സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജനനായകൻ, വിശ്വനാഥൻ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം. ഇപ്പോഴിതാ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ മമിത.

മമിത ബൈജു. Photo. X.com

തനിക്ക് ആദ്യമായി നമിത ബൈജു എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ ബർത്ത് സർട്ടിഫിക്കറ്റിലെ പേര് മമിത എന്ന് തെറ്റായി കൊടുത്തത് അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് സ്കൂളിൽ ചേർത്തപ്പോളാണ് അവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ ആ തെറ്റ് കണ്ടുപിടിച്ചതെന്ന് മമിത ഓർത്തെടുക്കുന്നു.

‘അച്ഛനും അമ്മയും എനിക്ക് ഇട്ട പേര് നമിത ബൈജു എന്നായിരുന്നു. അങ്ങനെ കിൻഡർഗാർഡൻ ഒക്കെ കഴിഞ്ഞ് ഫസ്റ്റ് സ്റ്റാൻഡേർഡിൽ ചേർത്തപ്പോഴാണ് ബർത്ത് സർട്ടിഫിക്കറ്റിൽ എഴുതിയിരുന്നത് നമിത എന്നാണ് എന്ന് അറിയുന്നത്. അന്ന് അവർ അത് ശ്രദ്ധിച്ചിരുന്നില്ല.

ഇത് ആദ്യം കണ്ടുപിടിക്കുന്നത് മേരി മൗണ്ട് സ്കൂളിലുണ്ടായിരുന്ന പ്രിൻസിപ്പൽ സിസ്റ്ററാണ്. സിസ്റ്റർ ഇതെന്താ നമിത എന്ന് പറഞ്ഞിട്ട് മമിത എന്ന് എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് അമ്മയും അച്ഛനും അത് ശ്രദ്ധിക്കുന്നത്. എന്നിട്ട് അവർ അത് മാറ്റി കൊണ്ടുവരാം എന്ന് പറഞ്ഞു. എന്നാൽ സിസ്റ്റർ തന്നെയാണ് പറഞ്ഞത്, ഏയ് വേണ്ട വേണ്ട, ഇവിടെ ഒരുപാട് നമിതമാർ ഉണ്ട്, മമിത എന്ന് തന്നെ ഇരുന്നോട്ടെ എന്ന്. അങ്ങനെ വളരെ അപ്രതീക്ഷിതമായി കിട്ടിയതാണ് ഈ പേര്,’ നടി പറഞ്ഞു.

സിനിമ വളരെ ചെറിയ പ്രായത്തിലേ ആഗ്രഹമായി മനസിലുണ്ടായിരുന്നെങ്കിലും, പഠനം പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുൻപുള്ള ഇടവേളയിൽ ആഗ്രഹം പോലെ ചെയ്തുനോക്കാം എന്നായിരുന്നു തന്റെ പ്ലാൻ എന്നും, എന്നാൽ വളരെ യാദൃച്ഛികമായാണ് സിനിമ അതിനുമുൻപേ ജീവിതത്തിൽ സംഭവിച്ചതെന്നും മമിത ബൈജു കൂട്ടിച്ചേർത്തു.

‘സിനിമ എന്ന മീഡിയം മനസിലായി തുടങ്ങിയ ഒരു പ്രായം മുതലേ അഭിനയം എന്നൊരു ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ചെറുപ്പത്തിലെ ഞാൻ കലാപരമായ എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവുമായിരുന്നു. സിനിമ എന്ന മീഡിയത്തിൽ എന്താണ് നടക്കുന്നത് എന്നറിയാനും, ആക്ടേഴ്സിന്റെ പെർഫോമൻസിലുമൊക്കെ ഞാൻ വളരെ താത്പര്യമുള്ള ഒരാളായിരുന്നു.

വലുതായപ്പോൾ എന്റെ പ്ലാൻ, കോളേജ് ഒക്കെ കഴിഞ്ഞ് ജോലിക്ക് കയറുന്നതിന് മുൻപ് എന്റെ ആഗ്രഹം പോലെ അഭിനയരംഗത്ത് ഒന്ന് ട്രൈ ചെയ്തു നോക്കാം എന്നായിരുന്നു. കാരണം ഞാൻ ജീവിതത്തിൽ ഭയങ്കര പ്ലാനിങ് ഉള്ള ആളാണ്. എനിക്ക് പെട്ടെന്ന് കാര്യങ്ങളൊക്കെ മാറ്റേണ്ടി വന്നാൽ പ്രശ്നമാണ്. പക്ഷെ സിനിമ അതിനൊക്കെ മുൻപേ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചു,’ മമിത ബൈജു പറഞ്ഞു.

മമിത ബൈജു. Photo. X.com

Content Highlight: Mamitha Baiju talks about her name and  plan to enter cinema