്നതാണ്. നിങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ മാറിയത്. പ്രേക്ഷകരാണ് ഈ സിനിമയില്‍ ഇങ്ങനെയൊക്കെ അവതരിപ്പിക്കാനും അഭിനയിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty about the chasing scene in Patriot movie