ഇന്‍സ്റ്റഗ്രാമിനെ തീപിടിപ്പിച്ച് ലോകകപ്പ് ക്യാപ്റ്റന്മാരുടെ സെല്‍ഫി; ഓടിയെത്തി കമന്റിട്ട് രണ്‍വീര്‍ സിങും
Sports
ഇന്‍സ്റ്റഗ്രാമിനെ തീപിടിപ്പിച്ച് ലോകകപ്പ് ക്യാപ്റ്റന്മാരുടെ സെല്‍ഫി; ഓടിയെത്തി കമന്റിട്ട് രണ്‍വീര്‍ സിങും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st October 2022, 9:39 am

ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത രണ്ട് മുന്‍ ക്യാപ്റ്റന്മാര്‍ ഒന്നിച്ചെടുത്ത ഒരു ഫോട്ടോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. എം.എസ്. ധോണിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് കപില്‍ ദേവ് പങ്കുവെച്ചത്.

ഇപ്രാവശ്യം ക്രിക്കറ്റ് ഗ്രൗണ്ടിലല്ല, ഗോള്‍ഫ് കളിക്കാനാണ് ഇവര്‍ ഒത്തുകൂടിയത്. കപില്‍ ദേവ്-ഗ്രാന്റ് തോണ്‍ടണ്‍ ഇവന്റില്‍ ഗോള്‍ഫ് കളിക്കാന്‍ എത്തിയതായിരുന്നു ധോണി.

‘ക്രിക്കറ്റേഴ്‌സ് ഗോള്‍ഫേഴ്‌സായപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് ധോണിക്കൊപ്പമുള്ള ചിത്രം കപില്‍ ദേവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇതിന് തൊട്ടുപിന്നാലെ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ് പോസ്റ്റിന് കമന്റുമായി എത്തി. WAH എന്ന ഒരൊറ്റ വാക്കും ഹാര്‍ട്ട് ഇമോജിയും മാത്രമായിരുന്നു താരത്തിന്റെ കമന്റെങ്കിലും, ഒറിജിനല്‍ കപില്‍ ദേവിന്റെ പോസ്റ്റിന് സ്‌ക്രീനിലെ ‘കപില്‍ ദേവി’ന്റെ കമന്റ് ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്.

1983 എന്ന അടുത്ത കാലത്തിറങ്ങിയ ചിത്രത്തിലാണ് കപില്‍ ദേവായി രണ്‍വീര്‍ സിങ് വേഷമിട്ടത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ച വെച്ചത്.

കപില്‍ ദേവിന്റെ ധോണിക്കൊപ്പമുള്ള ചിത്രത്തിന് പിന്നാലെ കമന്റുകളില്‍ ലോകകപ്പ് ഓര്‍മ്മകള്‍ അയവിറക്കുകയാണ് ആരാധകര്‍.

ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുക്കുന്നത് കപില്‍ ദേവിന്റെ ചെകുത്താന്മാരാണ്. 1983ല്‍, ഒരു പ്രതീക്ഷയുമില്ലാത്ത ടീമായി തുടങ്ങി അന്നത്തെ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ മുട്ടുകുത്തിച്ച് കപ്പുയുര്‍ത്തിയ കാഴ്ച ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയെയും ഇന്നും രോമാഞ്ചം കൊള്ളിക്കുന്നതാണ്.

View this post on Instagram

A post shared by Kapil Dev (@therealkapildev)

പിന്നീട് വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും, പ്രഗത്ഭരായ ഒരുപറ്റം കളിക്കാരെത്തിയെങ്കിലും, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും സംഘവും നിരവധി തവണ ശ്രമിച്ചെങ്കിലും ആ കപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്കായില്ല. 2011ല്‍ ധോണിക്ക് പിന്നില്‍ അണിനിരന്ന ഇന്ത്യന്‍ ടീമാണ് അവസാനം ആ സ്വപ്‌നം നിറവേറ്റിയത്.

 

ധോണി ഹെലികോപ്ടര്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിച്ച്, ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് വിജയമുറപ്പിച്ച ആ ഫൈനല്‍ നല്‍കിയ ആവേശം ഇന്നും ആരും മറന്നുകാണില്ല. അന്ന് സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ ടീം ഗ്രൗണ്ട് മുഴുവന്‍ കറങ്ങിയതും ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഓര്‍മകളാണ്.

ഏകദിനമല്ലെങ്കിലും, ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 പുരുഷ ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യയിപ്പോള്‍. അതുകൊണ്ട് തന്നെ ലോകകപ്പിന്റെ ഓര്‍മ്മകളുമായെത്തുന്ന ഓരോ ഫോട്ടോയും, ചെറിയ മെന്‍ഷനുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

Content Highlight: Kapil Dev shares selfie with MS Dhoni, Ranveer Singh comments