കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമായിരിക്കും അവശേഷിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്ന സുവേന്തു അധികാരിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു ഷായുടെ പ്രതികരണം.

‘എന്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഇത്രയധികം ആള്‍ക്കാര്‍ പുറത്തുപോകുന്നത്? മമത ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവും തന്നെയാണ് ഇതിന് കാരണം. മമത ദീദി, ഇതൊരു തുടക്കം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെക്കും നിങ്ങള്‍ മാത്രമാകും പാര്‍ട്ടിയില്‍ അവശേഷിക്കുക, ഷാ പറഞ്ഞു.

ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നാണ് സുവേന്ദു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാനായി സുവേന്തു വസതിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുക്കുന്നത്. സുവേന്തു അധികാരികയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ഇന്ന് ബി.ജെ.പി അംഗത്വമെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സുവേന്തു അധികാരി കഴിഞ്ഞ ദിവസം അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ചീഞ്ഞളിഞ്ഞുകഴിഞ്ഞെന്നും അതിനുള്ളിലുള്ളവരുടെ മനസ്ഥിതി ശരിയല്ലെന്നുമാണ് കത്തില്‍ സുവേന്തു അധികാരി പറഞ്ഞിരിക്കുന്നത്.

‘പശ്ചിമ ബംഗാളും ടി.എം.സിയും ആരുടേയും സ്വന്തമല്ല. ഒരാളുടെ സംഭാവനകൊണ്ട് ഒരു ദിവസം ഉണ്ടായിവന്ന പാര്‍ട്ടിയുമല്ല അത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടത്’, എന്നാണ് സുവേന്തു അധികാരി കത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം സുവേന്തു അധികാരിയുടെ നിയമസഭയില്‍ നിന്നുള്ള രാജി ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നിരസിച്ചിരുന്നു. നടപടിക്രമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് രാജി നിരാകരിച്ചത്.

രാജി സ്വമനസ്സാലെയുളളതാണെന്ന് ബോധ്യപ്പെടുന്നത് വരെ ഇന്ത്യന്‍ ഭരണഘടനയുടെയും പശ്ചിമബംഗാള്‍ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തില്‍ രാജി സ്വീകരിക്കാന്‍ തനിക്കാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സുവേന്തു അധികാരി രാജിക്കത്ത് നേരിട്ട് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അധികാരിയുടെ നിലപാട് അറിയുന്നതിന് വേണ്ടി തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും കൈമാറിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ അവസരങ്ങള്‍ക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.

വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര തിവാരി അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Amit Sha Slams Mamamtha Banerjee