കുട്ടിക്കാലം മുതല്‍ എന്റെ ക്രഷാണ്... അന്ന് ഒരുമിച്ച് അഭിനയിക്കാനുള്ള ചാന്‍സ് മിസ്സായെങ്കിലും ഇന്ന് ആഗ്രഹം സാധിച്ചു: മമിത ബൈജു
Indian Cinema
കുട്ടിക്കാലം മുതല്‍ എന്റെ ക്രഷാണ്... അന്ന് ഒരുമിച്ച് അഭിനയിക്കാനുള്ള ചാന്‍സ് മിസ്സായെങ്കിലും ഇന്ന് ആഗ്രഹം സാധിച്ചു: മമിത ബൈജു
അമര്‍നാഥ് എം.
Monday, 3rd August 2026, 8:12 am

പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ തലവര മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മമിതയെത്തേടി വമ്പന്‍ പ്രൊജക്ടുകളാണ് വന്നത്. വിജയ്, സൂര്യ, ധനുഷ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സക്രീന്‍ പങ്കിടാന്‍ മമിതക്ക് സാധിച്ചു. ഡ്യൂഡിലൂടെ തമിഴില്‍ പ്രത്യേക ഫാന്‍ബേസും താരം സ്വന്തമാക്കി.

മമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യ നായകനായെത്തുന്ന ചിത്രത്തില്‍ മമിതയാണ് നായിക. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് കോയമ്പത്തൂരില്‍ വെച്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചില്‍ മമിത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

മമിത ബൈജു Photo: Screen grab/ Adithya Music

ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാനുള്ള അവസരം തനിക്ക് നല്‍കിയതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മമിത തന്റെ പ്രസംഗം ആരംഭിച്ചത്. മാഡി എന്ന കഥാപാത്രം തനിക്ക് ചെയ്യാനാകുമെന്ന് വിശ്വസിച്ച സംവിധായകന്‍ വെങ്കി അട്‌ലൂരിക്ക് പ്രത്യേക നന്ദിയും താരം പറഞ്ഞു. കുട്ടിക്കാലം മുതലുള്ള തന്റെ ക്രഷിനെക്കുറിച്ചും മമിത സംസാരിച്ചു.

‘എന്താണ് പറയേണ്ടതെന്നറിയില്ല. ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. കുട്ടിക്കാലം മുതലുള്ള എന്റെ ക്രഷാണ് സൂര്യ സാര്‍. ഗജിനി കണ്ടപ്പോള്‍ ആരംഭിച്ചതാണ് അദ്ദേഹത്തോടുള്ള ആരാധന. വണങ്കാനില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അന്ന് ആ സിനിമ നടക്കാതെ പോയി.

സൂര്യ Photo: Screen grab/ Adithya Music

ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. താങ്കളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. താങ്കളുടെ അച്ചടക്കം, ഒരു സീനിനെ സമീപിക്കുന്ന രീതി, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള പെരുമാറ്റം. എല്ലാം നല്ലൊരു ഇന്‍സ്പിരേഷനാണ്,’ മമിത ബൈജു പറയുന്നു.

ലക്കി ഭാസ്‌കര്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണ്. സഞ്ജയ് വിശ്വനാഥ് എന്ന ബിസിനസ്മാനായി സൂര്യ വേഷമിടുമ്പോള്‍ മാഡി എന്ന കഥാപാത്രമായാണ് മമിത എത്തുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Mamitha Baiju about acting with Suriya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം