ഇറ്റാലിയന്‍ ഫുട്‌ബോളില്‍ മാറ്റുരക്കാന്‍ ഒരു മലയാളിപ്പടയെത്തുന്നു. ഇറ്റലിയില്‍ താമസിക്കുന്ന ഒരു കൂട്ടം മലയാളി യുവാക്കളാണ് അഡ്‌ലേഴ്‌സ് ലോംബാഡ് എന്ന ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അഡ്‌ലേഴ്‌സ് ലോംബാഡ് രൂപീകൃതമാകുന്നത്. 20 പേരുള്ള ടീമിലെ 15 പേരും മലയാളികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറ്റലിയിലെത്തിയവരെ ഒരുമിപ്പിച്ചത് ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.

ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളുമായിരുന്നു ഇവരെ ഇറ്റലിയിലെത്തിച്ചതെങ്കില്‍, ഇപ്പോള്‍ ഇവരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും കപ്പുകളുമാണ്. ‘ലാംബാഡിലെ പരുന്തുകള്‍’ എന്ന പേര് പോലെ തന്നെ ഉയരങ്ങള്‍ കീഴടക്കാനാണ് ഇവരും കാത്തിരിക്കുന്നത്.